21 October Thursday
കെ ഫോൺ പദ്ധതി അന്തിമഘട്ടത്തിൽ

പടിവാതിൽക്കൽ അതിവേഗ സൗജന്യ ഇന്റർനെറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
 
കൽപ്പറ്റ
മികച്ച ഗുണനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ്‌   ലഭ്യമാക്കാൻ   സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി ജില്ലയിൽ രണ്ട്‌ മാസത്തിനകം കമീഷൻ ചെയ്യും.  ആദ്യഘട്ടത്തിൽ    സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി   237  സ്ഥാപനങ്ങളിലാണ്‌   ഇന്റർനെറ്റ്‌ കണക്‌ഷൻ  നൽകുന്നത്‌. ഇതിൽ 187 സ്ഥാപനങ്ങളിലും കണക്‌ഷൻ നൽകാനുള്ള പ്രവൃത്തി പൂർത്തിയായി.
  കെഎസ്‌ഇബി  പോസ്‌റ്റുകളിലൂടെ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത്‌. ആദ്യ ഫേസിൽ 410 കിലോമീറ്റർ ദുരത്തിലാണ്‌ കേബിളിടുന്നത്‌. ഇതിൽ 390 കിലോമീറ്റർ ദൂരത്തിലും  പ്രവൃത്തി പൂർത്തീകരിച്ചു.  
  മേപ്പാടി ചൂരൽമല   റോഡ്‌ പ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ  ഈ റൂട്ടിലെ    22 കിലോ മീറ്റർ ദുരത്തിൽ കേബിളിടുന്ന പ്രവൃത്തി തടസ്സപ്പെട്ടിരിക്കയാണ്‌. കൽപ്പറ്റ, മീനങ്ങാടി, കൂട്ടുമുണ്ട, കണിയാമ്പറ്റ, അമ്പലവയൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ്‌ തുടക്കത്തിൽ  കണക്‌ഷൻ നൽകുന്നത്‌. രണ്ടാം ഘട്ടത്തിൽ ബത്തേരി, പടിഞ്ഞാറത്തറ, പുൽപ്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളിലും ഇന്റർനെറ്റ്‌ ലഭ്യമാകും. സർക്കാർ സ്ഥാപനങ്ങളിലും  ദാരിദ്ര്യരേഖക്ക്‌  താഴെയുള്ളവർക്കും‌ സൗജന്യമാണ്‌.‌  മറ്റുള്ളവരിൽനിന്നും മിതമായ നിരക്ക്‌ ഈടാക്കും.  ഇന്റർനെറ്റ്‌  പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമെല്ലാം  ഗുണനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ പദ്ധതി നടപ്പാക്കുന്നത്‌.   കിഫ്‌ബിയിൽ 1548 കോടിയാണ്‌ സർക്കാർ ചെലവഴിക്കുന്നത്‌.  
 49 ശതമാനം വിഹിതം വീതം  കേരള സംസ്ഥാന ഐടി  ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിനും (കെഎസ്‌ഐടിഐഎൽ)  കെഎസ്‌ഇബിക്കുമാണ്‌. ബാക്കി 2 ശതമാനം സംസ്ഥാന സർക്കാരിന്റെതാണ്‌.  ഭാരത്‌ ഇലക്‌ട്രോണിക്‌സിന്റെ നേതൃത്വത്തിൽ റെയിൽടെൽ, എസ്‌ആർഐടി, എഎസ്‌ കേബിൾ തുടങ്ങിയ കമ്പനികൾ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top