26 February Wednesday
മുറുക്കാൻ കടകൾക്ക‌് നോട്ടീസ‌് നൽകി

ബത്തേരിയിൽ തുപ്പരുത്‌; വലിയ വില നൽകേണ്ടി വരും

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ചെടികൾ നട്ടുപിടിപ്പിച്ച്‌ സുന്ദരമാക്കിയ ബത്തേരി ടൗൺ

ബത്തേരി
ബത്തേരി നഗരത്തിൽ  ആരും കാണാതെ തുപ്പാമെന്ന്‌ കരുതുന്നവർ ജാഗ്രതൈ. നിങ്ങളെ നീരീക്ഷിക്കാൻ നഗരസഭ സംവിധാനം ഏർപ്പെടുത്തും. തുപ്പിയെന്ന്‌  തെളിഞ്ഞാൽ അവർക്ക്‌ മുൻസിപ്പൽ ആക്ടനുസരിച്ച്‌ നോട്ടീസ്‌ നൽകും. 500 രുപ പിഴയടക്കണം. അടക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കോടതിയിലക്ക്‌ അയക്കും. 2500 രൂപ പിഴയൊടുക്കേണ്ടി വരും. അടുത്ത ആഴ്‌ച  മുതൽ പിഴ ഈടാക്കുമെന്ന്‌ ചെയർമാൻ    ടി എൽ  സാബു പറഞ്ഞു.   ഇനി മുറുക്കി തുപ്പുന്നവരെപ്പൊലെ മുറുക്കാൻ വിൽക്കുന്ന വ്യാപാരികൾക്കും  നഗസരസഭയുടെ കർശന നിർദേശങ്ങളുണ്ട്‌.  സ്‌പോട്ടിൽ ചില്ലറയായി മുറുക്കാൻ നൽകരുത്‌. മുറുക്കാൻ ഉത്‌പന്നങ്ങൾ  പൊതിഞ്ഞ്‌  മാത്രമേ നൽകാവൂ.   നഗരസഭയിലെ പൊതുഇടങ്ങളിൽ മുറുക്കിത്തുപ്പൽ നിരോധിച്ചിട്ടുള്ളതിനാൽ മുറുക്കാൻ ആവശ്യക്കാർക്ക‌് പൊതിയായി മാത്രം നൽകണമെന്നും കടയുടെ 50 മീറ്റർ പരിസരത്ത‌് മുറുക്കിത്തുപ്പിയത‌് ശ്രദ്ധയിൽപ്പെട്ടാൽ കടയുടമക്കെതിരെ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പ‌് നോട്ടീസിലുണ്ട‌്. നഗരസഭ ചെയർമാൻ   ടി എൽ സാബുവിന്റെ നേതൃത്വത്തിൽ ബോധവത്‌കരണം നടത്തുകയും ചെയ്‌തു.     ഹൈൽത്ത‌് ഇൻസ‌്പെക്ടർ പി എസ‌് സന്തോഷ‌്, ജെഎച്ച‌്ഐ പി എസ‌് സവിത എന്നിവരും ചെയർമാനോടൊപ്പമുണ്ടായിരുന്നു. .ബോധവൽക്കരണത്തിന്റെയും നിയമ നടപടികളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭ മുന്നറിയിപ്പ‌് ബോർഡുകൾ സ്ഥാപിക്കും. തുടർന്ന്‌ കുടുംബശ്രീ  പ്രവർത്തകർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, ലൈബ്രറികൾ എന്നിവയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തും.  തുപ്പാൻ കൂടുതൽ സാധ്യതയുള്ളിടങ്ങളിൽ നിരീക്ഷണം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.
പിഴയായി ഈടാക്കിയത് 1,30,187 രൂപ
ബത്തേരി
പൊതു സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയവരിൽ പിടിക്കപ്പെട്ടവരിൽനിന്നും നഗരസഭ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിഴ ഈടാക്കിയത് 1,30,187 രൂപ. ജനപ്രതിനിധികളും ജീവനക്കാരും രാത്രി ഉറക്കമൊഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് നഗരത്തിന് വെളിയിൽ നിന്നും മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചവരിൽ നിന്നടക്കം പിഴ ഈടാക്കിയത്.2018-–-19 വർഷം 95, 720 രൂപയും 2019-20 വർഷം ഇതുവരെ 34,467 രൂപയുമാണ് പിഴ ഈടാക്കിയത്.
പ്രധാന വാർത്തകൾ
 Top