16 November Saturday
കരാറുകാരന്റെ അനാസ്ഥ

പാൽവെളിച്ചം–-ഷാണമംഗലം റോഡിൽ ദുർഘടയാത്ര

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
 
മാനന്തവാടി
കരാറുകാരന്റെ അനാസ്ഥയിൽ തിരുനെല്ലി  പഞ്ചായത്തിലെ പാൽവെളിച്ചം–-ഷാണമംഗലം റോഡ് നിർമാണ പ്രവർത്തികൾ പാതിവഴിയിൽ നിലച്ചതോടെ പ്രദേശവാസികൾ ദുരിതത്തിൽ. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര കിലോമീറ്റർ റോഡ് ടാറിങ് നടത്തി നവീകരിക്കുന്നതിന്‌ അഞ്ച്‌ കോടി രൂപയാണ് അനുവദിച്ചിരുന്നത്‌.  
 പ്രവൃത്തികളുടെ ഭാഗമായി സാമാന്യം ഭേദപ്പെട്ട റോഡ് കുത്തിപൊളിച്ചു.  കൽവർട്ടുകൾ  നിർമിച്ചതല്ലാതെ മറ്റ്‌ പ്രവൃത്തികളൊന്നുമെടുത്തില്ല. റോഡ് കുത്തിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതായതൊടെ കെഎസ്ആർടിസി സർവീസ്‌ നിർത്തി.  യുപി സ്കൂൾ, അങ്കണവാടി, അൾട്ടേർനേറ്റീവ് സ്കൂൾ, വെറ്ററിനറി സബ്‌സെന്റർ,  ആദിവാസി കോളനികൾ എന്നിവയിലേക്കടക്കം നിരവധിപേർ ആശ്രയിക്കുന്ന റോഡാണിത്‌. കാൽനടയാത്ര പോലും ദുഷ്‌ക്കരമാണ്‌.   വേനൽ കാലത്ത് റോഡ്‌ നിറയെ പെടിയായിരുന്നു. മഴക്കാലത്ത്‌ ചെളിക്കളമായി.  റോഡിന്റെ ശോചീയാവസ്ഥ  കാരണം കാർഷിക മേഖലയായ ഇവിടെ നിന്നും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നില്ല. രോഗികളായവരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബുദ്ധിമുട്ടുകയാണ്‌.   പ്രളയത്തിൽ പ്രദേശത്തെ പുതിയൂർ, കക്കേരി എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇവിടങ്ങളിലെ കോളനികളിലും വീടുകളിലുമെല്ലാം  സന്നദ്ധസംഘടനകൾ ഏറെ ക്ലേശം സഹിച്ചാണ്‌ സഹായങ്ങൾ എത്തിച്ചത്‌. കാട്ടിക്കുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പുൽപ്പള്ളിയിലേക്കെത്താനുള്ള എളുപ്പമാർഗം കൂടിയാണിത്.  പ്രദേശവാസികളെയാകെ ദുരിതത്തിലാക്കിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും  ത്വരിതഗതിയിൽ പ്രവൃത്തി പൂർത്തികരിക്കണമെന്നും  ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top