മാനന്തവാടി
സംസ്ഥാന സ്കൂൾ ഗെയിംസിൽ അമ്പെയ്‌ത്തിൽ തിളക്കമാർന്ന നേട്ടവുമായി വയനാടൻ കുട്ടികൾ. അമ്പെയ്‌ത്തിലെ വയനാടൻ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് മാനന്തവാടി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്കൂൾ ഗെയിംസ് ആർച്ചറി മത്സരത്തിൽ ജില്ല ജേതാക്കളായത്.
രണ്ട് ദിവസമായി നടന്ന മത്സരത്തിൽ ആറ് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ 38 പോയിന്റ് നേടിയാണ് വയനാട് ചാമ്പ്യൻമാരായത്. ആദ്യദിനം റിക്കർവ്, കോമ്പൗണ്ട് മത്സരങ്ങളിൽ മുന്നിലായിരുന്ന പാലക്കാടിനെ രണ്ടാംദിനം ഇന്ത്യൻ റൗണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ ജില്ല മറികടക്കുകയായിരുന്നു. കണ്ണൂരിനാണ് മൂന്നാം സ്ഥാനം.
വിജയ എച്ച്‌എസ്‌എസ് പുൽപ്പള്ളിയാണ് ജില്ലയെ മുന്നിൽനിന്ന് നയിച്ചത്. ആറ് സ്വർണമുൾപ്പടെ പത്ത് മെഡലുകൾ വിജയ സ്‌കൂളിലെ കുട്ടികൾ നേടി. പി നവ്യ ലക്ഷ്‌മി, സി എ അഭിനവ്, അഹല്യ സുധൻ, എം ജെ ബിബിൻ, ആർച്ച രാജൻ, ഇ വി നന്ദു എന്നിവർ സ്വർണവും അനിറ്റ പി ജോസഫ്, അലൻ സ്‌റ്റീഫൻ, മീരാ കൃഷ്‌ണൻ, എം അനുനന്ദ് എന്നിവർ വെങ്കലവും നേടി. ഇവരെ കൂടാതെ ജിഎംആർഎസ് കൽപ്പറ്റയിലെ എൻ ആർ ഭൂമിക വെള്ളിയും ജിടിഎച്ച്‌എസ്‌എസ് എടത്തനയിലെ വൃന്ദ ബാലകൃഷ്‌ണൻ വെങ്കലവും നേടി.
മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, പിടിഎ പ്രസിഡന്റ് പി പി ബിനു , പ്രിൻസിപ്പൽ സലിം അൽത്താഫ്, പ്രധാനാധ്യാപിക സി രാധിക, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ, റവന്യൂ ജില്ലാ സെക്രട്ടറി ബിജുഷ് കെ ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..