07 April Tuesday

ചരക്ക്‌ നീക്കത്തിന്‌ അതിർത്തിയിൽ ഉന്നതതല യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

മുത്തങ്ങ അതിർത്തിയിൽ യോഗത്തിനെത്തിയ കർണാടക, കേരള പൊലീസ്‌ ഉദ്യോഗസ്ഥരും വയനാട്‌ കലക്ടർ അദീല അബ്ദുള്ളയും

കൽപ്പറ്റ
കേരളത്തിന്റെ ചരക്ക്‌ വാഹനങ്ങൾ കർണാടകയിൽ പ്രവേശിപ്പിക്കുന്നതിനായി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വയനാട്‌ കലക്ടർ ഡോ. അദീല അബ്ദുള്ളയും പങ്കെടുത്തു. വയനാട്‌ ജില്ലാ പൊലീസ്‌ മോധാവി ആർ ഇളങ്കോ, ചാമരാജ്‌ നഗർ എസ്‌പി അനന്തകുമാർ, കർണാടക സതേൺ റെയ്‌ഞ്ച്‌ ഐജി വിപ്പിൾകുമാർ എന്നിവരാണ്‌ മുത്തങ്ങയിൽ യോഗം ചേർന്നത്‌.  
മുത്തങ്ങ വഴിയും ബാവലി വഴിയും ചരക്ക്‌വാഹനങ്ങൾ കടത്തിവിടണമെന്ന്‌ വയനാട്‌ എസ്‌പിയും കലക്ടറും ആവശ്യപ്പെട്ടു. മുത്തങ്ങവഴി  പരിമിതമായ  ചരക്ക്‌ വാഹനങ്ങൾ കടത്തിവിടാൻ  കർണാടക അധികൃതർ സമ്മതം നൽകി. ബാവലി വഴി ചരക്ക്‌ വാഹനങ്ങൾ കടത്തിവിടുന്നത്‌ സംബന്ധിച്ച തീരുമാനം ഉടനെടുക്കും.  ചരക്ക്‌ എടുക്കാൻ കർണാടകയിലേക്ക്‌ പോകേണ്ട വാഹനങ്ങളുടെ എണ്ണവും വിവരങ്ങളും കൈമാറണമെന്ന്‌ കർണാടക ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ വിവരങ്ങൾ നൽകാൻ വ്യാപാരികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ വയനാട്‌ പൊലീസ്‌ മേധാവി പറഞ്ഞു. 
ചരക്ക്‌ വാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാർമാർ  കോവിഡ്‌ നിരീക്ഷണത്തിലുള്ളവരല്ലെന്ന്‌ വയനാട്‌ ജില്ലാ അധികൃതർ സർട്ടിഫിക്കറ്റ്‌ നൽകണം. ഇവരെ കർണാടക അതിർത്തിയിലും പരിശോധിക്കും. ഡ്രൈവർമാരെ രാത്രിയിൽ കർണാടകയിൽ തങ്ങാൻ അനുവദിക്കില്ല.  ചരക്ക്‌ എടുത്ത്‌ വൈകുന്നേരത്തിന്‌ മുമ്പായി  മടങ്ങണം. വാഹനങ്ങളുടെ എണ്ണം കർണാടക പരിമിതപ്പെടുത്തിയാൽ കണ്ടെയ്‌നറുകളിൽ സാധനങ്ങൾ കൊണ്ടുവരുന്നത്‌ ആലോചിക്കേണ്ടി വരുമെന്നും വയനാട്‌ ജില്ലാ പൊലീസ്‌ മേധാവി  ഇളങ്കോ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലേയും മന്ത്രിമാർ വിഷയം ചർച്ചചെയ്യും.
പ്രധാന വാർത്തകൾ
 Top