24 February Sunday

സാധാരണ ജീവിത പരിസരങ്ങളെ ആഴത്തിൽ വരച്ചിട്ട്‌ ‘ദൈവക്കളി’

സാദിർ തലപ്പുഴUpdated: Wednesday Jun 27, 2018

 

 
കഥ കേൾക്കുക, കഥപറയുക, ഏതെങ്കിലും തരത്തിൽ കഥാപാത്രങ്ങളാവുക, ഇതെന്ത് കഥ! എന്ന് ആശ്ചര്യപ്പെടുക, കഥ കഴിഞ്ഞല്ലോ എന്ന്‌ നിരാശപ്പെടുക, ആളൊരു കഥയില്ലാത്തോനാ എന്ന് നിസാരപെടുത്തുക, ഇങ്ങനെ കഥാബന്ധിതനായതിനാൽ കഥ വായിക്കാനാണ് ഏറെ ഇഷ്ടം. സമകാലിക മലയാള കഥയിലെ ശ്രദ്ധേയനായ  അജിജേഷ്‌ പച്ചാട്ടിന്റെ 'ദൈവക്കളി' പുതുകഥ ചെെന്നത്തി നിൽക്കുന്ന നവീന സൗന്ദര്യത്തെ അടയാളപെടുത്തുന്ന കഥാസമാഹാരമാണ്‌. 
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച  'ദൈവക്കളി' യിൽ പത്ത്‌ കഥകളാണ്‌ ഉള്ളത്‌. ഭാഷയുടെ സാധാരണത്വം കൊണ്ട്‌ വല്ലാത്ത ഇഷ്‌ടം തോന്നുന്ന ശൈലിയാണ്‌ അജിജേഷിന്റേത്‌. കൂട്ടുകാരൊത്ത്‌ പീടികക്കോലായിലിരുന്ന്‌ വർത്തമാനം പറയുന്ന ലാഘവത്തോടെയാണ്‌ കഥപറച്ചിൽ. കഥ തുടങ്ങുമ്പോഴുള്ള ഭൂമികയിലാവില്ല കഥതീരുമ്പോൾ നമ്മളെത്തി നിൽകുക. ദൈവക്കളി എന്ന കഥയിൽ കഥ വളർന്ന്‌ ഒരു ഘട്ടത്തിലെത്തുമ്പോഴാണ്‌ ദൈവം പ്രത്യക്ഷപ്പെടുന്നതും ആന്റപ്പനാൽ വിചാരണചെയ്യപ്പെടുന്നതും. യുക്തികൾക്ക്‌ അതീതമായി മാനുഷികനൻമകൾ േചർത്ത്‌ ആന്റപ്പൻ ദൈവത്തെ ചോദ്യം ചെയ്യുമ്പോൾ നിൽക്കകള്ളിയില്ലാതെ സാധാരണ സൃഷ്‌ടിക്കും കീഴെയായി സൃഷ്‌ടി സ്ഥിതിയുടെ കൺട്രോൾ  പോയ  നിസ്സാരനായി്േപ്പാകുന്നുണ്ട്‌ ദൈവം.  ആന്റപ്പന്റെ ജീവനെടുക്കാൻ നേരിട്ടെത്തുന്ന ദൈവത്തിന്‌ പാഞ്ഞടുക്കുന്ന ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ച്‌ കാര്യം സാധിക്കാനുവുന്നുണ്ടെങ്കിലും ആന്റപ്പന്റെ ചോദ്യങ്ങളുടെ തലക്കടിയിൽനിന്നുമുള്ള പൊന്നീച്ചപ്പറക്കലിൽനിന്നും മുക്തനാവാൻ കഴിയാതെ അത്രമേൽ ദു:ഖിതനായി, ദൈവത്തെ കൊലചെയ്‌തെന്ന വിശ്വാസത്താൽ (ആശ്വാസത്താൽ) നൃത്തംചെയ്യുന്ന ആൾക്കൂട്ടത്തോടൊപ്പം ചുവട്‌വെക്കാൻ നിർബന്ധിതനാവുന്നിടത്താണ്‌  കഥ അവസാനിക്കുന്നത്‌. 
അര മണിക്കൂർ ദൈർഘ്യമുള്ള ചോദ്യങ്ങൾ എന്ന കഥയിൽ അഞ്ച്‌ സദാചാരപ്പോലിസ്‌ ചോദ്യങ്ങളാണ്‌ ശ്രീരനും സീതളും നേരിടേണ്ടിവരുന്നത്‌. പുഴവക്കത്തിരുന്ന്‌ പ്രണയിക്കുമ്പോഴാണ്‌ അവരിലേക്ക്‌ ചോദ്യങ്ങളെത്തുന്നത്‌. ഭാര്യാഭർത്താക്കൻമാരെന്ന്‌ തെളിയിക്കാൻ ഒടുക്കം സീതളിന്റെ കാൽ വലിച്ചുകീറി വയറ്റിൽനിന്നും കുഞ്ഞിനെപുറത്തെടുത്ത്‌  തന്റെ കുഞ്ഞിതെന്ന്‌ ബോധ്യപ്പെടുത്തുകയാണയാൾ. കഥ പിന്നെയും വളരുന്നുണ്ട്‌. 
കൂവൽകിണറുകൾ, പൊൻമൂർച്ച, താക്കോലുള്ള കുട്ടി, കാസ്‌ട്രോത്സവശേഷം, 'മ' എന്ന കാർണിവലിലെ നായകനും നായികയും, പശുമതികൾ, റാഡ്‌ക്ലിപ്പിന്റെ കത്രിക, പേടിപ്പതിപ്പ്‌ തുടങ്ങിയ മറ്റു കഥകൾ കഥപറച്ചിലിന്റെ രീതികൊണ്ട്‌ ഇഷ്‌ടം തോന്നുന്നവയാണ്‌. ഓരോ കഥയിലേയും കഥാപാത്രങ്ങളെയും നമുക്ക്‌ അത്രമേൽ പരിചയമുള്ളവരെന്നോ, നമ്മൾ തന്നെയോ എന്ന്‌ തോന്നിപ്പോവുമെങ്കിലും നമ്മളിത്രനേരവും സഞ്ചരിച്ചത്‌ ഒരു ഫാന്റസിയിലൂടെയാണല്ലോ എന്ന തിരിച്ചറിവുണ്ടാവുക കഥ തീരുമ്പോഴായിരിക്കും. കഥ കാലത്തിനൊപ്പം നടക്കുകയാണെന്ന്‌ ഈ കഥകളത്രയും പറയുന്നുണ്ട്‌. പശുമതിയിലെ നായകൻ പെണ്ണ്‌ കിട്ടാഞ്ഞിട്ട്‌ പശുവിനെ വിവാഹം കഴിക്കുകയും ഒടുക്കം കോടതിയിലെത്തുേന്പാൾ താനാണ്‌ യഥാർഥ മിശ്രവിവാഹിതൻ എന്ന്‌ പറയുകയും ചെയ്യുമ്പോൾ ശരിയല്ലേ എന്ന്‌ വായനക്കാരന്‌ തോന്നിപ്പോകുന്നത്‌ ഫാന്റസിക്കതീതതമായ തിരിച്ചറിയലാണ്‌. 
ശരവേഗത്തിലോടുന്ന കാലത്ത്‌ നമ്മുടെ പരിസരങ്ങളിലെ ജീവിതത്തെ വരഞ്ഞ്‌ ചിലതൊക്കെ വിളിച്ചുപറയുകയാണ്‌ അജിജേഷ്‌  ചെയ്യുന്നത്‌. വളരെ നിസ്സാരമെന്ന്‌ തോന്നാവുന്ന ഇടങ്ങളിൽനിന്നാണ്‌ കഥയുണ്ടായിവരുന്നത്‌ എന്ന്‌ നമ്മളെ വിസ്‌മയിപ്പിച്ച്‌ ഒട്ടും മടുപ്പിക്കാതെ  ഒരുപാട്‌ ചോദ്യങ്ങളും കണ്ടെത്തലുകളുമായി പരിണമിക്കുകയാണ്‌, ഈ കഥകൾ. നല്ല കോയിക്കോട്ടെ രാമനാട്ടുകര ശൈലിയിൽ സാധാരണക്കാരന്റെ ഭാഷയാണ്‌ അജിജേഷിന്റെ മറ്റൊരു പ്രത്യേകത. ആ അർഥത്തിൽ ദൈവക്കളി നല്ല വായാനാ അനുഭവം പ്രദാനം ചെയ്യുന്ന പുസ്‌തകമാണ്‌. 
പ്രധാന വാർത്തകൾ
 Top