29 February Saturday

ഓടി തടിയെടുക്കാമെന്ന്‌ കരുതേണ്ട; പിടികൂടാൻ ഇന്റർസെപ്‌ട്ടറുണ്ട്‌

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020
കൽപ്പറ്റ
നിയമം ലംഘിച്ച്‌ ഇനി വാഹനമോടിക്കാമെന്ന്‌ കരുതേണ്ട. പൊലീസിനെ കബളിപ്പിച്ച് ഇടവഴികളിലൂടെ രക്ഷപ്പെടാമെന്നും വിചാരിക്കണ്ട. വട്ടംതിരിഞ്ഞ് പിടിക്കുന്ന ക്യാമറ കണ്ണുകളിൽ നിങ്ങൾ പതിഞ്ഞിരിക്കും. ജില്ലയിൽ ട്രാഫിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളുള്ള ‘ഇന്റർസെപ്ട്ടർ’ കളത്തിലിറങ്ങുകയാണ്‌. ഫെബ്രുവരി രണ്ട്‌മുതൽ  ഇവൻ ജോലി തുടങ്ങും. നിലവിൽ ഇന്റർസെപ്‌ടറുമായി മോട്ടോർ വാഹനവകുപ്പ്‌ റോഡുകളിൽ കറങ്ങുന്നുണ്ട്‌. ഫെബ്രുവരി ഒന്നിന്‌ ഉദ്യോഗസ്ഥർക്ക്‌ പരിശീലനമുണ്ട്‌. പിറ്റേദിനംമുതൽ സജ്ജമായി ഇറങ്ങുമെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ബിജു ജെയിംസ്‌ പറഞ്ഞു.
ഇന്റർസെപ്‌ടറിന്റെ കൈയ്യിൽനിന്നും അത്രപെട്ടെന്ന്‌   ഊരി പോകാമെന്ന്‌ കരുതേണ്ട. റഡാർ, സർവെയ്‌ലൻസ് ക്യാമറകണ്ണുകൾ നിങ്ങളെ ചൂഴ്‌ന്നുണ്ടാകും.  വാഹനത്തിനകത്തുള്ള റഡാർ ക്യാമറയിൽ ഓട്ടോ ക്യാപ്ചർ സെറ്റ് ചെയ്താൽ 300 മീറ്റർ അകലെയുള്ള വാഹനങ്ങളുടെ വേഗമളക്കാം. കാർ, ബൈക്ക്, ഗുഡ്സ് എന്നിങ്ങനെ വ്യത്യസ്ത വേഗപരിധിയുള്ള വാഹനങ്ങൾക്ക് അതനുസരിച്ച് ഉപകരണത്തിൽ വേഗം സെറ്റ് ചെയ്യാം. ഹൈവേയിൽ 60 കിലോമീറ്റർ വേഗപരിധി കടക്കുന്ന ബൈക്കിനെയും  70 കിലോമീറ്റർ വേഗപരിധി മറികടക്കുന്ന കാറിനെയും  ഇവൻ പിടികൂടും. വാഹനത്തിന്‌ മുകളിലൂടെ 360 ഡിഗ്രി തിരിയുന്ന സർവൈലൻസ് ക്യാമറയ്ക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ള വാഹനങ്ങളുടെ ചലനങ്ങളെ പൂർണമായും കണ്ടെത്താനാകും. വാഹനത്തിൽ ഇൻറർനെറ്റ് കണക്ടിവിറ്റിയുണ്ട്. വാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാൽ തൽസമയം വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളെടുക്കാം. അതിനാൽ പഴയ നിയമലംഘനങ്ങൾവരെ പിടികൂടാം. ഗ്ലാസിലെ ടിന്റ് എത്ര ശതമാനം എന്നറിയാനാകുന്ന ടിന്റ്മീറ്റർ, മദ്യപിച്ച് അടുത്തുകൂടി പോയാൽ ഫോട്ടോ സഹിതം പിടിക്കുന്ന ആൽക്കോമീറ്റർ, ഹെഡ്‌ ലൈറ്റിന്റെ തീവ്രത പരിശോധിക്കുന്ന ലക്സ് മീറ്റർ എന്നിവയെല്ലാം വാഹനത്തിലുണ്ട്‌. പകൽ മാത്രമല്ല രാത്രിയിലും ഇവന്റെ മിഴികൾ തുറന്നിരിക്കും. നിയമലംഘനത്തിന്‌ പിടികൂടിയാൽ ഒരാഴ്‌ച്ചക്കുള്ളിൽ കുറ്റപത്രം വീട്ടിൽ എത്തും. ജില്ലയിൽ പൊലീസിന്റെ കൈവശം ഒരു ഇന്റർസെപ്‌ട്ടർ ഉണ്ട്‌. മോട്ടോർ വാഹനവകുപ്പിനുകൂടി ലഭിച്ചതോടെ പരിശോധന കർശനമാകും.
 
പ്രധാന വാർത്തകൾ
 Top