പുൽപ്പള്ളി
പൂതാടി പഞ്ചായത്തിലെ ഇരുളം വില്ലേജിലെ മരിയനാട്, പാമ്പ്ര, ചേലക്കൊല്ലി, വളാഞ്ചേരി ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷം. ഒറ്റയ്‌ക്കും കൂട്ടായും ഇറങ്ങുന്ന ആനകൾ കൃഷിയിടങ്ങളിൽ താണ്ഡവമാടുന്നു. പലയിടങ്ങളിലും തെങ്ങ്, കമുക്, വാഴ എന്നിവ മറിച്ചിട്ടു. ഇടവിളകളായ കപ്പ, ഇഞ്ചി, ചേന തുടങ്ങിയവ ചവിട്ടിനശിപ്പിക്കുകയും ചെയ്യുന്നത് പതിവായി. പൊരുന്നക്കൽ ശശിധരൻ, പുറക്കാട്ട് ശശി, പോക്കാട്ട് വിനോദ് കുമാർ, പെരിങ്ങലത്ത് സുമതി തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
ചേലക്കൊല്ലി ഭാഗത്തുനിന്ന് വാകേരിയിലേക്ക് നിർമിച്ച പ്രതിരോധ കന്മതിൽ പലയിടത്തും തകർന്നതാണ് ആനകൾ നാട്ടിലിറങ്ങാൻ പ്രധാന കാരണം. അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങളുള്ള മരിയനാട് സമരഭൂമിയിലുള്ളവർ കടുത്ത ഭയത്തിലാണ്. ചുറ്റുമുള്ള വനംവകുപ്പ് ഉപേക്ഷിച്ച കാപ്പിത്തോട്ടത്തിൽനിന്ന് ഇരുളം വനമേഖലയിൽനിന്നും ആനകൾ നാട്ടിലിറങ്ങുകയാണ്. ഇതുവഴി പോകുന്നവർ ഏതുസമയവും ആനകളുടെ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് മരിയനാട് ഒരു കട സന്ധ്യയോടെ ആന തകർത്തിരുന്നു. പകൽ സമയത്തുപോലും ആനകൾ നാട്ടിലിറങ്ങുന്നതിനാൽ വീടിന് പുറത്തിറങ്ങാൻപോലും ആളുകൾ ഭയക്കുകയാണ്. കഴിഞ്ഞദിവസം മരിയനാട് വീട്ടുമുറ്റത്ത് കാട്ടാന എത്തി. വീട്ടിലെ സിസിടിവി ദൃശ്യത്തിൽ ആനയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കാടും നാടും വേർതിരിക്കാൻ കന്മതിലുകളോ റെയിൽ ഫെൻസിങ്ങോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൃഷിനാശം സംഭവിക്കുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..