25 May Monday

കണ്ണിമ ചിമ്മാതെ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൽപ്പറ്റ
കോവിഡ്‌–-19  വ്യാപനകാലത്ത്‌ ജില്ലയുടെ ആരോഗ്യം ദൃഡമാക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും നടപടികളുമായി പൊലിസ്‌ സുസജ്ജം.  കർശന നടപടി സ്വീകരിക്കുന്നതിനെതിരെ ഒറ്റപ്പെട്ട പരാതികൾ ഉയരുമ്പോഴും ഇവരെ പറഞ്ഞ്‌ മനസ്സിലാക്കി പരമാവധി ഒപ്പം നിർത്തുകയാണ്‌ പൊലിസ്‌. ജോലിക്കിടയിൽ ആഹാരം  പോലും കൃത്യമായി കഴിക്കാൻ കഴിയാറില്ല ഇവർക്ക്‌. 
ജില്ലാ അതിർത്തികൾ, സംസ്ഥാന അതിർത്തികൾ എന്നിവിയെല്ലാം പൊലിസിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്‌. ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ നിയമം ലംഘിക്കുന്നവരെ പിടികുടാനും തിരിച്ചയക്കാനും നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പൊലിസ്‌ സജീവമാണ്‌.  നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നത്‌ കണ്ടെത്തി പിടികൂടാൻ സൈബർസെല്ലും നിതാന്തജാഗ്രതയിലാണ്‌. 
      ജില്ലാ പൊലിസ്‌ ചീഫിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം പൊലിസാണ്‌ വിവിധ കേന്ദ്രങ്ങളിലായി ഡ്യുട്ടിയിലുള്ളത്‌. ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും പൊലിസിന്റെ സേവനമുണ്ട്. തമിഴ്‌നാടിന്റ  അതിർത്തി ചെക്ക് പോസ്റ്റുകളായ ചോലാടി, കോട്ടൂർ, താളൂർ, കക്കണ്ടി, ചീരാൽ, നൂൽപ്പുഴ എന്നീ ബോർഡറുകളിലും കർണാടക അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിലും സേവനം നടത്തുന്നു. ലക്കിടി, പക്രന്തളം, പേര്യ, ബോയ്‌സ് ടൗൺ എന്നിവിടങ്ങളിലും 24 മണിക്കൂറും ചെക്കിങ്ങുണ്ട്‌. അതിർത്തികളിൽനിന്നും ജില്ലയിലേക്കുള്ള  കാട്ടുപാതകൾ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്. 
   ലോക്ക്‌ഡൗൺ കാലത്ത്‌ നിയമം ലംഘിച്ചതിനെതിരെ ജില്ലയിൽ ഞായറാഴ്‌ച വരെ 437 പേരെ പ്രതിചേർത്ത് 356 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 279 പേരെ അറസ്റ്റ് ചെയ്യുകയും 145 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. 
 കോവിഡ് 19 നുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികൾ അറിയിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലിസ്‌  കൺട്രോൾ റൂം ജില്ലയിൽ ഒരുക്കിയിട്ടുണ്ട്‌. സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിന്‌ ഡിജിറ്റൽ സംവിധാനവുമുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top