03 June Wednesday

കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടുകൊടുക്കില്ല: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
കൽപ്പറ്റ
പ്രളയാനന്തര കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ പഴുതടച്ച മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.  ജില്ലയിൽ ആരോഗ്യവകുപ്പ് കൈക്കൊണ്ട മുൻകരുതലുകൾ വിലയിരുത്താനായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൃശൂരിൽ നടന്ന ആരോഗ്യ വകുപ്പ് ഉന്നതതല യോഗ തീരുമാനപ്രകാരമുള്ള 30 ദിന മൈക്രോ പ്ലാൻ പ്രകാരമാണ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. നിപ്പ രോഗം തടഞ്ഞു നിർത്തിയ മാതൃക സർക്കാരിന് മുന്നിലുണ്ട്. ഇതു പോലെയുള്ള പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുക.  ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സർവസജ്ജമായ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും  തുറന്നിട്ടുണ്ട്. ഡോക്ടർമാർ പാരാമെഡിക്കൽ ജീവനക്കാർ മരുന്നുകൾ തുടങ്ങിയവയെല്ലാം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പരസ്പരാശ്രിത സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുക. പകർച്ചവ്യാധി ബാധിതർക്കായി എല്ലാ താലൂക്ക് ആസ്പത്രികളിലും ഐസൊലേറ്റഡ് വാർഡുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 ജപ്പാനിൽ പ്രളയാനന്തരമുണ്ടായ പകർച്ചവ്യാധിയിലാണ് മരണമുണ്ടായത്. എലിപ്പനിയും ടൈഫോയ്ഡും കോളറയുമൊക്കെ പടരാതിരിക്കാനുള്ള യുദ്ധസമാനമായ മുൻകരുതലുകൾ അനിവാര്യമാണ്. മാലിന്യങ്ങൾ നീക്കുന്നവരും സന്നദ്ധപ്രവർത്തകരും പ്രതിരോധ മരുന്നുകൾ കഴിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഒരു എലിപ്പനി മരണമുണ്ടായി. മാലിന്യങ്ങൾക്ക് പുറമെ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങളും പക്ഷികളും കൂമ്പാരമായിക്കിടക്കുന്ന സ്ഥലങ്ങളുണ്ട്. ഇവയുടെ ജഢങ്ങൾ സംസ്കരിക്കുന്നതിന്  മേൽനോട്ടം വഹിക്കാൻ  ഓരോ ജില്ലയിലും ഒരാൾക്ക് ചുമതല നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ കൊതുക് നശീകരണപ്രവർത്തങ്ങളിലും വ്യപൃതരാണ്. കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. ബ്ലീച്ചിങ് പൗഡർ പല സംസ്ഥാനങ്ങളിൽനിന്നും ശേഖരിച്ചുവരികയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നും  ഡോക്ടർമാരുടെ സംഘം വരുന്നുണ്ട്. രോഗികളുമായി ഇടപഴകാൻ ചിലപ്പോൾ ഭാഷ തടസമാകുന്നുണ്ടെങ്കിലും അവരുടെ സേവന സന്നദ്ധത സർക്കാർ നിരാകരിക്കില്ല.
ക്യാമ്പുകളിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും വിഷാദാവസ്ഥയും പരിഹരിക്കാൻ കലാപരിപാടികളിലൂടെ കൗൺസലിങ് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകളുടെ സുഗമമായ വീണ്ടെടുപ്പ് സാധ്യമാണെന്ന സന്ദേശവും ഇവർക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്.  സൈക്കോ സോഷ്യൽ വർക്കർമാരും കൗൺസിലിങ്ങിനായുണ്ട്. മാനന്തവാടി പള്ളിക്കൽ ഷറഫു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 1.5 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ചടങ്ങിൽ ഏറ്റുവാങ്ങി. എംഎൽഎമാരായ ഒ ആർ കേളു, സി കെ ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമ, ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ, സബ് കലക്ടർ എൻ എസ് കെ ഉമേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ്, ആയുർവേദ ഡിഎംഒ ഡോ. എൻ സുരേഷ് കുമാർ, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. വി ജിതേഷ്, ഡോ. ശ്രീദേവി ബോസ്, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജർ കെ എം ബാബു  തുടങ്ങിയവർ സംസാരിച്ചു. മന്ത്രി പിന്നീട് ഉരുൾപൊട്ടലുണ്ടായ പഞ്ചാരക്കൊല്ലി പ്രദേശം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന പിലാക്കാവ് സെന്റ് ജോസഫ്സ് സ്കൂൾ, കണിയാരം കുറ്റിമൂല പാരിഷ്ഹാൾ, മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐ എന്നിവിടങ്ങൾ സന്ദർശിച്ചു. ടിടിഐയിൽനിന്ന് ദുരിതബാധിതർക്കൊപ്പം ഓണസദ്യ കഴിച്ചാണ് മന്ത്രി മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top