24 November Tuesday

ആരോഗ്യമേഖലക്ക്‌ ‌ കൂടുതൽ കരുത്ത്‌ ഇനി എല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

  

കൽപ്പറ്റ
എല്ലാ പിഎച്ച്‌സികളും കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്ക്‌ മാറുന്നത്‌ ജില്ലയുടെ ആരോഗ്യ മേഖലക്ക്‌ നവോന്മേഷം പകരും.   ആർദ്രം മിഷന്റെ മൂന്നാംഘട്ടമായാണ്‌ ശേഷിക്കുന്ന പിഎച്ച്‌സികൾ   കൂടി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നത്‌.
 സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായി ഏറെ പരാധീനകളുള്ള ആരോഗ്യമേഖലക്ക്‌ പുതുജീവൻ കൈവന്നിരുന്നു. മുഴുവൻ പിഎച്ച്‌സികളും കുടുംബാരോഗ്യകേന്ദ്രമാക്കുന്നതോടെ   സായാഹ്ന ഒ പി ഉൾപ്പെടെയുള്ള ചികിത്സാ   സൗകര്യങ്ങൾ രോഗികൾക്ക്‌ ലഭ്യമാകും. 25 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ്‌  ജില്ലയിൽ  ആകെ ഉണ്ടായിരുന്നത്‌. രണ്ട്‌ ഘട്ടങ്ങളായി  14 എണ്ണം പുതിയ കെട്ടിടങ്ങളടക്കം നിർമിച്ച്‌ നവീകരിച്ച്‌ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്‌.  രണ്ടാം ഘട്ടത്തിലെ അഞ്ച്‌ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ   കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്‌. ഇതിന്‌ പിന്നാലെയാണ്‌ മൂന്നാംഘട്ടമായി അവശേഷിക്കുന്ന ആറ്‌  പിഎച്ച്‌സികൾ കൂടി  കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്‌. ചുള്ളിയോട്‌, വരദൂർ, കാപ്പുകുന്ന്‌, വാളാട്‌, ‌മൂപ്പൈ നാട്, മുള്ളൻകൊല്ലി‌ പിഎച്ച്‌സികളാണ്‌ മൂന്നാംഘട്ടമായി നവീകരണം നടക്കുന്നത്‌. 
    ആർദ്രം പദ്ധതിയിൽ 20 ലക്ഷം രൂപയാണ്‌ ഒരോ പിഎച്ച്‌സിക്കും കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്‌ അനുവദിച്ചത്‌. എന്നാൽ കെട്ടിടങ്ങൾ അടക്കം പുതുതായി നിർമിക്കേണ്ടവക്ക്‌ എൻഎച്ച്‌എം, എംഎൽഎ ഫണ്ട്‌ ഉൾപ്പടെയുള്ള പ്രദേശികഫണ്ടുകൾ എന്നിവയും ഉപയോഗപ്പെടുത്തിയാണ്‌ വികസനപ്രവൃത്തികൾ പൂർത്തികരിക്കുന്നത്‌. 
    ആദ്യഘട്ടത്തിൽ പൂതാടി, വെങ്ങപ്പള്ളി, നൂൽപ്പുഴ, അപ്പപ്പാറ പിഎച്ച്‌സികളാണ്‌ കുടംബാരോഗ്യകേന്ദ്രമായത്‌. രണ്ടാംഘട്ടത്തിൽ പൊഴുതന, മേപ്പാടി, അമ്പലവയൽ, വെള്ളമുണ്ട, എടവക, ചീരാൽ, തൊണ്ടർനാട്‌, ചെതലയം, പടിഞ്ഞാറത്തറ, കോട്ടത്തറ പിഎച്ച്‌സികളും കുടുംബാരോഗ്യകേന്ദ്രമായി. രണ്ടാം ഘട്ടത്തിലെ വാഴവറ്റ, ബേഗൂർ, പാക്കം, കുറക്കൻമൂല, സുഗന്ധഗിരി പിഎച്ച്‌സികളുടെ നവീകരണപ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്‌.  വാഴവറ്റ, വാളാട്‌എന്നിവക്ക്‌ രണ്ട്‌കോടി രൂപവീതവും  ബേഗൂറിന്‌ 60 ലക്ഷം രൂപയും ഇതിനകം ‌ അനുവദിച്ചിട്ടുണ്ട്‌. 
   മൂന്നാംഘട്ടമായി ചുള്ളിയോട്‌, വരദൂർ, കാപ്പുകുന്ന്‌, വാളാട്‌, ‌മൂപ്പെനാട്, മുള്ളൻകൊല്ലി‌ പിഎച്ച്‌സികളിൽ  കൂടി നവീകരണം നടക്കുന്നതോടെ ജില്ലയുടെ ആരോഗ്യരംഗം കോവിഡ്‌ മഹാമാരിക്കിടയിലും കരുത്തുറ്റതാകും.     
ആരോഗ്യരംഗത്തെ മറ്റ്‌ ‌ വികസന പ്രവർത്തനങ്ങളിലും ജില്ല മികച്ച മുന്നേറ്റമാണ്‌ കൈവരിച്ചത്‌. കുടുതൽ ഡോക്ടർമാരെ നിയമിച്ചും പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചും കൂടുതൽ ലാബ്‌ സൗകര്യമൊരുക്കിയും ജില്ല കോവിഡ്‌ കാലത്ത്‌ മുന്നേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top