22 May Wednesday

കോൺഗ്രസിന്റെ ആവശ്യം രാഷ്ട്രീയ വിവരക്കേട‌്: ടി എൽ സാബു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019
ബത്തേരി
ബത്തേരി നഗരസഭാ ചെയർമാൻ എന്ന നിലയിൽ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം രാഷ്ട്രീയ വിവരക്കേടാണെന്ന് നഗരസഭാ ചെയർമാൻ ടി എൽ  സാബു പറഞ്ഞു. നഗരസഭാ ഭരണസമിതിയെ അട്ടിമറിക്കാൻ യുഡിഎഫ് പല അടവുകളും പയറ്റിയിട്ടും നടക്കാതെ വന്നപ്പോഴാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ പേരിൽ കേരളാ കോൺഗ്രസ്സിനെ 'കത്തിമുനയിൽ' നിർത്തി തന്നെ രാജിവെപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ താൻ ചെയർമാൻ സ്ഥാനം രാജി വെയ്ക്കാത്തത് പാർട്ടിയിൽ ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയോടെയാണ്. 2015 ലെ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ്  (എം) സ്ഥാനാർത്ഥിയായിട്ടാണ് താൻ മത്സരിച്ച് ജയിച്ചത്. അതിന് ശേഷം കേരളാ കോൺഗ്രസ്സ് (എം) ജില്ലാ  പ്രസിഡണ്ട‌് കെ ജെ ദേവസ്യയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐഎമ്മിനെ പിന്തുണക്കാൻ താൻ തയ്യാറായത്. ഇതിനെതിരെ യു ഡി എഫ് നേതാവ് എൻ എം വിജയൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കേസിന്റെ വിചാരണയിലും തന്റെ നിർദ്ദേശ പ്രകാരമാണ് സിപിഐഎമ്മിനെ പിന്തുണച്ചതെന്ന് ജില്ല പ്രസിഡണ്ട‌് തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ മൊഴി നൽകിയതുമാണ്. മാത്രവുമല്ല അഞ്ച് വർഷം ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് കേരളാ കോൺഗ്രസ്സും ഇടതുമുന്നണിയും തമ്മിൽ ധാരണയുമുണ്ട‌്. അതനുസരിച്ചാണ് ഇപ്പോഴും ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത്. താൻ ഇപ്പോഴും കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി അംഗവും, ബത്തേരി മണ്ഡലം പ്രസിഡണ്ടുമാണ്. ഈ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി നോട്ടീസോ, പത്രവാർത്തകളോ തനിയ്ക്ക് ലഭിച്ചിട്ടില്ല. ആയതിനാൽ  കേരളാ കോൺഗ്രസ്സിൽ തന്നെ താൻ ഉറച്ചു നിൽക്കുമെന്നും, കേരളാ കോൺഗ്രസ്സിന്റെ വയനാട് ജില്ല കമ്മിറ്റിയുടെ ജീർണ്ണതയ്ക്കെതിരെയും,  ചിലരുടെ 'ഏകാധിപത്യ' മേധാവിത്തത്തിനെതിരെയും പോരാടുമെന്നും ടി എൽ സാബു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top