08 July Wednesday

വയനാടിന്റെ പുത്രൻ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
 
കൽപ്പറ്റ
രാഷ്‌ട്രീയം,  സാഹിത്യം,  പരിസ്ഥിതി... പ്രഭാഷണ വിഷയങ്ങൾ എന്തായാലും വയനാട്‌ പരാമർശിക്കാതെ വീരേന്ദ്രകുമാറിന്‌ വാക്കുകളില്ലായിരുന്നു. ലോകത്തെവിടെ ചെന്നാലും ആദ്യം പറയുക നാടിനെകുറിച്ച്‌. ജന്മനാടിനെ അത്രയധികം സ്‌നേഹിച്ച മഹാപ്രതിഭ. വയനാട്‌ രാജ്യത്തിന്‌ നൽകിയ വീരേതിഹാസം പുളിയാർമലയിൽ എരിഞ്ഞടങ്ങിയപ്പോൾ  നഷ്ടത്തിന്‌ സമാനതകളില്ലാതായി. ജില്ലയിൽനിന്നും വീരേന്ദ്രകുമാറിനെപോലെ വളർന്ന മറ്റൊരുവ്യക്തിത്വമില്ല. ഹൈമവതഭൂവിലൂടെ സഞ്ചരിക്കുമ്പോഴും  അദ്ദേഹം നാടിനെ ഓർത്തു.
വയനാടിന്‌ വീരേന്ദ്രകുമാറിനെ നഷ്ടമായതോ, അതോ വീരേന്ദ്രകുമാറിന്‌ വയനാട്‌ നഷ്ടമായതോ... എതാണ്‌ വലുതെന്ന്‌ പറയാനാവില്ല. വിടപറയുമ്പോഴും നാടിന്റെ പച്ചപ്പിലേക്ക്‌ എത്താൻ ഉള്ളം തുടിച്ചിട്ടുണ്ടാകും. ജില്ലയുടെ രാഷ്‌ട്രീയ–-സാംസ്‌കാരിക–-സാമൂഹിക–-കാർഷിക ചരിത്രത്തിലെ ആദ്യപേര്‌ വീരേന്ദ്രകുമാറിന്റേതാവും. ഹിമാലയത്തോളം വളർന്നപ്പോഴും  നാട്ടുകാർക്ക്‌ എപ്പോഴും സമീപിക്കാവുന്ന സാധരണക്കാരനായിരുന്നു. ഹൃദയങ്ങളിലേക്ക്‌ അമ്പ്‌ തൊടുക്കുന്ന  പ്രഭാഷണങ്ങൾ എത്രയോ തവണ ഈ ജനത കേട്ടിരിക്കുന്നു. തങ്ങളുടെ സ്വകാര്യ അഹങ്കാരമായി ഈ കുലപതിയെ  കൊണ്ടുനടന്നു. നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ മിഴിവേകിയ രാഷ്‌ട്രീയക്കാരനെ, സാംസ്‌കാരിക പ്രവർത്തകനെ, എഴുത്തുകാരനെ ഇനിയും നാട്‌ നെഞ്ചേറ്റും. പുരസ്‌കാരങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും വേരുകൾ മറന്നില്ല. വയനാട്ടിൽ ലഭിക്കുന്ന സ്വീകരണത്തേക്കാൾ സന്തോഷമായി മറ്റൊന്നുമില്ലെന്ന്‌ പലവേദികളും പറഞ്ഞിട്ടുണ്ട്‌. പുരസ്‌കാരങ്ങൾ വാങ്ങി ആദ്യമെത്തിയിരുന്നതും സ്വന്തം മണ്ണിലാണ്‌. 
രാഷ്‌ട്രീയത്തിൽ സജീവമായശേഷം ആദ്യം മത്സരിച്ചും ജയിച്ചതും ജില്ലയിൽനിന്നാണ്‌. 1987ൽ കൽപ്പറ്റ മണ്ഡലത്തിൽനിന്നും എൽഡിഎഫ്‌ സ്ഥനാർഥിയായി വിജയിച്ച്‌ നിയമസഭയിലെത്തി വനം മന്ത്രിയായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചും ചരിത്രം കുറിച്ചു. ജില്ലയുടെ പശ്ചാത്തലവികസനത്തിനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും നൽകിയ സംഭാവനകൾ വലുതാണ്‌. ദേശീയനേതാവും കേന്ദ്രമന്ത്രിയുമായി ഉയർന്നപ്പോഴും എഴുത്തിന്റെ ഉന്നതിയിൽ ഉപവിഷ്ടനായപ്പോഴും വയനാട്ടിലെ പൊതുപ്രവർത്തകരേയും സാംസ്‌കാരിക പ്രവർത്തകരേയും ചേർത്തുനിർത്തി. പരിപാടികൾക്ക്‌ എപ്പോൾ വിളിച്ചാലും ഓടിയെത്തി. കോഴിക്കോട്‌ താമസിക്കുമ്പോഴും മനസ്‌ വയനാട്ടിലായിരുന്നു.  എഴുത്തിന്‌ എപ്പോഴും പ്രചോദനമായതും ഈ മലനാടായിരുന്നു.
പ്രധാന വാർത്തകൾ
 Top