18 September Saturday

കേശവേട്ടന്‌ ആശംസകളുമായി ശ്രീകലയെത്തി

സ്വന്തം ലേഖികUpdated: Sunday Jul 25, 2021

ഡോ. പി എസ് ശ്രീകല കേശവേനുമായി സംസാരിക്കുന്നു

 
കൽപ്പറ്റ
‘‘പഠിക്കണം. അവസാന ശ്വാസം വരെയും ’’. രോഗം തളർത്താത്ത  ആർജവത്തോടെയുള്ള  കേശവന്റെ വാക്കുകൾ കേട്ട് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല  കെെകൂപ്പി. 65ാം വയസ്സിലും അക്ഷരങ്ങളെ സ്നേഹിക്കുകയും  മറ്റുളളവർക്ക് അവ പകർന്ന് നൽകാനും കാണിക്കുന്ന മഹാമനസ്‌കതയെയും  മനസ്സാൽ വന്ദിച്ചു. പ്രതികൂല സാഹചര്യങ്ങൾ കാരണം  നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന തന്നെ സാക്ഷരതാമിഷനാണ്  അറിവിന്റെ ലോകത്തേക്ക് കെെപിടിച്ചുയർത്തിയതെന്ന് കേശവൻ നന്ദിയോടെ പറഞ്ഞു.   
തിങ്കളാഴ്ച ഹയർ സെക്കൻഡറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന ക്യാൻസർ രോഗികൂടിയായ കേശവനെ(65) ക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  ശ്രീകല ആശംസയറിയിക്കാൻ  വാളാടുള്ള അദ്ദേഹത്തിന്റെ  വീട്ടിൽ നേരിട്ടെത്തിയത്. അടുത്തിരുന്ന്‌ അദ്ദേഹത്തിന്റെ നോട്ട്ബുക്ക് മറിച്ചുനോക്കി. വടിവൊത്ത അക്ഷരങ്ങൾ. വാചകങ്ങളും ഖണ്ഡികകളും വൃത്തിയായി എഴുതിയിരിക്കുന്നു. പ്ലസ്ടു മലയാളം തുല്യതാ പാഠപുസ്തകമെടുത്ത് ഏതെങ്കിലുമൊരു പാഠഭാഗം വായിക്കാമോന്ന് ചോദിച്ചപ്പോൾ കേശവേട്ടൻ ആദ്യം തുറന്നെടുത്ത പേജിലെ വരികൾ വായിച്ചു.   "നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽനിന്ന് , അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകയാണ്. നീ മാത്രം’.ബഷീറിന്റെ ‘അനർഘനിമിഷ’ത്തിന്റെ തുടക്കം. കവിതയെഴുത്തും  കഥാപ്രസംഗവുമൊക്കെയുള്ള കേശവൻ സംസ്ഥാന സാക്ഷരതാ മിഷന്റെ സംസ്ഥാന കലോത്സവ വിജയികൂടിയാണ്‌ 
യാത്രപറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ മെഡിക്കൽ റിപ്പോർട്ടുകൾ കൂടി കേശവേട്ടൻ  എടുത്തുകാണിച്ചു. "എന്തെങ്കിലും ചികിത്സ ഉണ്ടോ?’ കണ്ണു നിറഞ്ഞ ശ്രീകല ആശ്വസിപ്പിച്ചു "ഇപ്പോൾ കൈയിലുള്ള മരുന്നുകൾ കഴിച്ചാൽ മതി’.    പരീക്ഷക്ക് ആശംസനേർന്ന്‌ പടിയിറങ്ങി.   സംസ്ഥാന സാക്ഷരതാമിഷൻ പ്രോജക്ട്സെൽ കോ–-ഓർഡിനേറ്റർ   ഇ വി അനിൽ, സാക്ഷരതാ മിഷൻ വയനാട് ജില്ലാ കോ-–-ഓർഡിനേറ്റർ സ്വയ നാസർ, പ്രേരക് ജസി തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top