29 February Saturday
മനുഷ്യശൃംഖലയ്‌ക്ക്‌ നാടൊരുങ്ങി

ഉയരും മഹാപ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന വിളംബര ജാഥ

കൽപ്പറ്റ
പൗരത്വനിയമ ഭേദഗതിക്കെതിരെ 26ന്‌ നടക്കുന്ന  മനുഷ്യ മഹാശൃംഖലക്ക്‌ ജില്ല ഒരുങ്ങി.  എൽഡിഎഫ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പ്രതിമ മുതൽ കൽപ്പറ്റവരെ 34 കിലോമീറ്ററാണ്‌  മാനവിക സ്‌നേഹത്തിനും  സാഹോദര്യത്തിനുമായി  നന്മമനസ്സുകൾ മഹാശൃംഖല ഒരുക്കുന്നത്‌. പൗരത്വത്തിന്റെ പേരിൽ  രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെതിരെയുളള പ്രതിരോധം കെട്ടിപെടുക്കുന്ന ശൃംഖലയിൽ കണ്ണിചേരാൻ മതേതരമനസ്സുകൾ തയ്യാറെടുത്തുകഴിഞ്ഞതായാണ്‌ ശൃംഖലയുടെ വിജയത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങളിൽ തെളിയുന്നത്‌.  നാൽപ്പതിനായിരത്തിലധികം പേർ കണ്ണികളാകുമെന്നാണ്‌ സംഘാടകൾ പ്രതീക്ഷിക്കുന്നത്‌.  ഗൃഹസന്ദർശനം, വാഹനജാഥകൾ, കുടുംബസംഗമങ്ങൾ, വിളംബരറാലികൾ, ട്രേഡ്‌യൂണിയൻ സംഗമങ്ങൾ, പോസ്‌റ്റർ പ്രചരണം എന്നിവയിലെല്ലാം ഉണ്ടായ ജനപങ്കാളിത്തത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഞായറാഴ്‌ച ശൃംഖലകോർക്കുക.  വിദ്യാർഥികൾ, യുവജനങ്ങൾ, സ്‌ത്രീകൾ, കുട്ടികൾ, ആദിവാസികൾ, തൊഴിലാളികൾ,   ജീവനക്കാർ, കർഷകർ, സാംസ്‌ക്കാരിക  പ്രവർത്തകർ എന്നിവരെല്ലാം മനുഷ്യ മഹാശൃംഖലയുടെ വിജയത്തിനായി പൂർണ സജ്ജമായി.  ജനങ്ങൾ സ്വമേധയാ പരിപാടിയുമായി സഹകരിക്കുന്നതിനുള്ള ആവേശത്തിലാണെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു.  മാനന്തവാടിയിൽ  മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയാവും.  കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ എംഎൽഎ അവസാന കണ്ണിയാവും. മാനന്തവാടിയിൽ ഒ ആർ കേളു എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൽഡിഎഫ്‌ കൺവീനർ കെ വി മോഹനൻ തുടങ്ങിയവരും പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top