ബത്തേരി
താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങൾ. അഞ്ച് കോടി രൂപ വിനിയോഗിച്ച് അത്യാഹിതവിഭാഗവും ഓപ്പറേഷൻ തിയറ്ററും നവീകരിച്ചു. സെൻട്രലൈസ്‌ഡ് മെഡിക്കൽ ഗ്യാസ്, പബ്ലിക് അഡ്രസിങ് സിസ്‌റ്റം, എൽഎഎൻ സിസ്റ്റം, സിഎസ്‌എസ്‌ടി, സർജിക്കൽ, ഐസിയു വാർഡുകളുടെ നവീകരണം, ട്രയാജ് സംവിധാനത്തോടെ 14 കിടക്കകൾ, ഓപ്പറേഷൻ തിയറ്ററുകളുടെ വൈദ്യുതിവൽക്കരണം എന്നിവ അഞ്ച് കോടിയുടെ പദ്ധതിയിൽ ഉൾപ്പെടും. ഓർത്തോ, ജനറൽ സർജറി എന്നിവയ്‌ക്ക് പ്രത്യേകം തിയറ്ററുകളുണ്ട്.
എൻഎച്ച്‌എം ഫണ്ടിൽ ആറ് ലക്ഷം രൂപ വിനിയോഗിച്ച് പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റർ നിർമാണം പൂർത്തിയായി. 14.5 ലക്ഷം ചെലവിൽ അഞ്ച് കിടക്കകളുള്ള ക്യാൻസർ സെന്ററും പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ 51 ലക്ഷം ഫണ്ടിൽ കുട്ടികൾക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ് നവീകരിച്ചു. പൊതുമരാമത്തിന്റെ 1.10 കോടി വിനിയോഗിച്ച് റിങ് റോഡ് നിർമിച്ചു. ആരോഗ്യകേരളം ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നിർമാണം പൂർത്തിയായി.
4 ലക്ഷം രൂപ വിനിയോഗിച്ച് ഓക്‌സിജൻ ജനറേഷൻ പ്ലാന്റും നിർമിച്ചു. 298 കിടക്കകൾക്ക് ഇതിലൂടെ ഓക്‌സിജൻ ലഭിക്കും. സെൻട്രലൈസ്‌ഡ് ഓക്‌സിജൻ പൈപ്പ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്‌ഇബിയുടെ സൗരപദ്ധതിയിൽ ഉൾപ്പെടുത്തി 166 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചു. കെഎസ്‌ഇബിയുമായി 25 വർഷത്തെ കരാറിനും ധാരണയായി. ഇതുപ്രകാരം വരും വർഷങ്ങളിൽ വൈദ്യുതി നിരക്ക് കൂടിയാലും യൂണിറ്റിന് 4.5 രൂപ നിരക്ക് നൽകിയാൽ മതി. നിലവിൽ 12 രൂപവരെ നൽകുന്നുണ്ട്. 19,000 മുതൽ 21,000 യൂണിറ്റുവരെയാണ് ആശുപത്രിയിലെ ഉപയോഗം. സോളാർ പ്ലാന്റിന് 19,000 യൂണിറ്റ് ഉൽപ്പാദനശേഷിയുണ്ട്. പൊതുസ്ഥാപനത്തിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കുന്ന ജില്ലയിലെ എറ്റവും വലിയ സൗരോർജ പ്ലാന്റാണ് ആശുപത്രിയിലേത്. പദ്ധതികൾ ഞായർ പകൽ 11ന് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..