04 July Saturday

മായില്ല വീരേതിഹാസം

വി ജെ വര്‍​ഗീസ്Updated: Saturday May 30, 2020

എം പി വീരേന്ദ്രകുമാറിന്റെ മൃതദേഹത്തിനരികെ ഭാര്യ ഉഷ

 

 
കൽപ്പറ്റ
കേരളത്തിന്റെ സാംസ്കാരിക-–-രാഷ്ട്രീയമുഖം എം പി വീരേന്ദ്രകുമാറിന്റെ അന്ത്യയാത്രക്ക് മഹാമാരിക്കും മങ്ങലേൽപ്പിക്കാനായില്ല. നാടിന്റെ സാംസ്കാരിക നായകന് ജന്മനാട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സംസ്ഥാനത്തിന്റെ പരിഛേദമെത്തി.  പൂർണ സംസ്ഥാന ബഹുമതികളോടെ  വയനാടിന്റെ ഹൈമവതഭൂവിൽ ആ പ്രതിഭ എരിഞ്ഞടങ്ങി. 
ലോകത്ത് എവിടെ പോയാലും തിരികെയെത്താൻ കൊതിച്ചിരുന്ന കൽപ്പറ്റ പുളിയാർമലയിലെ വീട്ടുവളപ്പിൽ അവസാന ഉറക്കം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ നാട് അന്ത്യയാത്രയേകി. നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കിൽ ഇവിടേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തുമായിരുന്നു. ആ ധിഷ്‌ണാശാലിയെ അവസാനമായി കണ്ടവരേക്കാൾ കണ്ണീരൊഴുക്കിയത് കാണാൻ കഴിയാതെ പോയ ലക്ഷങ്ങളാണ്. ഞെട്ടലോടെ മരണവിവരംകേട്ട നാടിന് ഭൗതികദേഹം  ചിതയിൽ എരിയുമ്പോഴും നടുക്കം വിട്ടുമാറായിരുന്നില്ല. 
വെള്ളിയാഴ്ച  കോഴിക്കോട് നിന്നും മൃതദേഹം പ്രത്യേക വാഹനത്തിൽ ചുരം കയറ്റുമ്പോൾ എങ്ങും ദു:ഖം തളംകെട്ടി നിന്നു. മന്ത്രി കെ കൃഷ്‌ണൻകുട്ടി അനുഗമിച്ചു. പകൽ ഒന്നോടെ മൃതദേഹം കൽപ്പറ്റ പുളിയാർമലയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ജില്ലാ ഭരണസംവിധാനം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാസ്‌ക്‌ ധരിച്ച്‌ സാമൂഹിക അകലം പാലിച്ച്‌ ഓരോരുത്തരെയായി കടത്തിവിട്ടു. വിശ്വത്തോളം വളർന്ന വയനാടിന്റെ നായകന്റെ ചേതനയറ്റ ശരീരം കണ്ട്‌ പലരും വിങ്ങിപൊട്ടി. പൊതുപ്രവർത്തകരും സാമൂഹിക–-സാംസ്‌കാരിക രംഗങ്ങളിലുള്ളവരും സുഹൃത്തുക്കളും ദു:ഖം കടിച്ചമർത്തി നിന്നു. പ്രിയ സഖിയും മക്കളും മൃതേദേഹത്തോട്‌ ചേർന്നിരുന്നു. 
മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കുവേണ്ടി റീത്ത്‌ സമർപ്പിച്ചു. വൈകിട്ട്‌ നാലരയോടെ സംസ്‌കാര ചടങ്ങുകൾ തുടങ്ങി. വീടിനകത്തുനിന്നും ഭൗതികദേഹം പുറത്തേക്ക്‌ എടുത്ത്‌ സംസ്ഥാന ബഹുമതി നൽകി  പൊലീസിന്റെ‌ ഗാർഡ്‌ ഓഫ്‌ ഓണർ. പീന്നീട്‌ മൃതദേഹം വീട്ടുവളപ്പിലെ ചിതയിലേക്ക്‌. ജൈനമതാചാരപ്രകാരം മകൻ എം വി ശ്രേയാംസ്‌കുമാർ  മുമ്പിൽ നടന്നു.  അടുത്ത ബന്ധുക്കൾക്കും കർമികൾക്കുമൊപ്പം മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, സി കെ ശശീന്ദ്രനും.  മൃതദേഹം ചിതിയിൽവച്ച്‌ വീണ്ടും പൊലീസിന്റെ  ഗാർഡ്‌ ഓഫ്‌ ഓണർ. ചടങ്ങുകൾക്ക്‌ ഒടുവിൽ ശ്രോംസ്‌കുമാർ ചിതക്ക്‌ തീകൊളുത്തി. വയനാട്‌ കണ്ട ഏക്കാലത്തേയും മഹാപ്രതിഭ മണ്ണിൽ ഏരിഞ്ഞിറങ്ങി. സൂര്യതേജസുപോലെ ജ്വലിച്ചുനിന്ന വീരേതിഹാസം അസ്‌തമിച്ചു.

 

പ്രധാന വാർത്തകൾ
 Top