13 September Friday
കേന്ദ്ര ബജറ്റ്‌

സഹിക്കില്ല അവഗണന

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

വൈത്തിരിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി സി യൂസഫ് ഉദ്ഘാടനംചെയ്യുന്നു

കൽപ്പറ്റ
കേന്ദ്ര ബജറ്റിൽ കേരളത്തെയും വയനാടിനെയും പൂർണമായി അവഗണിച്ച കേന്ദ്രസർക്കാർ നടപടിയിൽ  പ്രതിഷേധം. കർഷകർ, തൊഴിലാളികൾ,  യുവജനങ്ങൾ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരെല്ലാം തെരുവിലിറങ്ങി. ബജറ്റിൽ ക്രൂരമായ അവഗണനയാണ്‌ കേന്ദ്രം സംസ്ഥാനത്തോട്‌ കാണിച്ചത്‌. കേരളത്തിന്റെ പേരുപോലും പരാമർശിച്ചില്ല.
സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. കർഷകസംഘം നേതൃത്വത്തിൽ കൃഷിക്കാർ കൽപ്പറ്റയിൽ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ  പ്രതിഷേധിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളും അവഗണനക്കെതിരെ രംഗത്തെത്തി. 
ബജറ്റിൽ വയനാടിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്ര എൻഡിഎ സർക്കാർ തള്ളി. ജില്ലയുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വകയിരുത്തൽ ഒന്നുപോലുമുണ്ടായില്ല. വന്യമൃഗശല്യ പ്രതിരോധം,  വയനാട്‌ തുരങ്കപാത,  റെയിൽവേ എന്നിവയെല്ലാം അവഗണിച്ചു. സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിച്ച പാക്കേജിൽ തുരങ്കപാത നിർമാണത്തിന്‌ 5000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരുരൂപപോലും അനുവദിച്ചില്ല. 
സിപിഐ എം കൽപ്പറ്റ നോർത്ത്‌, സൗത്ത്‌ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി കെ അബു, എ ഗിരീഷ്‌ എന്നിവർ നേതൃത്വം നൽകി.  
ബത്തേരി
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ ബത്തേരി, മീനങ്ങാടി ഏരിയകളിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രകടനം നടത്തി. ബത്തേരിയിൽ കെ വൈ നിധിൻ, കെ വി മോഹനൻ, ടി പി പ്രമോദ്‌, കെ ജയരാജൻ, സണ്ണി എന്നിവർ നേതൃത്വംനൽകി.
വൈത്തിരിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി സി യൂസഫ് ഉദ്ഘാടനംചെയ്തു. എൽസി ജോർജ് അധ്യക്ഷയായി. എം വി വിജേഷ്, എം രമേശ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് ചിത്രകുമാർ സ്വാഗതം പറഞ്ഞു. 
മുള്ളൻകൊല്ലി, പാടിച്ചിറ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി മുളളൻകൊല്ലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി പി വിൻസെന്റ്, കെ വി ജോബി, പി ജെ പൗലോസ്, കെ കെ ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി. സിപിഐ എം പ്രവർത്തകർ കേണിച്ചിറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എ വി ജയൻ, പി കെ മോഹനൻ, കെ എസ് മഹേഷ്, എം ജി ശശി, കെ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top