25 August Sunday

ബത്തേരിയിൽ കെട്ടിടം നിർമിക്കണമെങ്കിൽ മരം നടണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
ബത്തേരി 
കെട്ടിടം നിർമിക്കുമ്പോൾ  പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ബത്തേരി നഗരസഭയുടെ മാതൃകാ പ്രവർത്തനം. കെട്ടിട നിർമാണത്തിന‌് അനുമതി നൽകണമെങ്കിൽ  ഓരോ കെട്ടിടങ്ങളുടെയും സമീപം രണ്ട‌് വീതം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കണമെന്ന‌് നഗരസഭ ഭരണസമിതി തീരുമാനിച്ചു.  പരിസ്ഥിതിയെ സംരക്ഷിക്കുക, എല്ലാ വീടുകളിലും ആവശ്യമായ ഫലവർഗങ്ങൾ വിളയിക്കുക എന്ന ലക്ഷ്യത്തോടെയാണ‌് നഗരസഭയുടെ തീരുമാനം. നഗരസഭയിൽ ഒരു വർഷം ഏകദേശം ആയിരത്തി ഇരുനൂറിലധികം കെട്ടിട നിർമാണ അപേക്ഷകളാണ് ലഭിക്കുന്നത‌്. കെട്ടിട നിർമാണത്തിന്റെ അനുമതിക്ക് വേണ്ടി  നൽകുന്ന പ്ലാനിൽ  ഫലവൃക്ഷം നടുന്ന സ്ഥലം രേഖപ്പെടുത്തണം.  കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് മുമ്പ് ഫലവൃക്ഷത്തൈ നടണം.  പദ്ധതി നടപ്പിലാക്കുന്നതോടെ ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ വേരുപിടിച്ചു തുടങ്ങും. പരിസ്ഥിതി സംരക്ഷണത്തിന്  നഗരസഭ നടത്തുന്ന  പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്ന‌് ചെയർമാൻ ടി എൽ സാബു അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top