17 January Sunday

‘നമ്മടെ പ്രസാദേട്ടനല്ലേ, വേറൊന്നും ആലോചിക്കാനില്ല’

സ്വന്തം ലേഖികUpdated: Wednesday Nov 25, 2020

 

 
കൽപ്പറ്റ
 ‘‘ഇത്‌ നമ്മടെ പ്രസാദേട്ടനല്ലേ.  ഞങ്ങൾക്ക്‌ വേറൊന്നും ആലോചിക്കാനില്ല.’’ 
ഹാരിസൺ മലയാളം പ്ലാന്റേഷൻ ചുണ്ടേൽ  എസ്‌റ്റേറ്റിൽ  വോട്ടഭ്യർഥിച്ച്‌ എത്തിയ  എൻ സി പ്രസാദിനെ കണ്ട തോട്ടം തൊഴിലാളികൾ ഏക സ്വരത്തിൽ പറഞ്ഞു. തങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക്‌ നേതൃത്വം വഹിക്കുന്ന പ്രസാദിനെ ഇത്തവണയും വിജയിപ്പിക്കുമെന്ന ഉറപ്പ്‌ ‌ അവരുടെ വാക്കുകളിൽ പ്രകടം. വയനാട്‌  എസ്‌റ്റേറ്റ്‌ലേബർ യൂനിയൻ വൈസ്‌ പ്രസിഡന്റ്‌‌ കൂടിയായ പ്രസാദിന്റെ വിജയത്തിനായി തൊഴിലാളികൾ ഒന്നടങ്കം രംഗത്തുണ്ട്‌.    ജില്ലാ പഞ്ചായത്ത്‌ പൊഴുതന ഡിവിഷനിലെ ഈ എൽഡിഎഫ്‌  സ്‌ഥാനാർഥി തോട്ടം മേഖലക്ക്‌ മാത്രമല്ല കാർഷിക നാടിന്റെയും പ്രിയങ്കരൻ.  തരിയോട്‌ പഞ്ചായത്തിലെ കുടിയേറ്റ മേഖലയിൽ എത്തിയ സ്ഥാനാർഥിയെ തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചാണ്‌ മുതിർന്ന വോട്ടർമാർ ആശിർവദിച്ചത്‌.  വൈത്തിരി, പൊഴുതന , തരിയോട്‌ പഞ്ചായത്ത്‌ വാർഡുകളുൾപ്പെട്ട ഡിവിഷനാണ്‌ പൊഴുതന. വോട്ടർമാരിൽ കൂടുതലും തോട്ടം തൊഴിലാളികളും കർഷകരും.  കർഷകസംഘം നേതാവ്‌ കൂടിയായതിനാൽ പ്രസാദ്‌ ഡിവിഷന്‌ സുപരിചിതനാണ്. കാൽ നൂറ്റാണ്ടായി പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌‌, അംഗം, സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തന മികവും  പ്രസാദിനെ നാട്ടു‌കാർക്കിടയിൽ പ്രിയങ്കരനാക്കിയിട്ടുണ്ട്‌.  തോട്ടം മേഖലയായ ചുണ്ടേൽ, ലക്കിടി, തളിപ്പുഴ, വൈത്തിരി ടൗൺ, പഴയ വൈത്തിരി എന്നിവിടങ്ങളിലായിരുന്നു ചൊവ്വാഴ്‌ചത്തെ പ്രചാരണം. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥാനാർഥികളായ വി ഉഷാകുമാരി, എൽസി ജോർജ്‌  തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top