11 April Sunday

കാപ്പി സംഭരണം: ബ്രഹ്മഗിരി 
കാപ്പി പ്ലാന്റ്‌ വിപുലീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
കൽപ്പറ്റ  
സർക്കാർ ഉത്തരവ് പ്രകാരം 90 രൂപ തറവിലക്ക് കർഷകരിൽ നിന്നും ഗുണനിലവാരമുള്ള  കാപ്പിക്കുരുശേഖരിക്കുമെന്ന്  ബ്രഹ്മഗിരി കാപ്പി പദ്ധതി ചെയർമാൻ പി കെ സുരേഷ്‌ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാപ്പി സംസ്‌ക്കരിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കും. ‘വയനാട് കാപ്പി’ എന്ന ബ്രാൻഡിൽ കാപ്പിപ്പൊടി  കുടുംബശ്രീ വഴി വിറ്റഴിക്കും. സംസ്ഥാനത്താട്ടൊകെ 600 കാപ്പി വെൻഡിങ്‌  മെഷീനുകളും കിയോസ്‌ക്കുകളും  കുടുംബശ്രീ സ്ഥാപിക്കും. കുടുംബശ്രീക്ക്‌   കിലോയ്‌ക്ക്‌ ‌ 400 രൂപ നിരക്കിൽ കാപ്പിപ്പൊടി  ബ്രഹ്മഗിരി നൽകും.  പദ്ധതിക്കായി സംസ്ഥാന സർക്കാർ  കുടുംബശ്രീക്ക്‌ 20 കോടി അനുവദിച്ചിട്ടുണ്ട്‌.  കൺസ്യൂമർ ഫെഡ്‌, സപ്ലൈക്കോ സ്‌റ്റോറുകൾ വഴിയും വയനാട്‌ കോഫി ലഭ്യമാകും.  600 കാപ്പി വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായാൽ  അടുത്ത വർഷം 210 മെട്രിക്‌  ടൺ കാപ്പിപ്പൊടി ഉൽപ്പാദിപ്പിക്കാനാവും.  പ്രതിദിനം 500 കിലോ  കാപ്പിപ്പൊടി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണ്‌ നിലവിൽ ബ്രഹ്മഗിരി പ്ലാന്റിലുള്ളത്‌. 420 മെട്രിക്‌ ടൺ ഉണ്ടക്കാപ്പിയാണ്‌ ബ്രഹ്മഗിരി കർഷകരിൽ നിന്നും ശേഖരിക്കുക.  സംഭരണ  ശേഷി വർധിപ്പിക്കുന്ന തരത്തിൽ പ്ലാന്റ്‌   വിപുലീകരിക്കാൻ സർക്കാർ അഞ്ച്‌ കോടി അനുവദിച്ചിട്ടുണ്ട്‌. 10 ഹെക്ടറിൽ താഴെ കൃഷി ചെയ്യുന്ന കർഷകർക്കായിരിക്കും സംഭരണത്തിൽ മുൻഗണന. 
 2022 അവസാനത്തോടെ വയനാട്ടിൽ കോഫി പാർക്ക് യാഥാർഥ്യമാകുന്നതുവരെയാണ്‌ ബ്രഹ്മഗിരി  സൊസൈറ്റിക്ക്‌ സംഭരണ ചുമതല. 10 കോടി പരിധി നിശ്ചയിച്ച് ബ്രഹ്മഗിരിക്ക് കിലോയ്‌ക്ക്‌  12.50 രൂപ സർക്കാർ സബ്സിഡി നൽകും. കാപ്പിപ്പൊടിയുടെ ചില്ലറ വിൽപ്പന വിലയുടെ 20 ശതമാനമെങ്കിലും കർഷകർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 600 വനിതകൾക്ക് തൊഴിൽ  ലഭ്യമാകും.   
ബ്രഹ്മഗിരി കാപ്പി കർഷക ഫെഡറേഷന്റെ സഹായത്തോടെ കാപ്പി സംഭരണം ആരംഭിച്ചിട്ടുണ്ട്.  ബ്രഹ്മഗിരി  കാപ്പി പദ്ധതി മാനേജർ കെ ആർ ജുബുനു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ കെ മോഹൻദാസ്‌ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top