02 June Tuesday

ഇളവ്‌ ഉണ്ടാകില്ല നിരോധനാജ്ഞ ഇന്ന്‌ മുതൽ കർശനം

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020

 

 
കൽപ്പറ്റ
കോവിഡ്‌ പ്രതിരോധത്തിന്‌ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ബുധനാഴ്‌ച്ച മുതൽ കൂടുതൽ കർശനമാക്കുമെന്ന്‌ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചൊവ്വാഴ്‌ച്ച ആദ്യദിനമായിരുന്നതിനാൽ ചിലവിട്ടുവീഴ്‌ച്ചകൾ നൽകി. തുടർദിവസങ്ങളിൽ ഇതുണ്ടാവില്ല.  നിയമം കർശനമായി നടപ്പാക്കും. അഞ്ചിൽകൂടുതൽ ആളുകൾ ഒത്തുകൂടിയാൽ കേസ്‌ എടുക്കും. മറ്റുനിയന്ത്രണങ്ങൾ തുടരും. നിരോധനാജ്ഞയുമായി ആദ്യദിനം എല്ലാവരും സഹകരിച്ചു. പെട്ടെന്ന്‌ ആളുകൾക്ക്‌ മാറാൻ കഴിയില്ല. അതുകൊണ്ടാണ്‌ ആദ്യദിനം ഇളവുകൾ നൽകിയത്‌.
തിങ്കളാഴ്‌ച്ച രാത്രിയാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.  ചൊവ്വാഴ്‌ച്ച നിരോധനാജ്ഞയിലേക്കാണ്‌ ആളുകൾ ഉണർന്നെഴുനേറ്റത്‌. ലോക്ക്‌ ഡൗണിനൊപ്പം നിരോധനാജ്ഞകൂടി പ്രഖ്യാപിച്ച്‌ ജില്ല രോഗത്തിനെതിരെ കടുത്ത പ്രതിരോധം തീർക്കുകയാണ്‌. 
പെട്രോൾ പമ്പ്‌ അഞ്ചുവരെ
പെട്രോൾ പമ്പുകൾ രാവിലെ ഏഴുമുതൽ അഞ്ചുവരെ പ്രവർത്തിക്കും. അത്യാവശ്യം ഇന്ധനമാണ്‌ നൽകുക. കൂടുതൽ എണ്ണ നൽകില്ല. സർക്കാർ ആവശ്യങ്ങൾക്കായിരിക്കും മുൻഗണന.
പാചകവാതകം സ്‌റ്റോക്കുണ്ട്‌; 
വെപ്രാളം വേണ്ട
ജില്ലയിൽ ആവശ്യത്തിന്‌ പാചകവാതകം സ്‌റ്റോക്കുണ്ട്‌. രണ്ടാഴ്‌ചത്തേക്ക്‌ ക്ഷാമം ഉണ്ടാകില്ല. വെപ്രാളം വേണ്ട. ഉപഭോക്താക്കൾ തിരക്കിട്ട്‌ പാചകവാതകം ബുക്ക്‌ ചെയ്യേണ്ടതില്ല.
ക്ഷാമമുണ്ടെങ്കിൽ ഭക്ഷണം  എത്തിക്കും
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ ഭക്ഷ്യപ്രതിസന്ധിയുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. പഞ്ചായത്ത്‌ സെക്രട്ടറി നൽകുന്ന ലിസ്‌റ്റിന്റെ  അടിസ്ഥാനത്തിൽ ഭക്ഷ്യവസ്‌തുക്കൾ വീടുകളിൽ എത്തിക്കും.  
റേഷൻ പുറത്തുനിന്നും
റേഷൻ കടകളുടെ ഉള്ളിൽ കയറി സാധനങ്ങൾ തൂക്കി വാങ്ങരുത്‌. ജീവനക്കാർ തൂക്കി പുറത്തുനിന്നും നൽകണം
കടകളിൽ സാധനങ്ങൾക്ക്‌  അമിതവില ഈടാക്കുന്നതായി പരാധിയുണ്ടെങ്കിൽ ആളുകൾ നിയമം കൈയ്യിലെടുക്കരുത്‌. ബന്ധപ്പെട്ടവരെ അറിയിക്കണം.
മരുന്ന്‌ വാങ്ങാൻ വാഹന സൗകര്യം
പൊതുഗതാഗതം ഇല്ലാത്തതിനാൽ ആത്യാവശ്യ മരുന്ന്‌ വാങ്ങാൻ  കഴിയാത്തവരുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ വാഹന സൗകര്യം ഒരുക്കണം. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക്‌ ആശുപത്രികളിൽ എത്തുന്നതിനും വിലക്കുണ്ടാവില്ല.  ഇവർക്കും വാഹന സൗകര്യം ഒരുക്കും. 
ചെക്‌പോസ്‌റ്റുകളിൽ എത്തുന്നവർ നിരീക്ഷണകേന്ദ്രത്തിൽ  
കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽനിന്നും അതിർത്തി ചെക്‌ പോസ്‌റ്റുകളിൽ എത്തുന്നവരെ അവരവരുടെ ജില്ലകളിലെ നീരീക്ഷണകേന്ദ്രത്തിലേക്ക്‌ അയക്കും.   ചെക്ക്‌ പോസ്‌റ്റിൽനിന്നും ഇവരെ പൊലീസ്‌ കോൺവെയ്‌ അടിസ്ഥാനത്തിൽ അടുത്ത ജില്ലയിൽ എത്തിച്ച്‌ പൊലീസിന്‌ കൈമാറും. ഏകോപനത്തിന്‌ ഡെപ്യൂട്ടി കലക്ടർമാർക്ക്‌ ചുമതല നൽകി. ഇങ്ങനെ എത്തുന്നവരുടെ ലിസ്‌റ്റ്‌ ജില്ലാധികൃതർക്ക്‌ ശെകമാറും. 
നിരീക്ഷണത്തിൽ 1515:
പുതുതായി 59 പേർ കൂടി
കൽപ്പറ്റ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി   59പേർ കൂടി ജില്ലയിൽ നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  1515 ആയി.  നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെയാണിത്‌. 
 പരിശോധനക്ക്‌ അയച്ച 43 സാമ്പിളുകളിൽ 30 ഫലങ്ങൾ നെഗറ്റീവ് ആണ്. ചൊവ്വാഴ്‌ച്ച 10 സാമ്പിളുകൾകൂടി പരിശോധനക്കയച്ചു. ഇതടക്കം 13 ഫലങ്ങൾ ലഭിക്കാനുണ്ട്‌.
പ്രധാന വാർത്തകൾ
 Top