30 May Saturday

രാത്രിയാത്ര നിരോധനവും തിരിച്ചടി മുത്തങ്ങ വഴിമാത്രമുള്ള ചരക്ക്‌ നീക്കം അപര്യാപ്‌തം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

മുത്തങ്ങ ചെക്‌പോസ്‌റ്റിൽ കലക്ടർ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

കൽപ്പറ്റ
രാത്രിയാത്രാ നിരോധനമുള്ള ദേശീയപാത 766ലൂടെ മാത്രമേ കോവിഡ്‌ കാലത്ത്‌ ചരക്ക്‌വാഹനങ്ങൾ അനുവദിക്കുകയുള്ളുവെന്ന കർണാടകയുടെ നിലപാട്‌ കേരളത്തിന്‌ കടുത്ത പ്രതിസന്ധിയാകും. മാനന്തവാടി–-കുടക്‌ പാതയും തലശേരി–-കുടക്‌ ദേശീയപാതയും  മണ്ണിട്ട്‌ ഉയർത്തി ഗതാഗതം തടഞ്ഞിരിക്കുകയാണ്‌. ബാവലി വഴിയും വാഹനങ്ങൾ കടത്തിവിടുന്നില്ല. രാഷ്‌ട്രീയ പകപോക്കൽപോലെയാണ്‌ കോവിഡ്‌ കാലത്തും കർണാടകയുടെ പ്രവർത്തനം. മുത്തങ്ങവഴിയുള്ള കോഴിക്കോട്‌–-കൊല്ലഗൽ ദേശീയപാത 766ലൂടെ ചുരുങ്ങിയ വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. ഈ പാതയിൽ 10 വർഷമായി രാത്രിയാത്ര നിരോധനമാണ്‌. രാത്രി ഒമ്പത്‌ മുതൽ രാവിലെ ആറുവരെ ഒരുവാഹനവും കടത്തിവിടില്ല.  തലശ്ശേരി–-കുടക്‌ ദേശീയപാതയിൽ മാക്കൂട്ടത്ത്‌ ഗതാഗതം തടഞ്ഞതിനെ തുടർന്ന്‌ ചരക്ക്‌ വാഹനങ്ങൾ ഇരുനൂറ്‌ കിലോമീറ്ററിലധികം കൂടുതൽ സഞ്ചരിച്ച്‌ മുത്തങ്ങ വഴി വരേണ്ട ഗതികേടിലാണ്‌.  രാത്രിയിൽ തങ്ങളുടെ സംസ്ഥാനത്ത്‌ കേരളത്തിന്റെ വാഹനങ്ങൾ തങ്ങാൻ അനുവദിക്കില്ലെന്നും കർണാടക വ്യക്തമാക്കിയിട്ടുണ്ട്‌. ഫലത്തിൽ കേരളത്തിലേക്കുള്ള ചരക്ക്‌നീക്കം വലിയ പ്രതിസന്ധിയിലാക്കുന്നതാണ്‌ കർണാടകത്തിന്റെ നടപടികൾ.  
ദിവസം 60 ചരക്ക്‌ വാഹനങ്ങൾ മാത്രമേ മുത്തങ്ങ വഴി അനുവദിച്ചിട്ടുള്ളു. ഇതിനും നിബന്ധനകളുണ്ട്‌. കാസർക്കോടുമായി അതിർത്തി പങ്കിടുന്ന രാജപുരം പാണത്തൂർ റോഡിലും മണ്ണിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തി.
പ്രധാന അന്തർ സംസ്ഥാന പാതകളാണ്‌ കർണാടക അടച്ചത്‌. കോവിഡിന്റെ സമൂഹവ്യാപനം തടയാൻ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്കാരെ നിയന്ത്രിച്ചത്‌ ഇരുസംസ്ഥാനങ്ങളും അംഗീകരിച്ചതാണ്‌. ചരക്ക്‌ ഗതാഗതം തടയില്ലെന്നാണ്‌ പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയത്‌. ഇതിന്‌ വിരുദ്ധമായാണ്‌ കർണാടക പ്രവർത്തിക്കുന്നത്‌.
കോഴിക്കോട്‌–-കൊല്ലഗൽ  ദേശീയപാത 766ലെ യാത്രാനിരോധന വിഷയത്തിലും ഇതേ നിഷേധാത്മക നിലപാടാണ്‌ കർണാടകയുടേത്‌. പകൽപോലും ദേശീയപാത അടച്ചിടാനുള്ള നീക്കമാണ്‌ ഇവരുടേത്‌. യാത്രാ നിരോധനത്തിൽ സുപ്രീം കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട ചർച്ചക്കായി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ നാലുതവണ കേരളം കർണാടക മുഖ്യമന്ത്രിക്ക്‌ കത്തയച്ചിട്ടും  പ്രതികരിച്ചിട്ടില്ല. ഇതേ സമീപനമാണ്‌ കോവിഡ്‌ കാലത്തും ചരക്ക്‌ ഗതാഗതം തടഞ്ഞ്‌ കർണാടക സ്വീകരിക്കുന്നത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top