22 September Sunday

ആറ‌് മഴമാപിനികൾകൂടി സ്ഥാപിക്കും വർഷക്കാല ദുരിതം നേരിടാൻ മുന്നൊരുക്കങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 

കൽപ്പറ്റ
പെയ്തിറങ്ങുന്ന മഴയുടെ തോത് കണക്കാക്കി മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച ആറു മഴമാപിനികൾ വയനാട്ടിൽ സ്ഥാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് കലക്ടർ എ ആർ അജയകുമാർ അറിയിച്ചു. 
പടിഞ്ഞാറത്തറ ബാണാസുരസാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ടെണ്ണമടക്കം കെഎസ്ഇബിയുടെ അധികാര പരിധിയിൽ എട്ട് മഴമാപിനികളുണ്ട്. പുതുതായി അനുവദിച്ചതിൽ രണ്ടെണ്ണം കൂടി ബാണാസുരസാഗറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ സ്ഥാപിക്കും. രണ്ടു മഴമാപിനികൾ കാരാപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും ശേഷിക്കുന്നവ മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലുമായിരിക്കും സ്ഥാപിക്കുക. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലേതടക്കം നിലവിലുള്ള മഴമാപിനികളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ കലക്ടർ നിർദേശം നൽകി. ഡാമുകൾ തുറന്നുവിടുന്നതിനു മുമ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകും. 
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഫയർഫോഴ്‌സ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ പ്രതിനിധികൾ ഇതിൽ അംഗമായിരിക്കും. 
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയോഗിക്കും. മൂന്നു താലൂക്കുകളിലും അഗ്നിശമന സേനയുടെയും പൊലീസിന്റെയും ടവർ ലൈറ്റ് സംവിധാനം ഉറപ്പുവരുത്തും. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കേണ്ട ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കാണ്. സ്വകാര്യ ഭൂമിയിലേതടക്കം അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റും. ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റാൻ കഴിയുന്ന കെട്ടിടങ്ങൾ നേരത്തേ തന്നെ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തും.
 ഉപയോഗശൂന്യമായ പാറമടകൾക്കു ചുറ്റും സംരക്ഷണ വേലി നിർമിക്കണമെന്നും വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഡ്രെയിനേജുകൾ അടിയന്തരമായി വൃത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  കലക്ടർ നിർദേശം നൽകി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.  
 
പ്രധാന വാർത്തകൾ
 Top