20 April Tuesday

അനിൽകുമാറിന്റെ രാജി: ഞെട്ടിത്തരിച്ച്‌‌ കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Sunday Feb 28, 2021
കൽപ്പറ്റ 
തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ നിൽക്കെ ഡിസിസി ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ പാർടി വിട്ടതിൽ ഞെട്ടിത്തരിച്ച്‌ കോൺഗ്രസ്‌. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ അനിൽകുമാറിന്റെ രാജി കോൺഗ്രസിനും യുഡിഎഫിനും അപ്രതീക്ഷിത പ്രഹരമായി. എങ്ങിനേയും അനിലിനെ കൂടെ നിർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 
കോൺഗ്രസിൽ വരുംദിവസങ്ങളിലും വൻപൊട്ടിത്തെറിയുണ്ടാകും. അസംതൃപ്‌തരുടെ വലിയ നിരയാണുള്ളത്‌. തദ്ദേശതെരഞ്ഞെടുപ്പിന്‌ മുമ്പേ തുടങ്ങിയ കലഹമാണ്‌ അനിൽകുമാറിന്റെ രാജിയിലെത്തി നിൽക്കുന്നത്‌. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ വ്യക്തിതാൽപ്പര്യവുമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. നേതൃത്വത്തിനെതിരെ വലിയപടതന്നെ രംഗത്തുണ്ട്‌. നേതാക്കൾ പലവഴിക്കാണ്‌ സഞ്ചരിക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ ഒരുമാസം മാത്രം അവശേഷിക്കെ പ്രമുഖ നേതാവ്‌ പാർടി വിട്ടത്‌ യുഡിഎഫിന്‌ കനത്തതിരിച്ചടിയായി. 
ശനിയാഴ്‌ച രാവിലെ അനിൽകുമാർ രാജിപ്രഖ്യാപനം  നടത്തിയശേഷവും ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡന്റ്‌  ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അനിൽകുമാറുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. 
ചർച്ചയ്‌ക്ക്‌ ശേഷം അനിൽ നേരെ പ്രസ്‌ക്ലബിലെത്തി വാർത്താസമ്മേളനംനടത്തി രാജി തീരുമാനം വീണ്ടും പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ തന്നോടൊപ്പം വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. 
എൽജെഡിയും കേരള കോൺഗ്രസ്‌ എമ്മും മുന്നണി വിട്ടതോടെ ജില്ലയിൽ യുഡിഎഫ്‌ ക്ഷീണിച്ചതാണ്‌. ഇതിന്‌ പിന്നാലെയാണ്‌ തോട്ടംമേഖലയിൽ ഉൾപ്പെടെ സ്വാധീനമുള്ള തൊഴിലാളി നേതാവിന്റെ രാജി. ജില്ലയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവയിരുന്ന പി കെ ഗോപാലന്റെ മകനായ അനിൽകുമാർ, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന്‌ ട്രേഡ്‌ യൂണിയൻ രംഗത്തായിരുന്നു പ്രധാനമായും പ്രവർത്തിച്ചത്‌. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിവരെയായി. മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും മുൻകൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാണ്‌. കൽപ്പറ്റയിൽ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു. എൽജെഡിയിൽ ചേർന്ന അനിൽകുമാറിന്‌ പാർടി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ മെമ്പർഷിപ്പ്‌ നൽകി.
 
തന്നേക്കാൾ പാരമ്പര്യമുള്ള നേതാവ്‌: 
ഐ സി ബാലകൃഷ്‌ണൻ
കൽപ്പറ്റ
പി കെ അനിൽകുമാർ തന്നേക്കാൾ കോൺഗ്രസ്‌ പാരമ്പര്യമുള്ള നേതാവാണെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ എറഞ്ഞു. കോൺഗ്രസ്‌ വിടുന്നതായി ശനിയാഴ്‌ച രാവിലെ അനിൽകുമാർ പ്രഖ്യാപിച്ചശേഷം ഡിസിസി ഓഫീസിൽ ഐ സി ബാലകൃഷ്‌ണൻ അനിൽകുമാറുമായി ചർച്ച നടത്തി. ഇതിനുശേഷമായിരുന്നു പ്രതികരണം. 
‘അനിൽകുമാറുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്‌. അദ്ദേഹവും ചിലകാര്യങ്ങൾ അറിയിച്ചിട്ടുണ്ട്‌. ഇവിടെ പരിഹരിക്കാൻ കഴിയുന്നത്‌ ഇവിടെ പരിഹരിക്കും. സംസ്ഥാന നേതൃത്വത്തെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്‌.  അവരുടെ ഇടപെടൽ ഉണ്ടാകും.  പി കെ ഗോപാലന്റെ മകനായ അനിൽകുമാർ എന്നേക്കാൾ കോൺഗ്രസ്‌ പാരമ്പര്യമുള്ള നേതാവാണ്‌. കോൺഗ്രസ്‌ വിടില്ലെന്നാണ്‌ പ്രതീക്ഷ’യെന്നും ഐ സി ബാലകൃഷ്‌ണൻ പറഞ്ഞു.  എന്നാൽ ചർച്ചക്ക്‌ ശേഷം അനിൽകുമാർ നേരെപ്രസ്‌ക്ലബിലെത്തി കോൺഗ്രസിൽനിന്നുള്ള രാജി വീണ്ടും പ്രഖ്യാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top