02 December Friday
തെരുവുവിളക്കുകൾ പ്രവർത്തനരഹിതം

ഇരുട്ടിൽ തപ്പിത്തടഞ്ഞ്‌ കൊയിലേരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

തെരുവുവിളക്കുകൾ നന്നാക്കാത്ത നഗരസഭാധികൃതർക്കെതിരെ കൊയിലേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ 
പന്തംകൊളുത്തി പ്രതിഷേധിക്കുന്നു

കൊയിലേരി
നേരം ഇരുളാൻ തുടങ്ങിയാൽ കൊയിലേരിക്കാരുടെ വേഗം കൂടും. സന്ധ്യക്ക്‌ മുന്നേ വീട്ടിലെത്തിയില്ലെങ്കിൽ പിന്നെ നടത്തം അന്ധകാരത്തിലൂടെ വേണം. ടൗണിലെ കടകൾ അടച്ചാൽ പിന്നെ കൂരാക്കൂരിരുട്ടാണ്‌. തപ്പിത്തടഞ്ഞ്‌ പോകാൻ  ചില്ലറപാടൊന്നും പോര. 
തെരുവുവിളക്കുകളും ടൗണിലെ ലോ മാസ്‌റ്റ്‌ ലൈറ്റും കണ്ണടച്ചിട്ട്‌ വർഷങ്ങങ്ങളായി. നന്നാക്കണമെന്ന്‌ നാട്ടുകാർ നഗരസഭാധികൃതരോട്‌ പറയുമ്പോൾ കൈമലർത്തുകയാണ്‌. മാനന്തവാടി നഗരസഭയിലെ പതിനോഴാം വാർഡിലാണ്‌ ടൗണും പരിസരവും. ഇടവഴികളിലൊന്നിലും രാത്രിയിൽ വെളിച്ചമുണ്ടാകില്ല. വൈകി ജോലികഴിഞ്ഞെത്തുന്ന സ്‌ത്രീകളും വൈകിട്ടത്തെ ട്യൂഷൻ കഴിഞ്ഞുവരുന്ന വിദ്യാർഥികളും ഭയത്തോടെയാണ്‌ വീടുകളിലേക്ക്‌ പോകുന്നത്‌. ഇരുട്ടിൽ പതിയിരിക്കുന്ന തെരുവുനായകളെയും ഇഴജന്തുക്കളെയും പേടിക്കണം. ചിലപ്പോൾ സമൂഹ വിരുദ്ധരും ഉണ്ടാകും. 
മാനന്തവാടി–-കൈതക്കൽ റോഡ്‌ പ്രവൃത്തിയുടെ ഭാഗമായി  രണ്ടരവർഷംമുമ്പ്‌ ലോ മാസ്‌റ്റ്‌ ലൈറ്റ്‌ താഴെ ഇറക്കിയതാണ്‌.  റോഡിന്റെ അരിക്‌  കോൺക്രീറ്റ്‌ ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ലൈറ്റ്‌ പുനഃസ്ഥാപിക്കാൻ നഗരസഭ തയ്യാറായിട്ടില്ല. പോസ്‌റ്റുൾപ്പെടെയുള്ളവ കാടുകയറി നശിക്കുകയാണ്‌.  റോഡോരത്തെ ലൈറ്റുകളും വർഷങ്ങളായി കത്തുന്നില്ല.  തെരുവുവിളക്കുകൾ നന്നാക്കണമെന്ന്‌ പ്രദേശവാസികൾ നിരന്തരം ഡിവിഷൻ കൗൺസിലറോടും സഗരസഭാധികൃതരോടും ആവശ്യപ്പെടുന്നതാണെങ്കിലും തകരാറുകൾ പരിഹരിച്ച്‌ കത്തിക്കാൻ നടപടികളില്ല.   തെരുവുവിളക്കുകൾ നന്നാക്കാൻ നഗരസഭയിലാകെ ഒരാളാണുള്ളതെന്ന ന്യായീകരണമാണ്‌ അധികൃതർ പറയുന്നത്‌. ഡിവിഷനിൽ വികസനം മുരടിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. 
ലോ മാസ്‌റ്റ്‌ ലൈറ്റ്‌ പുനഃസ്ഥാപിക്കണമെന്നും തകരാറിലായ തെരുവ്‌ വിളക്കുകൾ നന്നാക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കൊയിലേരിയിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top