16 October Saturday
മുണ്ടേരി സ്‌കൂളിൽ മാതൃകനിർമാണം

ജനകീയ കൂട്ടായ്‌മയിൽ സ്‌കൂൾ മതിൽ ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

മുണ്ടേരി ജിവിഎച്ച്എസ്എസിൽ ജനകീയ കൂട്ടായ്‌മയിൽ മതിൽ നിർമാണം പുരോഗമിക്കുന്നു

മുണ്ടേരി
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‌ ഊർജമായി മുണ്ടേരിയിൽ ജനകീയ കൂട്ടായ്‌മയിൽ സ്‌കൂൾ മതിൽ നിർമാണം. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർന്ന മുണ്ടേരി  ജിവിഎച്ച്എസ്എസിനാണ്‌ ‌ ‌  ജനകീയ കൈകോർക്കലിലൂടെ മതിലും കവാടവും ഒരുങ്ങുന്നത്‌. ഒൻപത്‌ ലക്ഷത്തോളം രൂപ ചെലവ്‌ വരുന്ന നിർമാണ പ്രവർത്തനങ്ങളാണ്‌ നാട്ടുകാരും  സ്‌കൂൾ അധികൃതരും ഏറ്റെടുത്ത്‌  ‌നടത്തുന്നത്‌.  വിദഗ്‌ധ പ്രവൃത്തികൾക്കടക്കമുള്ള മനുഷ്യാധ്വാനം,  സാധന സാമഗ്രികൾ, ട്രാൻസ്‌പോർട്ടേഷൻ, ഭക്ഷണം എന്നിവയെല്ലാം സംഭാവന ചെയ്‌ത്‌ നാടിന്റെ നന്മക്കായി സ്വയം സമർപ്പിച്ചിരിക്കയാണ്‌ ഈ കൂട്ടായ്‌മ. തൊഴിലാളികൾ, യുവജനങ്ങൾ, അധ്യാപകർ, ജീവനക്കാർ, മുൻ അധ്യാപകർ, പൂർവവിദ്യാർഥികൾ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ എന്നിവരെല്ലാം  ഒരു മനസ്സോടെയാണ്‌ മതിലും കവാടവും കെട്ടുന്നത്‌. 80 മീറ്റർ നീളത്തിലാണ്‌ കാവാടമുൾപ്പടെ ഉയരുന്നത്‌. 
    ഒരു വർഷം മുമ്പാണ്‌ ജനകീയ കൂട്ടായ്‌മ രൂപീകരിച്ചത്‌. ‌ ഒന്നാം ഘട്ടമായി  അടിത്തറ ഒരുക്കിയതിന്‌ ശേഷം കോവിഡ്‌ വ്യാപനത്തോടെ നീണ്ടുപോയ പ്രവൃത്തിയുടെ രണ്ടാം ഘട്ടം   കഴിഞ്ഞയാഴ്‌ചയാണ്‌ ആരംഭിച്ചത്‌. ഞായറാഴ്‌ച മാത്രം നൂറോളം പേരാണ്‌ നിർമാണപ്രവൃത്തിയിൽ പങ്കെടുത്തത്‌. നവംബറിൽ സ്‌കൂൾ തുറക്കുന്നതോടെ  പ്രവൃത്തി പൂർത്തികരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.  സ്‌കൂൾ പിടിഎ പ്രസിഡന്റും ജനകീയസമിതി കൺവീനറുമായ‌  എം ബി ബാബു,   വാർഡ്‌ കൗൺസിലറും സമിതി   ചെയർമാനുമായ എം കെ ഷിബു, സ്‌കൂൾ പ്രിൻസിപ്പൽ  പി ടി സജീവൻ, അധ്യാപകൻ സജി ആന്റോ, പൊതു പ്രവർത്തകരായ ഒ പി സൈനുദ്ദീൻ, സി കെ നാസർ, എൻ കെ അബ്ദുൾ സലാം എന്നിവരാണ്‌ പ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നത്‌.        സംസ്ഥാനസർക്കാർ അഞ്ച്‌ കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം പൂർത്തിയാക്കി സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്‌. 13 ക്ലാസ്‌ മുറികൾ,  ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം,  അഞ്ച്‌  ലബോറട്ടറികൾ, പാചകശാല, ഡൈനിങ് ഹാൾ, യോഗഹാൾ, കൗൺസലിങ്‌ റൂം, ടോയ്‌ലറ്റ്‌ ബ്ലോക്കുകൾ  എന്നിവ അടങ്ങിയതാണ്‌  പുതിയ   കെട്ടിടം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top