മാനന്തവാടി
ധവള വിപ്ലവത്തിലൂടെ രാജ്യത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ച മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം സംസ്ഥാനത്തിന്റെ അഭിമാനമായി. രാജ്യത്തെ മികച്ച ക്ഷീരസംഘത്തിനുള്ള കേന്ദ്രസർക്കാരിന്റെ ‘ഗോപാൽരത്ന’ പുരസ്‌കാരം സംഘം കൈവരിച്ച വളർച്ചയ്‌ക്കുള്ള അംഗീകാരമായി. ഉത്തർപ്രദേശ് ഉൾപ്പെടെ രാജ്യത്ത് കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ സംഘങ്ങളെയെല്ലാം മറികടന്നാണ് മാനന്തവാടിയിലൂടെ കേരളം ഒന്നാമതായത്. രണ്ടാംസ്ഥാനം കർണാടകയ്‌ക്കും മൂന്നാം സ്ഥാനം തമിഴ്‌നാടിനുമാണ്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും മെമന്റോയുമടങ്ങുന്ന പുരസ്‌കാരം ശനിയാഴ്‌ച ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സംഘം ഭാരവാഹികൾ ഏറ്റുവാങ്ങും.
കാൽനൂറ്റാണ്ടോളമായി എൽഡിഎഫ് ഭരിക്കുന്ന സംഘമാണിത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി ടി ബിജുവാണ് നിലവിൽ പ്രസിഡന്റ്. എം എസ് മഞ്ജുഷ സെക്രട്ടറിയുമാണ്. 1999ൽ ആണ് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റത്. അതിന് മുമ്പ് യുഡിഎഫ് ഭരണമായിരുന്നു. കെടുകാര്യസ്ഥതയിലും അഴിമതിയിലും മനം മടുത്ത കർഷകർ എൽഡിഎഫിനെ ഭരണം ഏൽപ്പിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ല. പടിപടിയായുള്ള വളർച്ചയായിരുന്നു പിന്നീട്. ഓരോ തെരഞ്ഞെടുപ്പിലും എൽഡിഎഫ് കൂടുതൽ കരുത്തോടെ വിജയിച്ചു.
പാൽ ഉൽപ്പാദനത്തിൽ മാത്രമല്ല, സംഘത്തിന്റെ ആകെ വളർച്ചയിലും വിപ്ലവം കൊണ്ടുവന്നു. ഈ മുന്നേറ്റത്തിനാണ് ക്ഷീരമേഖലയിൽ രാജ്യത്തെ പരമോന്നത ബഹുമതി സംഘത്തെ തേടിയെത്തിയത്.
1963ൽ 26 കർഷകരിൽനിന്ന് 44 ലിറ്റർ പാൽ ശേഖരിച്ച് പ്രവർത്തനം ആരംഭിച്ച സംഘത്തിൽ ഇപ്പോൾ 1500 പേർ അംഗങ്ങളാണ്. 22,000 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുന്നു. ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ ആപ്‌കോസ് സംഘങ്ങളിൽ ഒന്നാമതാണ്. 35,000 ലിറ്റർ സംഭരണശേഷിയുണ്ട്.
ആധുനിക കെട്ടിടവും കംപ്യൂട്ടറൈസ്‌ഡ് ഓഫീസും മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. 20,000 ലിറ്റർ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള യൂണിറ്റും ശീതീകരിച്ച 15,000 ലിറ്റർ സൂക്ഷിക്കുന്നതിനുള്ള സൈലോ ടാങ്കുമുണ്ട്. മലിനജനം ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..