11 August Thursday

പൊലീസിനെ അടിപതറിച്ച അരപ്പറ്റ ഭൂസമരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മേരി ജോർജും ഭർത്താവും അരപ്പറ്റ സമരഭൂമിയിലെ വീടിന്‌ മുന്നിൽj

കൽപ്പറ്റ
  "ഞങ്ങളെ വെടിവെച്ചിട്ടിട്ട്‌ വേണം ഇവരെ കൊണ്ടുപോകാൻ'  അരപ്പറ്റയിലെ സമരഭൂമിയിൽ കഴിയുന്ന തോട്ടം തൊഴിലാളിയായിരുന്ന  അറുപത്തഞ്ചുകാരി മേരിജോർജിന്റെ കാതുകളിൽ ഇപ്പോഴും ആ മുഴക്കം. സമരഭൂമിയിൽ കൊടി നാട്ടി കുടിൽകെട്ടി കഴിയുകയായിരുന്നവരെ ഒഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ ചെറുക്കാൻ മുൻനിരയിലുണ്ടായിരുന്ന സിപിഐ എം നേതാക്കളുടെ ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ പൊലീസ്‌ പതറി. 
   "2011 ലായിരുന്നു. ഞങ്ങളെ ഒഴിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്‌ കുറേ വണ്ടികളിൽ പൊലീസ്‌ എത്തിയത്‌. ‌പൊലീസ്‌ സമരനേതാക്കളെയും ഞങ്ങളടക്കമുള്ളവരെയും അറസ്‌റ്റ്‌ ചെയ്‌തെങ്കിലും ഒഴിപ്പിക്കലിൽനിന്ന്‌ പിൻമാറേണ്ടി വന്നു. 2015ൽ വീണ്ടും ഒഴിപ്പിക്കാൻ വന്നു. ശക്തമായി ചെറുത്തതോടെ വീണ്ടും പിൻമാറി. കേസൊക്കെയുണ്ട്‌, നമ്മൾക്ക്‌ കേറിക്കിടക്കാൻ വേറെ ഇടമില്ല. മരിക്കുന്നെങ്കിൽ ഇവിടെ കിടന്ന്‌ മരിക്കും. എന്നാൽ ഇപ്പോൾ ആശ്വാസമുണ്ട്‌. നമ്മളെ സർക്കാർ വന്നതിനുശേഷം വീട്ടുനികുതി സ്വീകരിച്ചു. റേഷൻകാർഡ്‌ കിട്ടി. മണിയാശാൻ വന്ന്‌ കറന്റും തന്നു'. മേരിയുടെയും ഭർത്താവ്‌ ജോർജിന്റെയും വാക്കുകളിൽ ആവേശം. 
   എച്ച്‌എംഎല്ലിന്റെ അധികഭൂമി മിച്ചഭൂമിയായി കണ്ട്‌ ഭൂരഹിതർക്ക്‌ വിതരണംചെയ്യണമെന്ന ആവശ്യവുമായി എകെഎസ്‌, കെഎസ്‌കെടിയു,  കർഷകസംഘം,  പികെഎസ്‌ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായാണ്‌ അരപ്പറ്റയിൽ തോട്ടം തൊഴിലാളികളും ആദിവാസികളും കുടിൽകെട്ടി താമസം തുടങ്ങിയത്‌.  ‌‌കൃഷിയും നടത്തി. 
 ഇതിനിടയിലാണ്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഒഴിപ്പിക്കാൻ  പൊലീസ്‌ എത്തിയതും സംഘർഷമുണ്ടായതും. ജില്ലയിലെ സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കളെല്ലാം സംഘടിച്ച്‌ എത്തുകയായിരുന്നു. പൊലീസ്‌ ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭൂമിയിൽ കഴിയുന്നവരെ തൊടാൻ അനുവദിക്കില്ലെന്ന നേതാക്കളുടെ നിശ്ചയദാർഢ്യത്തിന്‌ മുന്നിൽ പൊലീസിന്‌ കീഴടങ്ങേണ്ടി വന്നു. 
 സിവിലായും ക്രിമിനലായും 17 കേസുകളാണ്‌ ഭൂസമരവുമായി ബന്ധപ്പെട്ട്‌ ഇപ്പോഴും നിലവിലുള്ളത്‌. പി എ മുഹമ്മദ്‌, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, പി കൃഷ്‌ണപ്രസാദ്‌, വി പി ശങ്കരൻ നമ്പ്യാർ ഉൾപ്പടെയുള്ള ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയെല്ലാം കേസുണ്ട്‌. 
 
പ്രതീക്ഷയോടെ ഭൂമിയുടെ 
അവകാശികൾ
40 ‌ഏക്കറിലായി 140 പേരാണ്‌ അരപ്പറ്റയിലെ ഭൂമിയിൽ അവകാശം സ്ഥാപിച്ചത്‌. തോട്ടം മേഖലയിൽ ലയത്തിൽ കഴിഞ്ഞിരുന്നവരും  ആദിവാസികളുമെല്ലാം അടങ്ങിയ ഭൂരഹിതരാണ്‌ ഭൂമിയിൽ കുടിൽ കെട്ടിയത്‌. കെഎസ്‌കെടിയു, എകെഎസ്‌ ഉൾപ്പെടെയുള്ളവർ എല്ലാ സഹായവുമായും രംഗത്തുണ്ടായിരുന്നു. ഭൂപ്രശ്‌നം കേസിന്റെ നൂലാമാലകളിലാണെങ്കിലും എൽഡിഎഫ്‌ സർക്കാർ രണ്ടാം വട്ടവും അധികാരത്തിലേറിയതോടെ ഭൂമി ഒഴിയേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണിവർ. വൈദ്യുതിയും വെള്ളവുമെല്ലാം ലഭിച്ചതിന്റെ സന്തോഷത്തിൽ കൃഷിയെല്ലാം നടത്തി കഴിയുകയാണ്‌ ഇവർ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top