07 April Tuesday

ജനത്തിന്റെ കൈവിട്ട കളി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

നിരോധനാജ്ഞ ലംഘിച്ച്‌ ടൗണിലിറങ്ങിയ യാത്രക്കാരെ കൽപ്പറ്റ ഡിവൈഎസ്‌പി ടി പി ജേക്കബിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു

കൽപ്പറ്റ
മഹാമാരിയെ പ്രതിരോധിക്കാനുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ലോക്ക്‌ഡൗണും കലക്ടറുടെ നിരോധനാജ്ഞയും അവഗണിച്ച്‌ ജനങ്ങളുടെ തീക്കളി. ലോക്ക്‌ഡൗണിന്റെയും നിരോധനാജ്ഞയുടെയും രണ്ടാംദിനവും പലയിടങ്ങളിൽ ആളുകൾ പുറത്തിറങ്ങി കറങ്ങി. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കർശനനിർദേശങ്ങൾ അവഗണിച്ചായിരുന്നു ഇവരുടെ ചുറ്റൽ. 
ടൗണുകളിലും ജങ്ഷനുകളിലും എത്തിയവരെ തിരിച്ചയക്കാൻ പൊലീസിന്‌ പാടുപെട്ടു. ലാത്തിവീശിയാണ്‌ ചിലരെ ഓടിച്ചത്‌. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞിട്ടും സ്വകാര്യവാഹനങ്ങളുമായി നിരവധിപേർ നിരത്തിലിറങ്ങി. ഇരുചക്രവാഹനങ്ങളിൽ എത്തിയവരും ഏറെയായിരുന്നു. സഹകരിക്കാത്തവർക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. വാഹനങ്ങളും പിടിച്ചെടുത്തു. വിവിധ സ്‌റ്റേഷനുകളിലായി 1 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. കൽപ്പറ്റയിലും മാനന്തവാടിയിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി.
കൽപ്പറ്റ നഗരത്തിൽ  രാവിലെ ഒമ്പതോടെ നൂറുകണക്കിന്‌ സ്വകാര്യവാഹനങ്ങളെത്തി. പൊലീസ്‌ കർശനമായി ഇടപെട്ടു. പച്ചക്കറി, പലചരക്ക്‌ സാധനങ്ങൾ വാങ്ങാനെന്ന പേരിലായിരുന്നു പലരുടെയും വരവ്‌.  കാറിൽ കുട്ടികളുമായെത്തിയവരുമുണ്ടായിരുന്നു. ഇവർക്കെതിരെയെല്ലാം കേസ്‌ രജിസ്‌റ്റർ ചെയ്‌തു. മാനന്തവാടിയിലും സമാന അനുഭവമായിരുന്നു. കാറിലും ഇരുചക്രവാഹനങ്ങളിലും ആളുകൾ കറങ്ങി.  ടൗണിലെ ലോക്ക്‌ഡൗൺ കാണാൻ എത്തിയവർവരെയുണ്ടായിരുന്നു. കടകളുടെ പരിസരത്തും മറ്റും തമ്പടിച്ചവരെയും കുട്ടമായി എത്തിയവരേയും   പൊലീസ്‌ ലാത്തി വീശി ഓടിച്ചു.  ഓഫീസിലേക്ക്‌ വന്നവരെ പരിശോധനക്ക്‌ശേഷമാണ്‌ കടത്തിവിട്ടത്‌. 
ബത്തേരി നഗരത്തിലും മാറ്റമുണ്ടായില്ല. വാഹനങ്ങളിലും കാൽനടയായും എത്തിയവരും ഏറെയായിരുന്നു അനാവശ്യമായി തുറന്ന കടകൾ പൊലീസ്‌ അടപ്പിച്ചു. ചൊവ്വാഴ്‌ച്ച ലാത്തി വീശിയായിരുന്നു ടൗണിൽനിന്നും ആളുകളെ ഒഴിവാക്കിയത്‌. ബുധനാഴ്‌ച്ച പലരെയും ബോധവൽക്കരിച്ച്‌ പറഞ്ഞയച്ചു. നിരോധനാജ്ഞയിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ലെന്നറിഞ്ഞിട്ടും  ജില്ലയിലെ ചെറുടൗണുകളിൽവരെ ആളുകൾ കൂടി. ഇവിടെയും പൊലീസിന്റെ ഇടപെടലുകളുണ്ടായി.
പ്രധാന വാർത്തകൾ
 Top