07 July Thursday
പ്രതിഷേധിച്ച്‌ നാട്ടുകാർ

കാട്ടാന ആക്രമണം തുടർക്കഥ; 
ഭീതിയിൽ ഓവേലി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
 
ഗൂഡല്ലൂർ
തുടരെയുള്ള കാട്ടാന ആക്രമണത്തിന്റെ ഞെട്ടലിലും ഭീതിയിലും ഓവേലി പഞ്ചായത്ത്‌ നിവാസികൾ. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ്‌ പഞ്ചായത്തിലെ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിന്‌ ഇരയായത്‌. ആക്രമണത്തിൽ അധികൃതർ പാലിക്കുന്ന നിസ്സംഗതക്കെതിരെ ഗ്രാമീണർ ശക്തമായ പ്രതിഷേധത്തിലാണ്‌. 
ഗൂഡല്ലൂർ താലൂക്കിൽപ്പെട്ട ഓവേലി പഞ്ചായത്തിലെ ആറാട്ടുപാറ,  ഭാരം എസ്റ്റേറ്റ് എന്നിവിടങ്ങളിലായുള്ള വ്യത്യ‌സ്‌ത സംഭവങ്ങളിലാണ്‌  യുവാവും യുവതിയും മരിച്ചത്‌. വ്യാഴം രാവിലെ ആറിന്‌  കട തുറക്കാൻ വരുമ്പോഴാണ് ആറാട്ടുപാറ ടൗണിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ ആനന്ദ് (46) കൊല്ലപ്പെട്ടത്‌.  കാട്ടാനയുടെ ആക്രമണം തടയാൻ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ സമരം തുടരുന്നതിനിടെയാണ്‌ വെള്ളി രാത്രി പത്തോടെ ഭാരം എസ്റ്റേറ്റിൽ മുംതാസി(40)നെ കാട്ടാന ചവിട്ടിക്കൊന്നത്‌. ഇതോടെ വെള്ളി  രാത്രി മുതൽ പ്രതിഷേധം ശക്തമായി. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പുലർച്ചെ രണ്ടുവരെ പ്രതിഷേധം തുടർന്നതിനുശേഷമാണ്‌ മൃതദേഹം ഗൂഡല്ലൂർ ആശുപത്രിയിലേക്ക് മാറ്റിയത്‌. ഇതിനിടയിൽ ആശുപത്രിയിൽ  ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവ് പ്രതിഷേധം ഇരട്ടിപ്പിച്ചു.  
ശനി രാവിലെ പത്തുമുതൽ  12 വരെ ഊട്ടി മൈസൂർ ദേശീയപാത മേലേ ഗൂഡല്ലൂരിൽ നാട്ടുകാർ റോഡ്‌ ഉപരോധിച്ചു. കാട്ടാനയെ ഉടനെ മുതുമലയിലേക്ക് കൊണ്ടുപോവുക. കടുവകളെയും പുലികളെയും പിടിച്ച് കൂട്ടിൽ അടയ്‌ക്കുക. ജീവനും സ്വത്തിനും സംരക്ഷണം നൽകുക. മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കേരള–കർണാടക ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളും കേരള –-കർണാടക പോകുന്ന ബസ്സുകളും രണ്ടുമണിക്കൂറോളം ദേശീയപാതയിൽ കുടുങ്ങി. 
കാട്ടാനകളെ പിടിക്കാൻ കൊണ്ടുവന്ന ശ്രീനിവാസൻ, വിജയ് എന്നീ കുങ്കി ആനകൾ ഓവേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയെ തേടുന്നുണ്ട്. മയക്കുവെടിവച്ച്‌ പിടിച്ച്‌ കൊലയാളി ആനയെ വേഗത്തിൽ കൊണ്ടുപോകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top