24 March Sunday
ലോറി സമരം:

ജില്ല വിലക്കയറ്റ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 കൽപ്പറ്റ

ലോറി സമരം ഏഴാംനാളിലേക്ക് പ്രവേശിച്ചതോടെ ജില്ലയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് സാധ്യതയേറി. അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള എല്ലാ അവശ്യ വസ്തുക്കൾക്കും അന്യസംസ്ഥാനങ്ങളെയും ജില്ലകളെയും ആശ്രയിക്കേണ്ടി വരുന്ന ജില്ലയെ  സമരം നീളുന്നത് ഗുരുതരമായി ബാധിക്കും. സമരത്തിന്റെ മറവിൽ ചില വ്യാപാരികൾ കൊള്ള വില ഈടാക്കുന്നതായും ആരോപണമുണ്ട്. ലോറി സമരം ജനജീവിതത്തെ ബാധിച്ച് തുടങ്ങിയതിനാൽ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ജില്ലയിലേക്ക് അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും കൊണ്ട് വരുന്നത് കർണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ്്.  പച്ചക്കറികൾ കൂടുതലും ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള കർണാടക ഗ്രാമങ്ങളിൽനിന്നാണ് എത്തിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം കർണാടകയിലെ കൃഷി നശിച്ചതിനാൽ പച്ചക്കറി വില നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ഫോർമലിൻ വിവാദത്തെ തുടർന്ന് മത്സ്യ ഉപഭോഗം കുറഞ്ഞതും പച്ചക്കറിയുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പച്ചക്കറിക്ക് കൊള്ള വില ഈടാക്കുന്നതായി ആരോപണം ഉണ്ട്. നേരത്തെ 20 രൂപ വിലയുണ്ടായിരുന്ന സവാളക്ക് 28 രൂപ വരെ വില വർധിച്ചു. പച്ചമുളകിന് പോലും കിലോക്ക് 50‐55 രൂപ വരെ ഉയർന്നു. മുരിങ്ങ കായക്കും കാരറ്റിനുമെല്ലാം 60 രൂപ വരെയാണ് വ്യാപാരികൾ ഈടാക്കുന്നത്. തക്കാളിക്ക് 30 രൂപയും വെണ്ടക്കക്ക് 40 രൂപയും വിലയുണ്ട്.
സമരം ഇനിയും തുടർന്നാൽ അത് വിപണിയെ രൂക്ഷമായി ബാധിക്കുമെന്ന് കൽപ്പറ്റയിലെ മൊത്തവ്യാപാരിയായ ഗോൾഡൻ െഹൈപ്പർമാർക്കറ്റ് ഉടമ സലാം പറഞ്ഞു. നേരത്തെ സ്റ്റോക്ക് ചെയ്ത സാധനങ്ങൾ ഉള്ളതിനാലാണ് വില ഇപ്പോൾ അത്രയധികം വർധിക്കാത്തത്. കഴിഞ്ഞ ഒരു മാസമായി കനത്ത മഴ പെയ്തതതോടെ വിപണിയിൽ അതി ഗുരുതരമായ മാന്ദ്യം നേരിടുന്നുണ്ട്. ജിഎസ്ടിയും നോട്ട് നിരോധനവും തകർത്ത വ്യാപാരമേഖലക്ക് ലോറി സമരവും പേമാരിയും കനത്ത ആഘാതം ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർകാരിന്റെ നിഷേധാത്മക സമീപനമാണ് സമരത്തിന് കാരണമെന്ന് കേരള സ്റ്റേ് ലോറി ഓണേഴ്സ്  വെൽഫയർ അസോസിയേഷൻ ജില്ല സെക്രട്ടറി എൻ എം പ്രസാദ് പറഞ്ഞു. കേന്ദ്ര സർക്കാർ  ലോറിയുടെ ഇൻഷൂറൻസ് ഭീമമായി വർധിപ്പിച്ചു. 55,000‐60,000 രൂപയാണ് ഇൻഷൂറൻസ് തുക. കയറ്റ് കൂലി, മറിപയിസ, ടോൾ പിരിവ് എല്ലാം കഴിയുമ്പോഴേക്കും ഉടമകൾക്ക് വൻ നഷ്ടം സംഭവിക്കുന്നതായി അദ്ദേഹം പറയുന്നു. ഇടനിലക്കാരുടെ ഇടപെടലും ഈ മേഖലക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതായി പ്രസാദ് പറഞ്ഞു. സമരം ശക്തമായി തുടർന്നാൽ വിലക്കയറ്റം കുത്തനെ ഉയരുമെന്ന ആശങ്ക വ്യാപകമാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top