28 May Thursday

അതിർത്തികൾ കൊട്ടിയടച്ചു ചരക്ക്‌നീക്കം തടസ്സപ്പെടുന്നു

സ്വന്തം ലേഖികUpdated: Sunday Mar 29, 2020

മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം

കൽപ്പറ്റ
അവശ്യവസ്തുക്കളുമായി പോകുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തരുതെന്ന കേന്ദ്ര നിർദ്ദേശം ലംഘിച്ച് കർണാടക അതിർത്തികൾ കൊട്ടിയടച്ചത് കേരളത്തിന് തിരിച്ചടിയാകും. കണ്ണൂർ കാസർകോട്‌, അതിർത്തികൾ പൂർണമായും അടച്ചതോടെ മുത്തങ്ങ വഴി മുഴുവൻ വാഹനങ്ങളും കടത്തിവിടണമെന്നാണ് കർണാടകയുടെ നിലപാട്.  
വാഹനങ്ങളുടെ എണ്ണം  പരിമിതപ്പെടുത്തിയതും കർണാടകത്തിന്റെ നിസഹകരണവും മുത്തങ്ങ വഴിയുള്ള  ചരക്ക് നീക്കം തടസ്സപ്പെടുത്തുന്നുണ്ട്.  മാക്കൂട്ടം  ചെക്ക് പോസ്റ്റ് മണ്ണിട്ട് അടച്ചതിന് പിന്നാലെ മാനന്തവാടി മൈസൂർ റോഡിൽ കുട്ടയിലും പാത മണ്ണിട്ട് അടച്ചും കർണാടകം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. 
കർണാടകത്തിൽ നിന്നും സംസ്ഥാനത്തിലേക്ക് പച്ചക്കറികളും പല ചരക്കുകളും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്ന   അന്തർ സംസ്ഥാന പാതയാണിത്. കുട്ട പഴയ പൊലിസ് സ്റ്റേഷന് സമീപത്താണ് ഏഴടി  ഉയരത്തിൽ മണ്ണിട്ട് റോഡ് അടച്ചത്.
നിലവിൽ വയനാട്ടിലെ ആരോഗ്യ, പൊലിസ്, റവന്യു അധികാരികൾ നൽകുന്ന പാസ് ഉപയോഗിച്ചാണ് വാഹനങ്ങൾ ചെക്ക് പോസ്റ്റ് വഴി കർണാടകയിലേക്ക് കടത്തിവിടുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി വില്ലേജ് ഓഫിസിൽനിന്നാണ് പാസ് നൽകുന്നത്. മെഡിക്കൽ ഓഫിസർ, റവന്യു അധികൃതർ, പൊലിസ് എന്നിവർ പരിശോധിച്ച്‌ സമ്പർക്ക വിലക്കില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പാസ് നൽകുന്നത്. 
ഇവ മൂലഹള്ള ചെക്ക് പോസ്റ്റിലെത്തിയാൽ കർണാടകവും പരിശോധിക്കും. ശനിയാഴ്ച മെഡിക്കൽ  സംഘം എത്തിയില്ലെന്ന കാരണത്താൽ മണിക്കൂറുകൾ വൈകിയാണ് കേരളത്തിലെ വാഹനങ്ങൾക്ക് കടന്ന് പോകാനായത്.  മറ്റ് അന്തർ സംസ്ഥാന പാതകൾ അടച്ചതോടെ മുഴുവൻ ചരക്ക് വാഹനങ്ങളും ഇത് വഴി കടത്തി വിടുന്നത്   പ്രശ്നങ്ങൾ  വർധിപ്പിക്കും. രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ യാത്രാവിലക്കുള്ള പാതയാണിത്. നിലവിൽ 60 വാഹനങ്ങൾ മാത്രമാണ് ഇത് വഴി കടത്തി വിടുന്നത്. അത് തന്നെ കർണാടകം തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങൾക്ക് ഇത് വഴി കടന്ന് പോകാൻ പ്രയാസം നേരിടും.
കർണാടകത്തിൻ നിന്നാണ്പച്ചക്കറികളും പലവ്യഞ്ജനങ്ങളും  കേരളത്തിലേക്കെത്തിക്കുന്നത്. ചരക്ക് നീക്കം തടസപ്പെടുന്നതോടെ പച്ചക്കറികളുടെയും മറ്റും ലഭ്യത കുറയും. പച്ചക്കറി വില വർധനക്ക് കാരണമായേക്കും.

 

പ്രധാന വാർത്തകൾ
 Top