23 April Friday

‘കോൺഗ്രസ്‌ നേതാക്കൾ മാനസികമായി പീഡിപ്പിച്ചു; ജീവിതം തകർക്കാൻ ശ്രമിച്ചു’

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കൽപ്പറ്റ
കോൺഗ്രസ്‌ നേതാക്കൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ജീവിതം തകർക്കാൻ ശ്രമിക്കുകയും ചെയ്‌തതായി കോൺഗ്രസിൽനിന്നും രാജിവച്ച്‌  നടത്തിയ വാർത്താസമ്മേളനത്തിൽ പികെ  അനിൽകുമാർ പറഞ്ഞു. 
കാലങ്ങളായുള്ള കോൺഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ്‌ പാർടി വിട്ടത്‌. സ്ഥാനമാനങ്ങൾ മോഹിച്ചിട്ടല്ല വ്യക്തി ജീവിതംപോലും തകർക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു. മാനസീകമായി  പീഡിപ്പിച്ചു. തനിക്കെതിരെ ഊമ കത്തുകൾ അയക്കുകയാണ്‌. മുൻജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുവരെ കത്തയച്ചു.  വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌. ഒരുമുതിർന്ന നേതാവ്‌ ഉൾപ്പെടെ ഇതിന്റെ പിന്നിലുണ്ട്‌. ഡിസിസി ജനറൽ സെക്രട്ടറിയായിട്ടും പാർടിയിലെ കാര്യങ്ങൾ അറിയിക്കുന്നില്ല. അവഗണിക്കുകയാണ്‌. കഴിഞ്ഞ ദിവസം നടത്തിയ രാഹുൽഗാന്ധിയുടെ ട്രാക്ടർ റാലിയും അറിയിച്ചില്ല. തന്റെ നാടായ മേപ്പാടി പഞ്ചായത്തിലായിരുന്നു റാലിയുടെ തുടക്കം. എന്നിട്ടും ആലോചനാ മീറ്റിങ്ങിനുപോലും വിളിച്ചില്ല.  തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക്‌ യുഡിഎഫിന്റെ ഉറച്ച സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ല. വിജയസാധ്യത ഇല്ലാതിരുന്ന പൊഴുതനയാണ്‌ ചോദിച്ചത്‌.  അവഗണനയും വ്യക്തിഹത്യയുമെല്ലാം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടായിട്ടില്ല. ജില്ലാ കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ്‌ മാത്രമല്ല. ഗ്രൂപ്പിനുള്ളിൽ വ്യക്തിതാൽപ്പര്യമാണ്‌. പ്രവർത്തകർ അസംതൃപ്‌തരാണ്‌. കൂടുതൽപേർ കോൺഗ്രസ്‌ വിടും. ഐഎൻടിയുസി സംസ്ഥാന വെെസ പ്രസിഡന്റായിരുന്ന തന്റെ പിതാവ്‌ പി കെ ഗോപാലനേയും മരിക്കുംവരെ കോൺഗ്രസ്‌ നേതൃത്വം അവഗണിച്ചു. 60 വർഷം ഐഎൻടിയുസിക്ക്‌ വേണ്ടി പ്രവർത്തിച്ചിട്ടും ഒരിക്കൽപോലും ജനപ്രതിനിധിയാക്കിയില്ല. തോട്ടംമേഖലയിലുൾപ്പെടെ തൊഴിലാളികൾക്കിടയിൽ തുടർന്നും പ്രവർത്തിക്കും. ശ്രേയാംസ്‌കുമാറുമായുള്ള വ്യക്തിബന്ധം കണക്കിലെടുത്താണ്‌ എൽജെഡയിൽ ചേർന്നതെന്നും അനിൽകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top