31 March Tuesday

ലോക്കാവാതെ എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കൽപ്പറ്റ
ലോക്ക്‌ഡൗണിലും എംഎൽഎമാർ തിരക്കിലാണ്‌. ഒരുമിനിറ്റും വിശ്രമമില്ല. വീട്ടിലിരുന്നും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വവും നിർദേശവും നൽകുകയാണ്‌. മണ്ഡലത്തിലെയും ജില്ലയിലെയും പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ ജില്ലയിലെ മൂന്ന്‌ എംഎൽഎമാർക്കും ലോക്ക്‌ഡൗൺ തടസ്സമല്ല. തദ്ദേശസ്ഥാപനങ്ങളിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ബുധനാഴ്‌ച്ച.
തദ്ദേശസ്ഥാപനങ്ങളിൽ സർവകക്ഷി പ്രതിനിധികളുടെ മീറ്റിങ്  വിളിച്ചിരുന്നെങ്കിലും മാറിയ സാഹചര്യത്തിൽ ഒഴിവാക്കി. തദ്ദേശസ്ഥാപനാധ്യക്ഷൻമാരുമായി ഫോണിൽ ബന്ധപ്പെട്ട്‌ കാര്യങ്ങൾ നിർവഹിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്‌ യോഗങ്ങൾ ഒഴിവാക്കിയത്‌. 
കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ  മരണപ്പെട്ട തോമാട്ടുചാൽ സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ശിവദാസന്റെ വീട്ടിൽ രാവിലെയെത്തി. തിരിച്ചുവന്ന്‌ കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം. ഇതിനിടിടെ കർണാടക അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നതിനുള്ള ഇടപെടൽ. വീട്ടിൽ എത്തിയിട്ടും വിശ്രമമില്ല.  കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വാട്‌സ്‌ ആപ് ഗ്രൂപ്പിൽ നിർദേശങ്ങളും സംശയങ്ങൾക്ക്‌ മറുപടി പറയലുമായി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്‌ അംഗങ്ങളും നഗരസഭാ കൗൺസിലർമാരും സിഡിഎസ്‌ ചെയർപേഴ്‌സൺമാരും ഗ്രൂപ്പ്‌ അംഗങ്ങളാണ്‌. ജില്ലാ അധികൃതരുടെയും തദ്ദേശഅധ്യക്ഷന്മാരുടെയും  ഫോൺവിളികൾ തുടരെതുടരെയെത്തുമ്പോൾ തിരക്കിൽനിന്നും തിരക്കിലേക്കായി.
മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്‌ പുലർച്ചെമുതൽ ബാവലി ചെക്‌പോസ്‌റ്റിൽ കുടുങ്ങിയവരുടെയും ബന്ധുക്കളുടെയും ഫോൺവിളികളായിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. ജില്ലാ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളായി പിന്നീട്‌. ഡിഎംഒയും ഡോക്ടർമാരുമായി സംസാരിച്ചു. തവിഞ്ഞാൽ, പനമരം, തിരുനെല്ലി പഞ്ചായത്തുകളിൽ വിളിച്ചിരുന്ന മീറ്റിങ് റദ്ദാക്കിയതിനാൽ  അവരുമായി ഫോണിൽ സംസാരിച്ച്‌ തീരുമാനങ്ങളെടുത്തു. മണ്ഡലത്തിലെ മറ്റ്‌ മൂന്ന്‌ പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും സർവകക്ഷി യോഗം നേരത്തെ ചേർന്നിരുന്നു. 
ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനും തിരക്കിലായിരുന്നു. മുത്തങ്ങ അതിർത്തിയിൽ കുടുങ്ങിയവരെ സംസ്ഥാനത്തേക്ക്‌ പ്രവേശിപ്പിക്കുന്നതിനുള്ള ഇടപെടലായിരുന്നു ആദ്യം. പിന്നീട്‌ തദ്ദേശസ്ഥാപനാധികൃതരുമായി ഫോണിൽ ചർച്ച. നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റുമാരെ വിളിച്ച്‌ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ ചർച്ചചെയ്‌തു. വാർഡുതല ജാഗ്രതാസമിതികളുടെ പ്രവർത്തനം വിലയിരുത്തി. നേരത്തേ യോഗം ചേർന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുമായും ബന്ധപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top