02 July Thursday

പ്രതിരോധത്തിൽ മുഴുകി എംഎസ്‌എസ്‌ആറും

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കൽപ്പറ്റ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി   എം എസ്  സ്വാമിനാഥൻ ഗവേഷണ നിലയം. സാനിറ്റൈസർ യന്ത്രം, കൈകൾ ശുചിയാക്കാനുള്ള സാനിറ്റൈസർ, സോപ്പ്, സോപ്പ് ലായിനി, മാസ്‌ക്‌  എന്നിവയെല്ലാം ഗവേഷണ നിലയം നിർമിച്ചു നൽകുകയാണ്‌. സാമൂഹ്യ മാധ്യമങ്ങളടക്കം  ഉപയോഗിച്ചുള്ള വിവിധങ്ങളായ പ്രചാരണ പരിപാടികളാണ്‌  എംഎസ്‌എസ്‌ആർ നടത്തുന്നത്‌. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടർ ഡോ. വി ഷക്കീല പറഞ്ഞു.
   കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ യന്ത്രം ഗവേഷണ നിലയം രൂപപെടുത്തിയതാണ്‌. രോഗ പകർച്ച നിയന്ത്രിക്കാൻ ഈ ഉപകരണം സഹായകരമാകും. ഏറ്റവും എളുപ്പത്തിൽ സാനിറ്റൈസർ കയ്യിലെടുക്കാം എന്നതിന് പുറമെ വൈദ്യുതി ആവശ്യമില്ല എന്നതും ചിലവ്‌  കുറവും യന്ത്രത്തെ മികച്ചതാക്കുന്നു. ജില്ലയിലെ സ്കൂളുകളിലും, സിവിൽ സ്റ്റേഷനിലും, ആദിവാസി കോളനിയിലും യന്ത്രം സ്ഥാപിച്ചു.  
   ജില്ലാ അധികൃതരുമായി ചേർന്ന്‌  ഇതിനകം തന്നെ സാനിറ്റൈസറും മുഖാവരണങ്ങളും നിർമിചു നൽകി. ഗവേഷണ നിലയത്തിൽ ഉണ്ടായിരുന്ന വസ്തുക്കളാണ്‌  സാനിറ്റൈസർ നിർമാണത്തിനായി വിനിയോഗിച്ചത്. മുഖാവരണ നിർമാണത്തിനായി പരിശീലനം നൽകിയ സ്ത്രീകളുടെ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി. ബോധവൽക്കരണത്തിന്റെ ഭാഗമായി സന്ദേശ ബോർഡുകൾ, വീഡിയോകൾ എന്നിവയിലൂടെ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഗവേഷണനിലയത്തിന്‌ കഴിയുന്നുണ്ട്‌. 
 
പ്രധാന വാർത്തകൾ
 Top