05 April Sunday

ദേശീയപാതയിലെ യാത്രാനിരോധനം ബദൽപാത യുഡിഎഫിന്റെ മുമ്പേയുള്ള ആഗ്രഹം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

മോട്ടോർ തൊഴിലാളികൾ ബത്തേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കൽപ്പറ്റ
ദേശീയപാത 766ന്‌ ബദൽപാത ആശയം ആദ്യം ഉയർത്തിയത്‌ യുഡിഎഫ്‌. രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ എതിർക്കുന്നവർ പിന്നീട്‌ ബദൽപാത ആയുധമാക്കി. ഇവർക്ക്‌ ഊർജം പകർന്നാണ്‌  ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സുപ്രീംകോടതിയിൽ ബദൽപാത നിർദേശം വെക്കണമെന്നാവശ്യപ്പെട്ട്‌ ഗതാഗത മന്ത്രിക്ക്‌ കത്ത്‌ നൽകിയത്‌. സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച്‌ വയനാടിന്റെ താൽപ്പര്യത്തെ ഹനിക്കുന്ന ഈ നിർദേശം സർക്കാർ തള്ളി. 
കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്താണ്‌ ബദൽപാത ആശയം ഉയരുന്നത്‌. അന്നത്തെ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഐ സി ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള സംഘം  കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിലാണ്‌  മാനന്തവാടി–- ഗോണിക്കുപ്പ–- മൈസൂരു ബദൽ പാത ആശയം മുന്നോട്ടുവച്ചത്‌. മന്ത്രിയായിരുന്ന പി കെ ജയലക്ഷ്‌മിയും അന്നത്തെ എംപി എം ഐ ഷാനവാസും സംഘത്തിലുണ്ടായിരുന്നു. ദേശീയപാതക്ക്‌ ബദലായി പാതയില്ലെന്ന്‌ അന്നേ എൽഡിഎഫ്‌ വ്യക്തമാക്കി നിർദേശം തള്ളി. ദേശീയപാത പൂർണമായും അടക്കണമെന്നാഗ്രഹിക്കുന്നവർ ബദലിന്‌ പ്രചാരം നൽകി. കർണാടക ലോബി ഇത്‌ ഏറ്റെടുത്തു. ഔദ്യേഗിക സംവിധാനങ്ങളിലെല്ലാം എത്തിച്ചു. നിക്ഷിപ്‌ത താൽപ്പര്യമുള്ള വയനാട്ടിലെ സംഘടനകളും ബദലിന്റെ പ്രചാരകരായി. ദേശീയപാതയിലെ യാത്രാനിരോധനം നീക്കണമെന്ന ആവശ്യത്തെ ഈ പ്രചാരണം ദുർബലപ്പെടുത്താൻ തുടങ്ങി. സഞ്ചാരസ്വാതന്ത്ര്യമെന്ന വയനാടിന്റെ  ജീവൽപ്രധാനമായ ആവശ്യം ബദലുകാരെ അലട്ടിയില്ല. കഴിഞ്ഞ ആഗസ്‌തിൽ സുപ്രീംകോടതി കേസ്‌ പരിഗണിച്ചപ്പോൾ ദേശീയപാത പകൽകൂടി അടച്ച്‌ മാനന്തവാടി–- ഗോണിക്കുപ്പ–- മൈസൂരുപാത ബദലായി ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രമന്ത്രാലയങ്ങളോട്‌ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.  ഇതോടെ ബദൽപാത നിർദേശത്തിന്‌ നിയമപരമായ പരിരക്ഷയുമായി. ഇതിനെതിരെ വയനാട്‌ ഒരുമനസോടെ പ്രതികരിച്ചു. രാജ്യം ശ്രദ്ധിച്ച പ്രക്ഷോഭം നടത്തി. ബദലിനെ പൂർണമായും തള്ളിയായിരുന്നു സമരം. എന്നാൽ സമരസമിതി ചെയർമാനായിരുന്ന ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ബദലെന്ന ആശയം വിട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ 11ന്‌ സമരസമിതി ചെയർമാൻ സ്ഥാനം രാജിവച്ച്‌ ബദൽപാതക്കായി 12ന്‌ ഗതാഗത മന്ത്രിക്ക്‌ കത്ത്‌ നൽകി. നേരത്തെ മുതൽ ബദൽപാതക്കായി വാദിക്കുന്നവരെ ഉൾപ്പെടുത്തി മറ്റൊരുസമിതിയും ഉണ്ടാക്കി. വയനാട്ടിൽ റെയിൽപാത വന്നാൽ ദേശീയപാത അടക്കാവുന്നതാണെന്ന്‌  സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയവരെ സമിതിയുടെ ഭാരവാഹികളുമാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top