24 February Sunday

തിന്മകളോട് കലഹിച്ച്‌ കവിതയുടെ 'പൂ എന്ന പെൺകുട്ടി'

കൃഷ്ണ വേണിUpdated: Tuesday Jun 26, 2018

 

 
വരയും എഴുത്തും തമ്മിലുള്ള അഭേദ്യബന്ധം മലയാളം എന്നോ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് വി എസ് ഖാണ്ഡേക്കറുടെ 'യയാതിക്ക്' എ എസ് വരച്ച കറുപ്പും വെളുപ്പും നിറഞ്ഞ ചിത്രങ്ങളും രണ്ടാമൂഴത്തിന് ആർടിസ്റ്റ് നമ്പൂതിരി വരച്ച വരച്ചിത്രങ്ങളും നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു നിൽക്കുന്നത്. വായനാ ദിനത്തിൽ എനിക്ക് സമ്മാനമായി കിട്ടിയതാണ് കവിതാ ബാലകൃഷ്ണന്റെ 'പൂ എന്ന പെൺകുട്ടി' എന്ന കലിഗ്രഫിക്ക് നോവൽ. കലിഗ്രഫിയെന്നാൽ വാക്കുകളുടെ ആത്മ പ്രകാശനത്തിന് മഷിയും ബ്രഷും ഉപയോഗിക്കലാണെന്ന് 'അകാഗാവ' വിശദീകരിക്കുന്നു. പൂർവേഷ്യൻ രാജ്യങ്ങളിലാണ് 'കലിഗ്രഫി' എന്ന കലയ്ക്ക് ഏറെ പ്രചാരം. അറബിയിലും ഉറുദുവിലും നാമിത് കണ്ടതുമാണ്.  വളരെ ചെറിയൊരു കഥതന്നെയാണ് പൂ എന്ന പെൺകുട്ടി'. പക്ഷേ ഇതു മുന്നോട്ട് വയ്ക്കുന്നവയാകട്ടെ, വളരെ കാലിക പ്രാധാന്യമുള്ള വിഷയങ്ങളും. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ ഈ നോവൽ നിലവിലെ തിന്മകളോടുള്ള ചിത്രകാരിയായ എഴുത്തുകാരിയുടെ തിവ്രകലാപമാണ്. മലയാള ലിപിയെ ഉടലനുഭവം പോലെ തിടംവെപ്പിച്ചെടുത്ത ഈ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരുതന്നെ നോക്കുക മനോഹരവും വ്യവസ്ഥാപിതവും കാൽപ്പനികവുമായ അർഥം ചോർത്തിയെടുത്ത് തിവ്ര, മത പുരുഷാധിപത്യകാലത്ത് അശ്ലീല പ്രയോഗം തന്നെയായി ചുരുങ്ങിപ്പോയതാണ് ഈ വാക്ക്. ഈ സാഹചര്യത്തിലാണ്് 'പൂ' എന്ന വാക്കിന്റെ വര സമകാലിക തിന്മകളോടുള്ള വെല്ലുവിളിയാവുന്നത്. (ഏറെ ദൗർഭാഗ്യകരമെന്ന് പറയട്ടെ മലയാളത്തിൽ മാത്രമാണ് മനുഷ്യന്റെ പുനരുൽപ്പാദന അവയവങ്ങൾക്ക് തെറി മാത്രമായി ഉപയോഗിക്കുന്ന പേരുകൾ ഉള്ളത്, മറ്റ് ഇന്ത്യൻ, വിദേശഭാഷകളിൽ ഇതല്ല സ്ഥിതി). നായക കഥാപാത്രത്തിന്റെ പേര് 'ക' എന്ന് വരയ്ക്കുമ്പോഴും പുരുഷ മേൽക്കോയ്മയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടുകയാണ് കവിത.
കവിതാ ബാലകൃഷ്ണൻ കലഹിക്കുന്നത് തിന്മകളോടാണ്. വാക്കും വരയും ആണിവിടെ ആയുധങ്ങൾ. നീണ്ടും നിവർന്നും ചരിഞ്ഞും തലകുത്തിനിന്നും ഏന്തി വലിഞ്ഞ് കയറിയും ഇറങ്ങിയും ഞെരുങ്ങിയിരുന്നും അവ ചലനാത്മകമായി സഞ്ചരിക്കുമ്പോൾ പൂമോളുടെ കഥ വിടരുകയാണ്. പൂവച്ഛനോടും പൂവമ്മയോടും ഒപ്പം പൂവർഗം, പൂകുടുംബം കറങ്ങും 'പൂലോക'ത്തെ കുറിച്ചാണ് നോവൽ. പൂബസാറിനെ കവിത വരച്ചത് എത്ര മനോഹരമാണെന്ന് അനുഭവിച്ചറിയൂ. 
പൂമോളുടെ ആദ്യ കുപ്പായമിടൽ, അത് തടവറ തന്നെയെന്ന് ബ്രഷ് സ്ട്രോക്കുകൾ വ്യക്തമാക്കുന്നു. വെള്ളംകൊണ്ട് ഒലിച്ചൊലിച്ച്, ഒലിച്ചൊലിച്ച് പോയ അവളെ പൂമ്മ ഏറെ ബുദ്ധിമുട്ടിയാണ് പഴയപടിയാക്കുന്നത്. പുസ്തകങ്ങൾക്കും പൂമോൾക്കുമുള്ള ബന്ധങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. 'പൂ' ഗണിതം, രാഷ്ട്രവാദം, സന്മാർഗ മതഗ്രന്ഥങ്ങൾ എന്നിവയിൽ കയറിയിറങ്ങിയ പൂമോൾക്ക് പുതിയ കണ്ണും പുതിയ നിൽപ്പും കൈവരുന്നു. 'ക' എന്ന ആൺകുട്ടിയുടെ ഒറ്റ സംസാരത്തിൽ കടപുഴകിയ പൂമോൾ കാരണം പൂസമൂഹത്തിലുണ്ടായ കലാപങ്ങളാണ് പിന്നീട്.
പുലികൾ ഇളകിവരുന്നതും പുലിമതം ചീറിവരുന്നതും പൂനാട്ടിലെ കോടതി ഇടപെടുന്നതുമാണ് തുടർക്കാഴ്ച. വെള്ളംകൊണ്ടുള്ള അതേ കുപ്പായത്തിൽ പിടിച്ചുനിന്ന പൂമോൾക്ക് കോടതി വിട്ടിലേക്ക് വഴി ഉത്തരവാക്കുന്നു. വീട്ടിനകത്ത് നടന്നതെന്താണ് എന്നറിയില്ല. അവൾ ഉലാത്തുന്നത് കണ്ടവരുണ്ട്, കണ്ടവരുണ്ട് എന്ന് നീണ്ടുനീണ്ടു വരയ്ക്കുന്നു. അവസാനമായി പൂനാട്ടിലെ പൂപെണ്ണുങ്ങൾ ആഹ്ളാദ നൃത്തമാടാൻ തുടങ്ങുന്നു. ശുഭപര്യവസായിയായി കഥ തീരുന്നു. 
സ്മാർട്ട് ഫോണിലെ ഒരൊറ്റ ഇമോജിയിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കും പോലെ ഏറെ കാര്യങ്ങൾ വ്യക്തമാക്കുകയാണ് കവിതയുടെ വാക്കും വരയും. നാമിന്ന് ചർച്ച ചെയ്യുന്ന മതാതീതവും സാമ്പത്തികാതീതവുമായ പ്രണയബന്ധങ്ങൾ, കാലത്തിന്റെ കാഴ്ചയാവുന്ന പ്രഹസനങ്ങൾ എന്നിവയിലൂടെ കടന്ന് തക്കം പാർത്ത് ഇരതേടുന്ന പുലികളുടെ ചിത്രം കടന്ന് പ്രത്യാശയുടെ, വിജയത്തിന്റെ, ആഹ്ളാദോന്മാദത്തിന്റെ കരണമാണ് കവിത വരയ്ക്കുന്നത്.  ഇതിലേക്ക് വഴികൾ നിങ്ങളുടെ ഇഷ്ടംപോലെയെന്ന് ചിത്രകാരി. മതഗ്രസ്ഥത്തിന്റെ ഉള്ളിൽപ്പെട്ടുപോയ പുലിവാലാകുന്ന സമൂഹത്തിന്റെ ചിത്രം തന്നെയാണ് പുസ്തകത്തിന്റെ കവർ പേജും.
 പ്രണയംപോലും തിവ്രവാദ പ്രവർത്തനമാകുന്ന ഇക്കാലത്ത്.   വാക്കും വരയുംകൊണ്ടുള്ള കവിതയുടെ കലാപം ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തനമാകുന്നു. പൂ എന്ന വാക്കിനെ പുഷ്പം എന്ന അർഥത്തിലേക്ക് കൈപിടിച്ചാനയിക്കുകയാണ് കവിത. പൂമോൾ വെറുമൊരു പെൺകുഞ്ഞല്ല എന്ന് നാം തിരിച്ചറിയുന്നു. കവിതയുടെ വാക്കുംവരയും വെളിച്ചവും ഇരുട്ടും തീർത്ത് കത്തിമുനയുടെ മൂർച്ചയോടെ സമൂഹത്തിലെ തിന്മകളിലേക്ക് തുളച്ചുകയറുന്നു. 
പതിമൂന്നാം വയസ്സിൽ ചിത്രം വരയ്ക്ക് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് കിട്ടി സോവിയറ്റ് റഷ്യയിലേക്ക് യാത്ര ചെയ്ത കവിതയുടെ ആദ്യത്തെ പുസ്തകം 'ആർത്തേക്ക് അനുഭവങ്ങൾ' തന്നെ. 'കവിതയുടെ കവിതകൾ' തുുടങ്ങി ഏറെ പുസ്തകങ്ങളും കലാസംബന്ധിയായവയും ലേഖനങ്ങളും കവിതയുടേതായിട്ടുണ്ട്. കലാചരിത്രമാണ് ഇഷ്ടവിഷയം. ഇപ്പോൾ തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രം അധ്യപികയാണ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top