18 September Saturday
കോൺഗ്രസ്‌ നേതാക്കളുടെ കോഴ

വിജിലൻസിന്‌ സിപിഐ എം പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
 
ബത്തേരി
സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ ഉദ്യോഗാർഥികളിൽനിന്ന്‌  എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ നാല്‌ കോടിയോളം കോഴ കൈപ്പറ്റിയ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ സിപിഐ എം പൊലീസിന്റെ വിജിലൻസ്‌ വിഭാഗത്തിന്‌ പരാതിനൽകി.  ഡിസിസി ജനറൽ സെക്രട്ടറി ആർ പി ശിവദാസ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ അയച്ച കത്തിലാണ്‌ ബത്തേരി അർബൻ ബാങ്ക്‌ ഉൾപ്പെടെ ജില്ലയിൽ കോൺഗ്രസ്‌ ഭരണത്തിലുള്ളതും മുമ്പ്‌ ഭരിച്ചിരുന്നതുമായ സഹകരണ സ്ഥാപനങ്ങളിൽ നടന്ന അഴിമതിയും നിയമനക്കൊള്ളയും തെളിവുകളും സാക്ഷികളും സഹിതം  പരാതിയായി അറിയിച്ചത്‌. 
   ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എൽ പൗലോസും ഉൾപ്പെടെ ഉദ്യോഗാർഥികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും വാങ്ങിയ സംഖ്യകളുടെ കണക്കും അക്കമിട്ട്‌ രേഖപ്പെടുത്തിയ കത്ത്‌ മാധ്യമങ്ങളിലും വന്നു. അഴിമതി അന്വേഷണത്തിന്‌ കോൺഗസ്‌ നേതൃത്വം  കെ ഇ വിനയൻ, ഡി പി രാജശേഖരൻ, വിനോദ്‌ തോമസ്‌ എന്നിവർ അടങ്ങിയ കമീഷനെയും ചുമതലപ്പെടുത്തി.  ഇതിനിടെ  കെ ഇ വിനയൻ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ്‌ നേതാക്കളിൽ ചിലർ പലരിൽനിന്നായി നിയമനങ്ങളുടെ പേരിൽ വൻ തുക കോഴവാങ്ങിയതായി പറഞ്ഞു. 2021 ജനുവരിയിൽ കെപിസിസി അംഗം കെ കെ വിശ്വനാഥനും കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കോഴ ആരോപണം ഉന്നയിച്ചു. കോൺഗ്രസ്‌ നേതാക്കൾ തന്നെ പരസ്യമായി നിയമനത്തിനായി കോഴവാങ്ങിയത്‌ വെളിപ്പെടുത്തുകയും നേതാക്കളിൽ പലരും അത്‌ അംഗീകരിക്കുകയും ചെയ്‌തത്‌ അഴിമതിയും കൈക്കൂലി ഇടപാടും നടന്നതിന്റെ തെളിവുകളാണെന്ന്‌  മീനങ്ങാടി വിജിലൻസ്‌ ഡവൈഎസ്‌പിക്ക്‌ സിപിഐ എം നൽകിയ പരാതിയിൽ പറഞ്ഞു. ബത്തേരി ഏരിയാ സെക്രട്ടറി ബേബി വർഗീസാണ്‌ പരാതിക്കാരൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top