30 May Saturday

മികച്ച സൗകര്യത്തിൽ നിരീക്ഷണ ക്യാമ്പുകൾ

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020
ബത്തേരി
നിരീക്ഷണ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് മികച്ച നിലയിലുള്ള പരിചരണം ഒരുക്കി അധികൃതർ. കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്വന്തം നാടുകളിലെത്താൻ കിട്ടാവുന്ന വാഹനങ്ങളിൽ എത്തിയ 202 പേരാണ‌് ബത്തേരിയിലെ താൽക്കാലിക നിരീക്ഷണ ക്യാമ്പുകളായി മാറിയ ഹോട്ടലുകളിലും റിസോർടിലും കഴിയുന്നത‌്. ചൊവ്വാഴ‌്ച വൈകീട്ടും ബുധനാഴ‌്ച പകലുമായി എത്തിയ ഇവരെ രാജ്യവ്യാപക ലോക്ക‌്ഡൗൺ പ്രഖ്യാപിച്ചതോടെയാണ‌്  കർണാടക അതിർത്തിയിലെ മൂലഹള്ള ചെക്ക‌്പോസ‌്റ്റിലാണ‌് തടഞ്ഞത‌്. ബുധനാഴ‌്ച ജില്ല ഭരണകൂടം ഇടപെട്ടതിനാലാണ‌് വൈകീട്ടോടെ ഇവരെ മുത്തങ്ങയിൽ എത്തിച്ചത‌്. കൊറോണ സ‌്ക്രീനിങ‌് ചെക്ക‌്പോസ‌്റ്റിലെ പരിശോധനകൾക്ക‌് ശേഷം കെഎസ‌്ആർടിസി ബസുകളിലാണ‌് ഇവരെ നിരീക്ഷണ ക്യാമ്പുകളിൽ
പാർപ്പിച്ചത‌്. അഞ്ച‌് കുട്ടികൾ ഉൾപ്പെടെയാണ‌് രണ്ട‌് ദിവസമായി ക്യാമ്പുകളിൽ കഴിയുന്നത‌്. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ താമസിക്കാറുള്ള ഹോട്ടലുകളും റിസോർട്ടുമാണ‌് നിരീക്ഷണ ക്യാമ്പുകളാക്കിയത‌്. 2,000 മുതൽ 5000 വരെ ദിവസ വാടകയുള്ളതാണ‌് ഹോട്ടലുകളും റിസോർട്ടും. ആരോഗ്യ﹣- റവന്യൂ വകുപ്പുകളും നഗരസഭയും ചേർന്നാണ‌് ഇവർക്കുള്ള മറ്റ‌് സൗകര്യങ്ങൾ ഏർപ്പാടാക്കിയത്‌. കുടുംബശ്രീ പ്രവർത്തകരാണ‌് രണ്ട‌് ദിവസവും ഭക്ഷണം എത്തിച്ച‌് നൽകിയത‌്.  ക്യാമ്പിൽ കഴിയുന്നവരിൽ ചിലർ  കർണാടകയിൽ നിന്നും യാത്രക്കായി ഉപയോഗിച്ച കാറുകളും ബൈക്കുകളും പൊലീസ‌് കസ‌്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top