06 July Monday
ബാങ്കിനെ പ്രതിസന്ധിയിലാക്കിയ അഴിമതി

കോടതിയും തുണച്ചില്ല: പടിഞ്ഞാറത്തറ സഹകരണ ബാങ്ക‌് സെക്രട്ടറിയെ സസ‌്പെൻഡ്‌ ‌ചെയ‌്തു

സ്വന്തം ലേഖകൻUpdated: Saturday May 25, 2019

 

 
കൽപ്പറ്റ
പടിഞ്ഞാറത്തറ സർവീസ‌് സഹകരണ ബാങ്ക‌് സെക്രട്ടറി പി മമ്മുട്ടിയെ ഭരണസമിതി സസ‌്പെൻഡ്‌ ചെയ‌്തു.  അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന‌് ജോയിന്റ‌് രജിസ‌്ട്രാറുടെ ഉത്തരവിനെ തുടർന്നാണ‌് ഭരണസമിതിയുടെ നടപടി. രജിസ‌്ട്രാറുടെ ഉത്തരവിനെതിരെ ഭരണസമിതിയും സെക്രട്ടറിയും ഹൈക്കൊടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ‌് നേടാനായിരുന്നില്ല.
ബാങ്കിനെതിരെ  ഉയർന്ന പരാതികളെ അടിസ്ഥാനമാക്കി വൈത്തിരി അസിസ‌്റ്റന്റ‌് രജിസ‌്ട്രാർ (ജനറൽ) നടത്തിയ അന്വേഷണത്തിൽ സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും  ബാങ്കിൽ  വൻ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ   കേരള സഹകരണ നിയമം വകുപ്പ‌് 65 പ്രകാരം  നടത്തിയ അന്വേഷണത്തിലാണ‌്  നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന അഴിമതിയുടെ കഥകൾ പുറത്തായത‌്. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ഒരുമിച്ച‌് നിന്ന‌് പൊതുജനങ്ങളുടെ പണം അപഹരിക്കുന്നതായും റിപ്പോർട്ട‌് ചൂണ്ടിക്കാട്ടി.
കുടിശ്ശികയായ വായ‌്പകളിലെ പണയ സ്വർണം യഥാസമയം ലേലം ചെയ്യാതെ ബാങ്കിന‌് നഷ്ടം വരുത്തിവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 47,85,792 രൂപയാണ‌് ഇത്തരത്തിൽ നഷ്ടം.   സ്വർണ പണ്ടങ്ങൾ ലേല വിൽപ്പന നടത്തിയതിൽ വിൽപ്പന നികുതി വെട്ടിപ്പും നടത്തി. സഹകരണ സംഘം രജിസ‌്ട്രാറുടെ നിർദേശങ്ങൾക്ക‌് വിരുദ്ധമായാണ‌് സ്വർണപണയ പണ്ടങ്ങൾ ലേലം ചെയ‌്‌ത‌് വിറ്റത‌്.  ലേലം കൊണ്ടവരിൽ നിന്നും ഈടാക്കി സർക്കാരിലേക്ക‌് അടക്കേണ്ടിയിരുന്ന 5,92,084 രൂപയുടെ വിൽപ്പന നികുതി  അടപ്പിക്കാതെ സ്വകാര്യ വ്യക്തികൾക്ക‌് അനർഹമായസാമ്പത്തിക നേട്ടമുണ്ടാക്കി നൽകി. ഇത‌് ബാങ്കിനും സർക്കാരിനെയും കബളിപ്പിക്കലാണ‌്. ലേലം കൊണ്ടവരിൽ നിന്നും നികുതി അടപ്പിക്കുന്നതിന‌് പകരം ബാങ്കിന്റെ പൊതുഫണ്ടിൽനിന്നും 1,20,098 രൂപ അടക്കുകയാണ‌് ഒടുവിൽ ചെയ‌്തത‌്. ഇതും ബാങ്കിന‌് ബാധ്യതയായി.
അന്വേഷണത്തിൽ മതിയായ മൂല്യമില്ലാത്ത ഭൂമി ഈടായി സ്വീകരിച്ച‌് സെക്രട്ടറി ഭാര്യ എം ഹസീനയുടെ പേരിൽ 15,00,000 രൂപ വായ‌്പ നൽകിയതായും കണ്ടെത്തി.  പടിഞ്ഞാറത്തറ  വില്ലേജിലെ 95/4, 104/1 എന്നീ സർവേ നമ്പറുകളിൽപ്പെട്ട 50 സെന്റ‌് സ്ഥലം ഇടുവെച്ച‌് 15 ലക്ഷം രൂപയാണ‌് വായ‌്പ നൽകിയത‌്. സർക്കാരിന്റെ ന്യായവില രജിസ‌്ട്രർ പ്രകാരം 50 സെന്റിന‌് മൂന്ന‌് ലക്ഷം രൂപയാണ‌് വില. ഇവിടെയാണ‌് 15 ലക്ഷം നൽകിയത‌്.  ബാങ്കിലെ മറ്റൊരു അംഗമായ പുത്തങ്ങൽ ഷാജഹാൻ  വാ‌യ‌്പയെടുക്കാൻ ഈട‌് വെച്ച ഭൂമിയുടെ മേൽ ചമച്ച നിയമസാധുതയില്ലാത്തതും രജിസ‌്റ്റർ ചെയ്യാത്തതുമായ പാട്ടക്കരാറിന്റെ മറവിൽ കൂടിയാണ‌് തുക നൽകൽ.   ഇതേ സ്ഥലത്തിന്റെ പാട്ടകരാർ തന്നെയാണ‌് സെക്രട്ടറിയുടെ മകൻ സഞ‌്ജീദിന്റെ പേരിൽ അനുവദിച്ച വായ‌്പയുടെ ഈടായും സമർപ്പിച്ചത‌്.   ക്രയസർട്ടിഫിക്കറ്റ‌് ഇല്ലാത്ത 171 സെന്റ‌് തരിശ‌് ഭൂമിയുടെ മേൽ മുക്ത്യാർ ചമച്ച‌്  വായ‌്പ നൽകി. വായ‌്പ അപേക്ഷയിൽ ഈട‌് വസ‌്തു കൃത്യമായി പറഞ്ഞിരുന്നില്ല.
ജീവനക്കാർക്ക‌് അധികമായ ശമ്പളമാണ‌് നൽകിവന്നിരുന്നത‌്. ഇതാകട്ടെ അംഗങ്ങളുടെ നിക്ഷേപത്തിൽ നിന്നുമാണ‌്.  രണ്ട‌് കളക്ഷൻ ഏജന്റുമാർക്ക‌് ചട്ടവിരുദ്ധമായി ദിവസക്കൂലിയും കമീഷനും നൽകി. ഇരട്ട വേതനം ബാങ്കിന‌് ബാധ്യതയാണ‌്. സെക്രട്ടറിക്ക‌് പുറമെ ബാങ്കിലെ ഡയറക്ടർമാരും ക്രമവിരുദ്ധമായി വായ‌്പകൾ അനുവദിച്ച‌് പണം ദുർവിനിയോഗം  ചെയ‌്തതായും കണ്ടെത്തിയിരുന്നു. 2012 മുതൽ 2017വരെ ബാങ്കിൻെറ  പ്രസിഡന്റായിരുന്ന അമ്മദ‌് കട്ടയാടൻ ബാങ്കിലുണ്ടായിരുന്ന വായ‌്പ അടച്ചിരുന്നില്ല.  ഇതിൽ 11712 രൂപുയടെ ഇളവ‌് നൽ:ിയതായി കണ്ടെത്തി.  നവരത‌്നം കേരളീയം കുടിശ്ശിക നിവാരണം എന്ന സർക്കാർ സ‌്കീം പ്രകാരമാണ‌് ഇള‌വ‌് നൽകിയതെന്നാണ‌് ഭരണസമിയെുടെ വാദം. എന്നാൽ പദ്ധതിയുടെ കലാവധി ഇല്ലാത്ത കാലത്താണ‌് ഇളവ‌് നൽകിയതും വകുപ്പിനെയും  ഓഡിറ്ററെയും കബളിപ്പിക്കുകയുമായിരുന്നു ഭരണസമിതി. അംഗങ്ങൾക്ക‌് മാതൃകയാവണ്ടേവർതന്നെ ബാങ്കിനെ വഞ്ചിക്കുന്ന നിലപാടാണ‌് ഉണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബാങ്കിന‌് മുകളിൽ ഓഡിറ്റോറിയം നിർമിച്ചതിലും പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതിലും വ്യക്തമായ അഴിമതിയും കെണ്ടത്തി.
 ഇത്തരത്തിൽ വ്യാപകമായ ക്രമക്കേട‌് നടത്തിയതിന്റെ ഭാഗമാണ‌് സെക്രട്ടറിയെ സസ‌്പെന്റ‌് ചെയ്യാൻ ജോയിന്റ‌് രജിസ‌്ട്രാർ ഉത്തരവിട്ടത‌്. ഇതിനെതിരെ  ഭരണസിമിതിയും സെക്രട്ടറിയും ഹൈക്കൊടതിയെ സമീപിച്ചു. സെക്രട്ടറിക്കെതിരായ നടപടികൾ തുടരാനാണ‌് കോടതി നിർദേശിച്ചത‌്.  എന്നാൽ തങ്ങൾക്ക‌് സ‌്റ്റേ ലഭിച്ചതായി കള്ള പ്രചാരണം നടത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല.   ഇതേ തുടർന്നാണ‌് സസ‌്പെന്റ‌് ചെയ്യാൻ  ഭരണസമിതി നിർബന്ധിതമായത‌് . അഴിമതി നടന്ന കാലത്തുണ്ടായിരുന്ന മൂന്ന‌് ഭരണസമിതി അംഗങ്ങൾ നിലവിലുള്ള ഭരണ സമിതിയിലുണ്ട‌്. ഇവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top