07 June Sunday
പുത്തുമല

ഡിഎൻഎ ഫലം കാത്ത്‌ കാണാതായവരുടെ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കൽപ്പറ്റ
പുത്തുമലയിൽനിന്നും ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഉരുൾപ്പൊട്ടലിൽ കാണാതയാവരുടേതാകാമെന്ന്‌ പൊലീസിന്റെ പ്രാഥമീക നിഗമനം. പ്രദേശത്തുനിന്നും മറ്റാരേയും കാണാതായതായി കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. നാച്ചിവീട്ടിൽ അവറാൻ, കന്നങ്കാടൻ അബൂബക്കർ, പൂത്തറത്തൊടി ഹംസ, എടക്കണ്ടൻ നബീസ, സെന്റിനൽറോക്ക്‌ എസ്‌റ്റേറ്റ്‌ തൊഴിലാളി അണ്ണയ്യൻ എന്നിവരെയാണ്‌ ദുരന്തത്തിൽ കാണാതായത്‌. ഇവരുടെ ബന്ധുക്കൾ ഡിഎൻഎ ഫലം കാക്കുകയാണ്‌. 
ഉരുൾപ്പൊട്ടുമ്പോൾ അവറാനും അബൂബക്കറും ഒരു കാറിൽ സഞ്ചരിക്കുകയായിരുന്നു. കാറിന്റെ അവശിഷ്ടംപോലും ലഭിച്ചില്ല. ഉരുളിൽ ഒലിച്ചുപോയ പുത്തുമലയിലെ ക്യാന്റീനിലായിരുന്നു നബീസ.  അണ്ണയൻ എസ്‌റ്റേറ്റ്‌ പാടിക്ക്‌ സമീപത്തായിരുന്നു. ദുരന്തഭീതിയെ തുടർന്ന്‌ നേരത്തേ വീടൊഴിഞ്ഞ ഹംസ  വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാനായി തിരികെ എത്തിയതായിരുന്നു. 
ദുരന്തത്തിനുശേഷം  ഊർജിത തെരച്ചിലാണ്‌ നടത്തിയത്‌. എൻഡിആർഎഫ്‌, അഗ്നിശമന സേന, വനം, പൊലീസ്‌ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന അഞ്ഞൂറോളംപേർ തെരച്ചിലിനുണ്ടായിരുന്നു. ദുരന്തസ്ഥലത്തും പുത്തുമലയുടെ താഴ്‌വാരത്ത്‌ 1500 അടി താഴ്‌ച്ചയിലും ദിവസങ്ങളോളം സാഹസികമായി തെരഞ്ഞു.  30 അംഗ സംഘം മലപ്പുറം നിലമ്പൂർ അതിർത്തിവരെ പുഴയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top