02 July Saturday
എകെഎസ്‌ ജില്ലാസമ്മേനം സമാപിച്ചു

ആദിവാസികളുടെ ഭൂമി, വീട്‌, തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
 
മീനങ്ങാടി
ആദിവാസികളുടെ ഭൂമി, വീട്‌, തൊഴിൽ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കണ്ടെത്താൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ എകെഎസ്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി ഭൂവിതരണം വേഗത്തിലാക്കണം. ജില്ലയിൽ 3136 പേർ തികച്ചും ഭൂരഹിതരാണ്‌. 2012ലെ സുപ്രീംകോടതി വിധിപ്രകാരം ജില്ലയിൽ നാലായിരം ഏക്കർ വനഭൂമി ആദിവാസികൾക്കായി വിട്ടുനൽകേണ്ടതാണ്‌. ‌ 1976ൽ ആണ്‌ സുഗന്ധഗിരി പ്രൊജക്ട്‌   നടപ്പാക്കിയത്‌. ഈ ഭൂമി കണക്കിൽപെടുത്തി ആദിവാസികൾക്ക്‌ ലഭിക്കേണ്ട നാലായിരം ഏക്കർ നിഷേധിക്കുകയാണ്‌ യുഡിഎഫ്‌ ഭരണത്തിൽ ചെയ്‌തത്‌. ഇത്‌ തിരുത്തി വനഭൂമി ആദിവാസികൾക്ക്‌ വിട്ടുനൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകരുത്‌‌.  
അഭ്യസ്‌തവിദ്യരായ മുഴുവൻ ആദിവാസികൾക്കും ജോലി ഉറപ്പാക്കണം. രണ്ട്‌ ശതമാനമാണ്‌ ആദിവാസി സംവരണം. ജില്ലയിൽ 18 ശതമാനത്തിലധികമാണ്‌ ആദിവാസി ജനസംഖ്യ. ഈ പൊരുത്തക്കേട്‌ പരിഹരിക്കണം. എൽഡിഎഫ്‌ സർക്കാർ പൊലീസ്‌, എക്‌സൈസ്‌, വനം, വിദ്യാഭ്യാസ വകുപ്പുകളിൽ നിരവധി പേർക്ക്‌ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌വഴി ജോലി നൽകിയിട്ടുണ്ട്‌. ഇത്‌ സ്വാഗതാർഹമാണ്‌.  ഗോത്രവിഭാഗക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ വരുമാനദായക പദ്ധതികൾ ആവിഷ്‌കരിക്കണം.  പാർപ്പിട പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കണം.‌ വീടുകൾ ചോർന്നെലിക്കുന്നത്‌ പരിഹാരിക്കണം.  പണിതീരാത്ത വീടുകൾ പൂർത്തീകരിക്കണം. പരിഞ്ഞുപോയ എസ്‌ടി പ്രൊമോട്ടർമാർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി ജോലിനൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ആദിവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടും പ്രക്ഷോഭം ആരംഭിക്കാൻ ജില്ലാസമ്മേളനം തീരുമാനിച്ചു. ആദ്യപടിയായി ജൂൺ 20ന്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി അവകാശ പത്രിക സമർപ്പിക്കും. 
സമ്മേളനത്തിന്റെ അവസാനദിനം ചർച്ചകൾക്ക്‌ ജില്ലാ സെക്രട്ടറി പി വാസുദേവൻ, പ്രസിഡന്റ്‌ സീതാ ബാലൻ,  സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എന്നിവർ മറുപടിനൽകി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ റഫീഖ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഷമീർ, ബീനാ വിജയൻ എന്നിവർ സംസാരിച്ചു. 48 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
 
പി വിശ്വനാഥൻ പ്രസിഡന്റ്‌
 എ എം പ്രസാദ്‌ സെക്രട്ടറി
മീനങ്ങാടി
ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റായി പി വിശ്വനാഥനെയും സെക്രട്ടറിയായി എ എം പ്രസാദിനെയും തെരഞ്ഞെടുത്തു. കെ അച്ചപ്പനാണ്‌ ട്രഷറർ. മറ്റുഭാരവാഹികൾ: കെ ബാലൻ, കെ എം സിന്ധു, ഉഷാ കേളു (വൈസ്‌ പ്രസിഡന്റ്‌), ടി എ വിജയൻ, സി ആർ രമേശ്‌, വി എൻ ഇന്ദിര (ജോ.സെക്രട്ടറി). ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top