18 September Saturday

നൂറിന്റെ നിറവിൽ വിവിധ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന ഗോത്രമന്ദിരത്തിന്റെ പ്രാദേശിക ഉദ്‌ഘാടന ചടങ്ങിൽ 
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ നാട മുറിക്കുന്നു

 കൽപ്പറ്റ

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ പൂർത്തീകരണ നിറവിൽ ജില്ലയും. മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, അഞ്ച്‌ ഗർഭകാല ഗോത്രമന്ദിരങ്ങൾ, നവീകരിച്ച ജില്ലാ ടിബി സെന്റർ എന്നിവയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചത്‌. ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. പ്രാദേശികമായി നടന്ന ചടങ്ങുകളിൽ ജനപ്രതിനിധികളും രാഷ്‌ട്രീയ പാർടി പ്രതിനിധികളും ഉദ്യോഗസ്ഥരുമുൾപ്പടെയുള്ളവർ പങ്കെടുത്തു. 
ആദിവാസികൾക്ക്‌ 
തുണയായി ഗർഭകാല 
ഗോത്രമന്ദിരങ്ങൾ 
ആദിവാസി ഗർഭിണികളുടെ പരിചരണത്തിനായി നിർമാണം പൂർത്തീകരിച്ച ഗർഭകാല ഗോത്രമന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഗർഭിണികൾക്ക് പ്രസവത്തോട് അനുബന്ധിച്ചുളള ദിവസങ്ങളിൽ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രങ്ങൾ സഹായകമാവും. ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലായി രണ്ട് വീതം കേന്ദ്രങ്ങളും അപ്പപ്പാറ, വാഴവറ്റ, നൂൽപ്പുഴ എന്നിവിടങ്ങളിലായി ഓരോ ഗർഭകാല ഗോത്രമന്ദിരങ്ങളുമാണ് നിർമിച്ചത്. ഇതിൽ വാഴവറ്റ, നൂൽപ്പുഴ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നേരത്തേ നടത്തിയിരുന്നു.  6,14,000 രൂപ വീതമാണ് ഓരോ യൂണിറ്റിനും ചെലവായത്.     ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങൾ,  ആശുപത്രി സൂപ്രണ്ട് ഡോ. എസ് സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, ഡിഎംഒ ഡോ. ആർ രേണുക, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ  കെ  ജയഭാരതി,  മെഡിക്കൽ ഓഫീസർ ഡോ. ടി പി  ലിസാജ് എന്നിവർ പങ്കെടുത്തു.
ടിബി സെന്റർ 
നവീകരണം 
മാനന്തവാടിയിലെ നവീകരിച്ച ജില്ലാ ടി ബി സെന്റർ ഓൺലൈനായി മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു.  എൻഎച്ച്എമ്മിന്റെ 20 ലക്ഷം രൂപ ചെലവിൽ എച്ച്എൽഎൽ ആണ് പ്രവൃത്തി പൂർത്തിയാക്കിയത്. പ്രാദേശിക ചടങ്ങിൽ എൻഎച്ച്എം  ഡിപിഎം ഡോ. ബി അഭിലാഷ് നേതൃത്വം നൽകി. ടി ബി സെന്റർ മെഡിക്കൽ ഓഫീസർ അബ്രഹാം ജേക്കബ്, ജില്ലാ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നൂന മർജ, ആർഎംഒ ഡോ. സി സക്കീർ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top