19 September Sunday
പഞ്ചായത്ത്‌ അനാസ്ഥ

നോക്കുകുത്തികളായി ആശുപത്രി കെട്ടിടവും ഡയാലിസിസ് സെന്ററും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

ആയുർവേദ ആശുപത്രി കെട്ടിടം

 
വടുവൻചാൽ
മൂപ്പൈനാട്‌ പഞ്ചായത്ത്‌ യുഡിഎഫ്‌ ഭരണസമിതിയുടെ  വികസനവിരുദ്ധതയുടെ അടയാളങ്ങളായി ആയുർവേദ ആശുപത്രി  കെട്ടിടവും ഡയാലിസിസ് സെന്ററും. കെട്ടിട നിർമാണം കഴിഞ്ഞിട്ടും രണ്ടു സ്ഥാപനങ്ങളും ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തായി 2018 ൽ പൂർത്തിയായി ഉദ്‌ഘാടനം കഴിഞ്ഞതാണ്‌  ആയുർവേദ ആശുപത്രി കെട്ടിടം.  മൂന്നു വർഷമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. പടിവയൽ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഒരേക്കർ ഭൂമിയിലാണ്‌ കുടുംബാരോഗ്യകേന്ദ്രം, ആയുർവേദ ആശുപത്രി, ഡയാലിസിസ്‌ സെന്റർ എന്നിവയെല്ലാം നിർമിച്ചത്‌. 
      വടുവൻചാൽ ടൗണിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിടം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്‌.  വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഉയർന്നിട്ടും ആശുപത്രി മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത്‌ നടപടിയെടുക്കുന്നില്ല. 
കിണറില്ലെന്നും വൈദ്യുതി ലഭ്യമല്ലെന്നും പറഞ്ഞാണ്‌  ഭരണസമിതി വികസനം മുടക്കുന്നത്‌. എന്നാൽ വലിയ കിണർ ഇവിടെയുണ്ട്‌.  വൈദ്യുതിക്കുള്ള എല്ലാ നടപടികളും കെഎസ്‌ഇബി സ്വീകരിച്ചിട്ടുമുണ്ട്‌.  മൂന്നു വർഷം പിന്നിട്ടിട്ടും വൈദ്യുതി എത്തിക്കാത്തത്‌ പഞ്ചായത്തിന്റെ വീഴ്‌ചയാണെന്ന്‌ നാട്ടുകാർ പറഞ്ഞു. 
    98 ലക്ഷം രൂപ മുടക്കി ഇതേ സ്ഥലത്ത്‌  ഡയാലിസിസ്‌ സെന്ററും നിർമിച്ചിട്ടുണ്ട്‌. മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ വികസന ഫണ്ടിൽനിന്ന്‌ ഡയാലിസിസിനുള്ള ഉപകരണങ്ങളും റെഡിയാണ്‌. എന്നാൽ ഇതും പഞ്ചായത്തിന്റെ നിരുത്തരവാദ സമീപനത്താൽ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. 
കഴിഞ്ഞ ദിവസം മൂപ്പൈനാട്‌ കുടുംബാരോഗ്യ കേന്ദ്രം  ഉദ്‌ഘാടന ചടങ്ങടക്കം യുഡിഎഫ്‌ ബഹിഷ്‌കരിക്കുകയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.  മൂപ്പൈനാട്‌ പിഎച്ച്‌സി സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ്‌ കുടുംബാരോഗ്യ കേന്ദ്രമാക്കിയത്‌. 16,140 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ  ഇരുനില കെട്ടിടത്തിൽ ഒന്നരക്കോടി രൂപ ചെലവിലാണ്‌  കുടുംബാരോഗ്യ കേന്ദ്രം  ഉയർന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top