03 December Saturday
മാലിന്യപ്രശ്‌നം

തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി 
ഇടപെടണം: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
 
പനമരം
മാലിന്യപ്രശ്‌നം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി  ഇടപെടണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘നവകേരളം  തദ്ദേശകം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനിർമാർജനം സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്‌. പല സ്ഥലങ്ങളിലും മാലിന്യ സംസ്‌കരണത്തിൽ മാതൃകകളുണ്ടെങ്കിലും  ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം കൈവരിക്കുന്നതിൽ പിറകിലാണ്‌. യൂസർഫീ പിരിക്കുന്നിൽ മുന്നിലായ പഞ്ചായത്തുകളിൽപോലും മാലിന്യസംസ്‌കരണത്തിൽ പുരോഗതിയില്ല. മാലിന്യപ്രശ്‌നം ശരിയാംവിധം ബോധ്യപ്പെടുത്തി ഇടപെടലുകൾ നടത്തണം.  
ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വപരമായി ഇടപെടണം.   പൊതു ജലാശയങ്ങളിൽ 80 ശതമാനവും മനുഷ്യ വിസർജ്യത്താൽ മലിനമാണ്‌.  കിണറുകളിലും സമാന സ്ഥിതിയുണ്ട്‌.  വാതിൽപ്പടി സേവനമടക്കം ഉപയോഗിച്ച്‌ പ്രശ്‌നം പരിഹരിക്കണം. 
    സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി ലോകത്തിന്‌ മാതൃകയാണ്‌. നാലുകൊല്ലംകൊണ്ട്‌ അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ്‌ സർക്കാർ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഇതിൽ നിർണായക പങ്ക്‌ വഹിക്കാനുണ്ട്‌. സേവന അവകാശരേഖ ഇല്ലാത്ത ഒരു അതിദരിദ്ര കുടംബവും കേരളത്തിൽ ഉണ്ടാവാൻ പാടില്ല. വികസനത്തിൽ അതിദരിദ്രർ പിന്തള്ളപ്പെടരുത്‌. 
കേന്ദ്രം ജിഎസ്‌ടി നഷ്ടപരിഹാരത്തുക അനുവദിക്കാത്തതും  നികുതി വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാണ്‌. 
  കേന്ദ്രനയങ്ങളാൽ 37,000 കോടി രൂപയുടെ സാമ്പത്തിക ചോർച്ചയാണ്‌ സംസ്ഥാനത്തിന്‌ ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top