24 October Thursday

നരേന്ദ്രമോഡി കശ്‌മീർ ജനതയെ വഞ്ചിച്ചു: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019
ബത്തേരി
നരേന്ദ്രമോഡി സർക്കാർ കശ്‌മീർ ജനതയെ വഞ്ചിച്ചെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സി ഭാസ്കരന്റെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന നടപടികളാണ് നരേന്ദ്രമോഡി സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനാണ് അധികാരവും പണവും ഉപയോഗിക്കുന്നത്. ഭരണഘടനയുടെ 370 അനുഛേദം റദ്ദ് ചെയ്ത് ജമ്മുകശ്മീരിനെ വിഭജിച്ചത് നിയമനിർമാണ സഭകളെ പോലും മറികടന്നാണ്. 
രാഷ്ട്രപതിയെ റബർ സ്റ്റാമ്പാക്കിയാണ് മോഡിയും അമിത് ഷായും കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചത്. അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിഗതികളാണ് കശ്മീരിൽ. സിബിഐയെ രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള ആയുധമാക്കിയത് കോൺഗ്രസാണ്. ചിദംബരത്തിന്റെ അറസ്റ്റിലൂടെ ബിജെ പിയും തങ്ങളുടെ രാഷ്ട്രിയ എതിരാളികൾക്കെതിരെ സിബിഐയെ ഉപയോഗിക്കും എന്ന ഭീഷണിയുടെ സൂചനയാണ് നൽകിയത്.
 തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളെക്കാൾ സിപിഐ എം മുൻഗണന നൽകുന്നത് ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്‌.  വർഗീയ ശക്തികളെ അധികാരത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനത്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻഗണന നൽകിയത്. കോൺഗ്രസ് ദുർബലമായതിനാലാണ് ബിജെപി വീണ്ടും അധികാരത്തിൽ വന്നത്‌. മതേതര പാർടികളുടെ വോട്ടുകൾ കോൺഗ്രസിന്റെ തെറ്റായ നിലപാടുകളിൽ ഭിന്നിച്ചതാണ് ബിജെപിക്ക് സീറ്റുകൾ വർധിക്കാനിടയാക്കിയത്. വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത്‌ ബിജെപിക്ക്‌ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യമുണ്ടാക്കിയത്. കൂടുതൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർടിയുടെയും മുന്നണിയുടെയുംബഹുജന പിന്തുണ വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top