05 July Sunday
ആദ്യ ഗഡു 6.40 കോടി

മുള്ളൻകൊല്ലി പുൽപ്പള്ളി സമഗ്ര വരൾച്ചാ ലഘൂകരണപദ്ധതി തുടങ്ങി

പി ഒ ഷീജUpdated: Monday Jun 25, 2018
 
 
പുൽപ്പള്ളി
രൂക്ഷമായ വരൾച്ച ഊഷരമാക്കിയ  മുള്ളൻകൊല്ലി പുൽപ്പള്ളി, മേഖലയെ ഊർവ്വരമാക്കുന്ന സമഗ്ര വരൾച്ച ലഘൂകരണപദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അനുഭവപ്പെടുന്ന കൊടുംവരൾച്ച നാശോന്മുഖമാക്കിയ മണ്ണിൽ സർകാർ പദ്ധതി നനവ് പടർത്തുകയാണ്. മുള്ളൻകൊല്ലി പുൽപ്പള്ളി സമഗ്ര വരൾച്ചലഘൂകരണപദ്ധതിക്ക് സംസ്ഥാന സർകാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് 25 ലക്ഷ രൂപയും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകൾ 20 ലക്ഷം രൂപയും  പനമരം ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷവും പൂതാടി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും പദ്ധതിവിഹിതമായി നീക്കിവെച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക ഗുണഭോക്തൃ വിഹിതമണ്. ഈ തുക ഉപയോഗിച്ചുള്ള പ്രവർത്തികളാണ് തുടങ്ങിയത്.
ത്രിതല പഞ്ചായത്തുകൾ, വിവിധ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലൂടെ ജനകീയമായും സുതാര്യമായും നടപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 
 മുള്ളൻകൊല്ലി, പുൽപ്പള്ളി, ഗ്രാമപഞ്ചായത്തുകൾ മുഴുവനായും പൂതാടി ഗ്രാമ പഞ്ചായത്തിലെ നാല് വാർഡുകളും ഉൾപ്പെടെ 15220 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. കടമാൻതോട്, മാനിപ്പുഴ, മുദ്ദള്ളിത്തോട്, കന്നാരംപുഴ എന്നിവയിലേക്കുള്ള നീരൊഴുക്കിന്റെ പ്രഭവകേന്ദ്രമാണ് ഈ പ്രദേശം. 
കർണ്ണാടകയിൽ നിന്നുള്ള ചുടുകാറ്റും രണ്ട് പതിറ്റാണ്ടുകളായുള്ള മഴ കുറവും ആണ് പ്രദേശത്തെ രൂക്ഷമായ വരൾച്ചക്ക് കാരണം. വൃക്ഷ സാന്ദ്രത കുറഞ്ഞതും ഉപരിതല നീരൊഴുകിന്റെ ആധിക്യവും മണ്ണിലെ ജൈവാംശത്തിന്റെകുറവും വരൾച്ചയുടെ ആക്കം കൂട്ടി. ഇവക്ക് പരിഹാരമായി 39 ഇനം പരിപാടികളാണ് പ്രദേശത്ത് നടപ്പാക്കുന്നത്.
 ജില്ല മണ്ണ് പര്യവേക്ഷണ‐സംരക്ഷണ വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. കൃഷി, വനം, ക്ഷീര വികസനം, ജലസേചനം തുടങ്ങിയ  വകുപ്പുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതിയും ഏകോപിപ്പിച്ച് നടത്തുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്
 ജില്ല മണ്ണ് പര്യവേക്ഷണ‐സംരക്ഷണ വകുപ്പാണ്. വനവത്കരണം, ഗ്രീൻ ബെൽട്ട് നിർമാണം, നാശോന്മുഖമായി കൊണ്ടിരിക്കുന്ന ജലാശയങ്ങളുടേയും കിണറുകളുടേയും സംരക്ഷണം,മണ്ണ് ജലസംരക്ഷണപ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
 കിണർ റീ ചാർജിംഗ് 
 പദ്ധതിയുടെ ആദ്യ ഘട്ടമായി ഈ വർഷം 1000 കിണറുകൾ റീ ചാർജ് ചെയ്ത് ജലസുരക്ഷ ഉറപ്പാക്കുമെന്ന് പദ്ധതിയുടെ  നിർവഹണോദ്യോഗസ്ഥനായ ജില്ലാ മണ്ണ് സംരക്ഷണ പര്യവേക്ഷണവിഭാഗം മേധാവി പി യു ദാസ് പറഞ്ഞു.  8000 രൂപയാണ് ഒരു കിണറിന് സംസ്ഥാന സർകാർ അടങ്കൽ തുക. ഇതിൽ 5200 രൂപയാണ് സർകാർ വിഹിതം. 2000 രൂപ ഗ്രാമപഞ്ചായത്തും ബാക്കി ഗുണഭോക്തൃവിഹിതവുമാണ്. മഴ വെള്ളം പൈപ്പുകൾ വഴി സംഭരിച്ച് ടാങ്കിൽ സംഭരിച്ച് കിണറുകളിലേക്ക് തിരിച്ച് വിടുന്ന പദ്ധതിയാണിത്. 
വനവത്കരണം
നാടൻ ഇനത്തിൽപ്പെട്ട അര ലക്ഷം വൃക്ഷതൈകൾ പദ്ധതി പ്രദേശത്ത് കുടുംബശ്രീ എഡിഎസുകൾ മുഖേനെ നട്ട് പരിപാലിക്കും. തൈ നടാൻ ഏഴ് രൂപയും പരിപാലിക്കാൻ 10 രൂപയും സർകാർ നൽകും. വനംവകുപ്പ് സൗജന്യമായി നൽകിയ 35000 തൈകളും അമ്പലവയൽ കാർഷികഗവേഷണ കേന്ദ്രത്തിൽ നിന്ന് വില കൊടുത്ത് 15000 തൈകളും ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ ആദ്യ വാരം ഒരു ദിവസം കൊണ്ട് മുഴുവൻ തൈകളും നടും.
ഗ്രീൻ ബെൽറ്റ്
കർണാടകത്തിൽ നിന്ന് വീശിയടിക്കുന്ന ഉഷ്ണകാറ്റാണ് കബനി തീരത്തെ കൂടുതൽ ഊഷരമാക്കുന്നത്. ഈ കാറ്റ്  തടഞ്ഞ് നിർത്തുന്നതിന് കബനീ തീരത്ത് 12 കിലോ മീറ്റർ ദൈർഘ്യമുള്ള ഗ്രീൻ ബെൽട്ട് സ്ഥാപിക്കും. കർഷകഗ്രൂപ്പുകൾ, ക്ലബുകൾ,  കുടുംബശ്രീ യൂനിറ്റുകൾ തുടങ്ങി വിവിധ ജനകീയ സമിതികൾ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. നാടൻ ഇനത്തിൽപ്പെട്ട ഞാവൽ, വേങ്ങ, ഉങ്ങ്, മരുത്, നീർമരുത് തുടങ്ങിയ ഇനം വൃക്ഷതൈകൾ നട്ട് പിടിപ്പിക്കും. നടുന്നതിന് ഒരു ചെടിക്ക് 10 രൂപ വീതവും പരിപാലിക്കുന്നതിന് 50 രൂപ വീതവും നൽകും. പദ്ധതി പ്രദേശത്തെ നീർച്ചാലുകൾ, തോടുകൾ, പുഴകൾ എന്നിവയുടെ ഓരങ്ങളിൽ 50 കിലോ മീറ്റർ നീളത്തിൽ ഓട നട്ട് പിടിപ്പിച്ച് പരിപാലിക്കും. ഇതിന്  പാടശേഖര സമിതികൾ, പ്രാദേശിക കാർഷിക സമിതികൾ എന്നിവ നേതൃത്വം നൽകും. നടുന്നതിനും പരിപാലിക്കുന്നതിനും സാമ്പത്തിക സഹായം ലഭ്യമാക്കും.
കാവ് സംരക്ഷണ പദ്ധതി
ദേവാലയങ്ങൾ, വിദ്യാലയങ്ങൾ, തുടങ്ങിയ പൊതുസ്ഥലങ്ങളുടെ കോമ്പൗണ്ടിനുള്ളിൽ കാവുകൾ നട്ട് പിടിപ്പിച്ച് സംരക്ഷിക്കും. ഒരു വർഷം 90 കാവുകൾ നടാനാണ് പദ്ധതി. 10 സെന്റ് സ്ഥലത്ത് കാവുകൾ നട്ട് പിടിപ്പിക്കാൻ 10,000 രൂപ ധനസഹായവും മൂന്ന് വർഷത്തേക്ക് പരിപാലിക്കാൻ 5000 രൂപയും നൽകും.
മണ്ണ് ‐ജലസംരക്ഷണ പദ്ധതികൾ
മണ്ണൊലിപ്പ് തടയുന്നതിനും ചൂട് കുറക്കാനുമായി 250 ഏക്കറിൽ ആവരണ വിളകൾ കൃഷി ചെയ്യും. വനത്തിനകത്തും മറ്റ് പൊതു കൃഷി സ്ഥലങ്ങളിലുമുള്ള നീർച്ചാലുകൾ ആരംഭിക്കുന്നിടത്ത് ജൈവതടയണകൾ നിർമിക്കും. ജലസംഭരണത്തിന് 25 കോൺക്രീറ്റ് തടയണകൾ നിർമിക്കും. ചണ്ണോത്ത്കൊല്ലി, കബനിഗിരി,ചെറ്റപ്പാലം തുടങ്ങി ഭാഗങ്ങളിൽ മണ്ണണകളും ജലസേചന കുളങ്ങളും നിർമിക്കും.
റോഡിലൂടെ ഒഴുകിപോകുന്ന മഴ വെള്ളം സുരക്ഷിതമായി സംഭരിക്കുന്നതിന് റോഡ് വാട്ടർ ഹാർവെസ്റ്റ് പദ്ധതി നടപ്പാക്കും.പദ്ധതി പ്രദേശത്ത് ആറിടങ്ങളിൽ മഴ മാപിനികൾ സ്ഥാപിക്കും.
ജനകീയം, സുതാര്യം: 
പി യു ദാസ്
ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നതാണ് പദ്ധതിയുടെ ഏറ്റവും മികച്ച മേന്മയെന്ന് പദ്ധതി നിർവഹണോദ്യോഗസ്ഥൻ ജില്ല മണ്ണ് പര്യവേക്ഷണ‐സംരക്ഷണ വിഭാഗം മേധാവി പി യു ദാസ് പറഞ്ഞു.
 പതിറ്റാണ്ടുകളായി പ്രദേശത്ത് തുടരുന്ന വരൾച്ചക്ക് പരിഹാരമായി നിർദേശിക്കപ്പെട്ടത് വൻകിട ജലസേചന പദ്ധതികളാണ്. ബാണാസുരസാഗർ, കാരാപ്പുഴ പദ്ധതികളുടെ ദുരന്തം നേരിട്ട് മനസിലാക്കിയ നാട്ടുകാർ വൻകിടപദ്ധതികൾക്ക് എതിരാണ്. തികച്ചും പ്രാദേശികമായി ജനപങ്കാളിത്തത്തോടെ ശാസത്രീയമായി നടപ്പാക്കുന്നതിനാലാണ് പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നത്.  കരാറുകാരോ മറ്റിടനിലക്കാരോ ലാഭമോ നഷ്ടമോ ഇല്ലാതെ, നാടിന് വേണ്ടി നാട്ടുകാർ സ്വയം ഏറ്റെടുക്കുന്നതാണ് പദ്ധതിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top