30 November Tuesday
- കീഴടങ്ങുന്നവരെ പരിഗണിക്കുക മൂന്ന്‌ വിഭാഗങ്ങളായി

മാവോയിസ്‌റ്റ്‌ പുനരധിവാസം; 
പാക്കേജുകൾ നിരവധി

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021
 
കൽപ്പറ്റ
  കീഴടങ്ങുന്ന മാവോയിസ്‌റ്റുകൾക്ക്‌ സർക്കാർ നൽകുന്നത്‌ ആകർഷകമായ പുനരധിവാസ പാക്കേജ്‌. പാർടിയിലെ പദവിയനുസരിച്ച്‌ മൂന്ന്‌ വിഭാഗങ്ങളായി തരംതിരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സ്ഥാനം കണക്കിലെടുത്ത്‌ 1, 2-എ,  -2-ബി എന്നിങ്ങനെയാണ്‌ പരിഗണന. സംസ്ഥാന–-റീജ്യണൽ കമ്മിറ്റിയംഗങ്ങൾ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, പൊളിറ്റ്ബ്യൂറോ അംഗങ്ങൾ തുടങ്ങിയവരെ കാറ്റഗറി ഒന്നിലാണ്‌ ഉൾപ്പെടുത്തിയത്‌. ഏരിയാ കമാൻഡർമാർ, സബ് സോണൽ കമാൻഡർമാർ, സോണൽ കമാൻഡർമാർ എന്നിവയെ കാറ്റഗറി 2-എ ആയി കണക്കാക്കും. ഹാർഡ്‌കോർ കേഡർമാർ, ദലം അംഗങ്ങൾ, പ്രവർത്തകർ എന്നിവരെ കാറ്റഗറി രണ്ടിലാണ്‌ ഉൾപ്പെടുത്തുക. കീഴടങ്ങിയയാൾ വെളിപ്പെടുത്തിയ വിശദാംശങ്ങൾ, ജില്ലാ നോഡൽ ഓഫീസർ ചുമതലയുള്ള ഡിവൈഎസ്‌പിക്കും  സ്ക്രീനിങ് കമ്മിറ്റിക്കും അയക്കും. പിന്നീട്‌  സുരക്ഷ  ഉറപ്പാക്കി ട്രാൻസിറ്റ് ക്യാമ്പിലേക്ക് മാറ്റും. വനിതാ മാവോയിസ്റ്റ് കീഴടങ്ങിയാൽ,  ജില്ലാ ഓഫീസർ റാങ്കിൽ കുറയാത്ത ഒരു വനിതാ ഓഫീസറാണ്‌ നടപടികളെടുക്കുക.
പുനരധിവാസം; 
അർഹതാ മാനദണ്ഡങ്ങൾ
യഥാർഥ പേരും ഐഡന്റിറ്റിയും സംഘടനയുടെ പേരും  വെളിപ്പെടുത്തണം.  ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉറവിടം ഉൾപ്പെടെ സംഘടനയുടെ മറ്റ് വിശദാംശങ്ങൾ വ്യക്തമാക്കണം. ഇവ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പൊലീസ് മേധാവി, ഇന്റലിജൻസ് വിഭാഗം  പ്രതിനിധി എന്നിവരടങ്ങുന്നതാണ്‌  ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റി. കീഴടങ്ങുന്നവരുടെ പ്രായം, വിദ്യാഭ്യാസ–-സാങ്കേതിക യോഗ്യത, ഏത് തരത്തിലുള്ള പുനരധിവാസം, പാക്കേജിന്റെ പ്രായോഗികത എന്നിവ പരിശോധിച്ചാണ്‌ പദ്ധതി നടപ്പാക്കുക. പുരോഗതി നിരീക്ഷിക്കാൻ പുനരധിവാസ സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരും.
ഇവർക്ക്‌ മുന്നിൽ 
കീഴടങ്ങാം
  ഡയറക്ടർ അല്ലെങ്കിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്), ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഓപ്പറേഷൻസ്), ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്), കമീഷണർ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്), റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്, റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്, ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പൊലീസ് സൂപ്രണ്ട്, പൊലീസ് ഡെപ്യൂട്ടി കമീഷണർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എസ്‌എച്ച്‌ഒ എന്നിവർക്ക്‌ മുന്നിൽ കീഴടങ്ങാം. സംസ്ഥാനത്തിന്‌  പുറത്തുള്ള സുരക്ഷാ സേനയ്ക്ക് മുന്നിലും കീഴടങ്ങാം. 
ഹാജരാക്കുന്ന 
ആയുധങ്ങൾക്ക്‌ 
നൽകുന്ന തുക
ലൈറ്റ്‌ മെഷീൻ ഗൺ, ജനറൽ മെഷീൻ ഗൺ, പിക (അമേരിക്കൻ നിർമിത റൈഫിൾ), സ്‌നൈപ്പർ റൈഫിൾ, റോക്കറ്റ്‌ തുടങ്ങിയവ–-35,000, എകെ 47, 56, 74 –-25,000, പിസ്‌റ്റൾ, റിവോൾവർ, എസ്‌എൽആർ, കാർബൈൻ, സ്‌റ്റെൻ ഗൺ, 303–-10,000,  റിമോട്ട്‌ കൺട്രോൾ–-1000, ഐഇഡി(റിമോട്ട്‌ കൺട്രോളിൽ പ്രവർത്തിക്കുന്ന കുഴിബോംബ്‌)–-1000, മൈൻ–-3000, സ്‌ഫോടക വസ്‌തുക്കൾ കിലോ–-1000, വയർലെസ്‌ സെറ്റ്‌ ലോങ്‌ റേഞ്ച്‌–-5000, ഷോർട്ട്‌ റേഞ്ച്‌–-1000, സാറ്റലൈറ്റ്‌ ഫോൺ–-10,000.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top