09 November Saturday

അലയടിച്ച്‌ ബഹുജന രോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

മാധ്യമങ്ങളുടെ കള്ളവാർത്തകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ മേപ്പാടിയിൽ നടത്തിയ പ്രകടനം. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌ തുടങ്ങിയവർ മുൻനിരയിൽ

 തിരുവനന്തപുരം

വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൈകോർത്തു മുന്നേറുമ്പോൾ, അതിനു തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണത്തെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിചേർന്നു. തലസ്ഥാനത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു ബഹുജന കൂട്ടായ്‌മ. കേന്ദ്രസർക്കാരിന്‌ നൽകാൻ കേന്ദ്രസംഘത്തിന്റെ സഹായത്തോടെ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ളയെന്നും കള്ളക്കണക്കെന്നും പ്രചരിപ്പിക്കുകയായിരുന്നു മാധ്യമങ്ങൾ.  അതേറ്റുപിടിച്ച്‌ മുസ്ലിംലീഗും കോൺഗ്രസും ബിജെപിയും രംഗത്തുവന്നു. ദുരന്തം നടന്ന്‌ രണ്ടുമാസമാകാറായിട്ടും കേന്ദ്രസഹായം ലഭിക്കാതിരിക്കുമ്പോൾ അതിന്‌ മറയിടാനുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കൊപ്പം യുഡിഎഫും ബിജെപിയും ചേർന്നു. സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഇരകളായ മനുഷ്യർക്ക്‌ സാധ്യമായതെല്ലാം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ തുരങ്കംവയ്‌ക്കുകയായിരുന്നു ലക്ഷ്യം.
 മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം തുറന്നുകാണിച്ചായിരുന്നു ബഹുജന പ്രക്ഷോഭം. കേന്ദ്രസഹായം മുടക്കുകയും സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുയർത്തുകയും ചെയ്യുക എന്നതായിരുന്നു വാർത്ത മെനഞ്ഞവരുടെ ലക്ഷ്യം. വാർത്ത നുണയാണെന്ന്‌  ബോധ്യമായിട്ടും മുസ്ലിംലീഗും  കോൺഗ്രസും  ബിജെപിയും പ്രഹസന സമരം നടത്തി. 
കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മേപ്പാടിയിൽ നടത്തിയ ബഹുജന കൺവൻഷൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു.  കെ വിനോദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി ഹാരിസ്‌,  കെ സുഗതൻ, പി ആർ നിർമല,  പി എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ കെ സഹദ് സ്വാഗതവും എം ബൈജു നന്ദിയും പറഞ്ഞു.
ബത്തേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ  ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി ആർ ജയപ്രകാശ്, പി കെ രാമചന്ദ്രൻ, സി ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top